നടി സൗകാര് ജാനകി അന്തരിച്ചു; വിടവാങ്ങിയത് ഒരുകാലത്ത് ദക്ഷിണേന്ത്യന് ഭാഷയിലെ മിന്നും താരം
Chennai, 21 ഓഗസ്റ്റ് (H.S.) മുതിര്‍ന്ന നടി സൗക്കാര്‍ ജാനകി അന്തരിച്ചു. 94 വയസായിരുന്നു. നടികര്‍ സംഘം പ്രസിഡന്റും നടനുമായ നാസറാണ് പ്രസ്താവനയിലൂടെ ഇക്കാര്യം അറിയിച്ചത്. ഉച്ചയ്ക്ക് 1.59-ഓടെയാണ് സൗക്കാര്‍ ജാനകി അന്തരിച്ചത്. നടിയുടെ ഭൗതികശരീരം തേനാംപേട
janaki


Chennai, 21 ഓഗസ്റ്റ് (H.S.)

മുതിര്‍ന്ന നടി സൗക്കാര്‍ ജാനകി അന്തരിച്ചു. 94 വയസായിരുന്നു. നടികര്‍ സംഘം പ്രസിഡന്റും നടനുമായ നാസറാണ് പ്രസ്താവനയിലൂടെ ഇക്കാര്യം അറിയിച്ചത്. ഉച്ചയ്ക്ക് 1.59-ഓടെയാണ് സൗക്കാര്‍ ജാനകി അന്തരിച്ചത്. നടിയുടെ ഭൗതികശരീരം തേനാംപേട്ടിലെ സെന്റാഫ് റോഡില്‍ പൊതുദര്‍ശനത്തിന് വച്ചിരിക്കുകയാണ്.

പതിറ്റാണ്ടുകള്‍ നീണ്ട അഭിനയജീവിതമായിരുന്നു സൗകാര്‍ ജാനകിയുടേത്. തമിഴ്, തെലുങ്ക്, കന്നഡ, മലയാളം സിനിമകളില്‍ അഭിനയിച്ച അവര്‍ വൈവിധ്യമാര്‍ന്ന വേഷങ്ങളിലൂടെയാണ് അറിയപ്പെട്ടിരുന്നത്. 1955-ല്‍ പുറത്തിറങ്ങിയ 'സൗകാര്‍' എന്ന തെലുങ്ക് ചിത്രത്തിലെ ശ്രദ്ധേയമായ വേഷത്തിന് ശേഷമാണ് അവര്‍ക്ക് 'സൗകാര്‍ ജാനകി' എന്ന പേര് ലഭിച്ചത്. തുടര്‍ന്ന് നിരവധി പ്രശംസ നേടിയ ചിത്രങ്ങളില്‍ അഭിനയിച്ച അവര്‍ ഇന്ത്യന്‍ സിനിമയിലെ പ്രമുഖരായ പല താരങ്ങള്‍ക്കൊപ്പവും പ്രവര്‍ത്തിച്ചിട്ടുണ്ട്.

ആന്ധ്രാപ്രദേശിലെ രാജമഹേന്ദ്രവരത്ത് കന്നഡ സംസാരിക്കുന്ന കുടുംബത്തിലായിരുന്നു ജനനം. ശങ്കരമഞ്ചി ജാനകി എന്നാണ് യഥാര്‍ത്ഥ പേര്. വളരെ ചെറുപ്പത്തില്‍ തന്നെ കുടുംബം ജാനകിയുടെ വിവാഹം നടത്തിയിരുന്നു. ആകാശവാണി മദ്രാസില്‍ (ഓള്‍ ഇന്ത്യ റേഡിയോ) ആര്‍ജെ ആയി അവര്‍ ജോലി ചെയ്തിരുന്നു. 1947-ല്‍ ശങ്കരമഞ്ചി ശ്രീനിവാസ റാവുവിനെ വിവാഹം കഴിച്ചു. ഗര്‍ഭിണിയായിരിക്കുമ്പോഴാണ് അവര്‍ മെട്രിക്കുലേഷന്‍ പരീക്ഷയെഴുതിയത്. പിന്നീട് അസമിലെ ഗുവാഹാട്ടി സര്‍വകലാശാലയില്‍ നിന്ന് ബിരുദം നേടി. യജ്ഞ പ്രഭ കോടി, വെങ്കടരമണ ശങ്കരമഞ്ചി, സച്ചി റാവു എന്നിങ്ങനെ രണ്ട് പെണ്‍മക്കളും ഒരു മകനുമാണുള്ളത്.

എല്‍.വി പ്രസാദ് സംവിധാനം ചെയ്ത 'സൗകാര്‍' എന്ന തെലുങ്ക് ചിത്രത്തിലൂടെ 1950-ല്‍ ജാനകി സിനിമയില്‍ അരങ്ങേറ്റം കുറിച്ചു. ടി.ആര്‍. സുന്ദരം സംവിധാനം ചെയ്ത 1952-ലെ 'വളയപതി' എന്ന ചിത്രത്തിലൂടെയാണ് അവര്‍ തമിഴില്‍ അരങ്ങേറ്റം കുറിച്ചു. 1959-ല്‍ കന്നഡ സിനിമയിലെ ആദ്യ പാന്‍-ഇന്ത്യന്‍ ചിത്രമായ 'മഹിഷാസുര മര്‍ദ്ദിനി'യില്‍ ഡോ. രാജ്കുമാറിനൊപ്പം അവര്‍ അഭിനയിച്ചു. 1954-ല്‍ പുറത്തിറങ്ങിയ 'ദേവകന്നിക'യാണ് കന്നഡയിലെ അവരുടെ ആദ്യ ചിത്രം. 1964-ല്‍ പുറത്തിറങ്ങിയ 'സ്‌കൂള്‍ മാസ്റ്റര്‍' എന്ന ചിത്രത്തിലൂടെയാണ് അവര്‍ മലയാളത്തില്‍ അരങ്ങേറ്റം കുറിക്കുന്നത്. മലയാളത്തില്‍ സൂര്യമാനസം എന്ന ചിത്രത്തില്‍ മമ്മൂട്ടി അവതരിപ്പിച്ച പുട്ടുറുമീസ് എന്ന കഥാപാത്രത്തിന്റെ അമ്മയായി എത്തിയത് സൗകാര്‍ ജാനകിയായിരുന്നു. പപ്പു എന്ന ചിത്രത്തിലും അവര്‍ ശ്രദ്ധേയമായ വേഷത്തിലെത്തി.

ഇളയ സഹോദരി കൃഷ്ണകുമാരിയും കൊച്ചുമകള്‍ വൈഷ്ണവി അരവിന്ദും അവരുടെ പാത പിന്തുടര്‍ന്ന് അഭിനയരംഗത്ത് എത്തി. സിനിമാ രംഗത്ത് നീണ്ട കരിയറിന് ശേഷം, 1991-ല്‍ തമിഴില്‍ ദൂര്‍ദര്‍ശന്‍ സംപ്രേക്ഷണം ചെയ്ത 'ഊരറിന്ത രഹസ്യം' എന്ന പരമ്പരയിലൂടെ ജാനകി ടെലിവിഷന്‍ രംഗത്തേക്ക് പ്രവേശിച്ചു. സീ തെലുങ്കില്‍ 2013-ല്‍ സംപ്രേക്ഷണം ചെയ്ത 'വറുധിനി പരിണയം' എന്ന തെലുങ്ക് സീരിയലിലും അഭിനയിച്ചു.

നന്ദിനി റെഡ്ഡി സംവിധാനം ചെയ്ത 2023-ലെ തെലുങ്ക് ചിത്രമായ 'അന്നി മഞ്ചി ശകുനമുലേ', ആര്‍ കണ്ണന്‍ സംവിധാനം ചെയ്ത 2020-ലെ തമിഴ് പാരഡി ചിത്രമായ 'ബിസ്‌കോത്ത്' എന്നിവയാണ് അവര്‍ അവസാനമായി അഭിനയിച്ച ചിത്രങ്ങള്‍. സിനിമയിലെ സമഗ്ര സംഭാവനകളെ മുന്‍നിര്‍ത്തി 2022-ല്‍ പത്മശ്രീ നല്‍കി രാജ്യം അവരെ ആദരിച്ചു.

---------------

Hindusthan Samachar / Sreejith S


Latest News