Enter your Email Address to subscribe to our newsletters

Siliguri, 21 ഓഗസ്റ്റ് (H.S.)
സിലിഗുരി: രാജ്യത്തെ നീതിന്യായ വ്യവസ്ഥയെ സാങ്കേതികവിദ്യ (Technology), സുതാര്യത (Transparency), സമയപരിധി (Timeline) എന്നീ ‘3-T’ ഫോർമുലകളിലൂടെ സമഗ്രമായി പരിഷ്കരിക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. പശ്ചിമ ബംഗാളിലെ സിലിഗുരിയിൽ മൂന്ന് പുതിയ ക്രിമിനൽ നിയമങ്ങളെക്കുറിച്ചുള്ള പ്രദർശനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പരിപാടിയിൽ പശ്ചിമ ബംഗാൾ മുൻ മുഖ്യമന്ത്രി മമത ബാനർജിക്കെതിരെയും തൃണമൂൽ കോൺഗ്രസിനെതിരെയും ആഭ്യന്തര മന്ത്രി കടുത്ത രാഷ്ട്രീയ വിമർശനങ്ങൾ ഉന്നയിച്ചു.
വർഷങ്ങളോളം കേസുകൾ നീണ്ടുപോകുന്ന പഴയ രീതിക്ക് പുതിയ ക്രിമിനൽ നിയമങ്ങളിലൂടെ അറുതിവരുത്തുമെന്ന് അമിത് ഷാ ചൂണ്ടിക്കാട്ടി. സിഖ് വിരുദ്ധ കലാപക്കേസിൽ മൂന്ന് പതിറ്റാണ്ടുകൾ കഴിഞ്ഞിട്ടും പൂർണ്ണ നീതി ലഭിച്ചില്ലെന്നും, ഭോപ്പാൽ ദുരന്തക്കേസിൽ 26 വർഷവും നാനൂർ കൂട്ടക്കൊലക്കേസിൽ 10 വർഷവും അജ്മീർ കൂട്ടബലാത്സംഗക്കേസിൽ 32 വർഷവുമാണ് കോടതി നടപടികൾ നീണ്ടുപോയതെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. എന്നാൽ ഭാരതീയ ന്യായ സംഹിത (BNS), ഭാരതീയ നാഗരിക് സുരക്ഷാ സംഹിത (BNSS), ഭാരതീയ സാക്ഷ്യ അധിനിയമം (BSA) എന്നീ പുതിയ നിയമങ്ങൾ വഴി കേസുകളുടെ നടപടികൾ വേഗത്തിലാക്കാനും എവിടെനിന്നും ‘സീറോ എഫ്ഐആർ’ രജിസ്റ്റർ ചെയ്യാനും സാധിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.
മമത ബാനർജിക്കെതിരെ രൂക്ഷമായ ആക്രമണം
പശ്ചിമ ബംഗാളിൽ ക്രമസമാധാനം തകർന്നുവെന്നും സംസ്ഥാനത്തെ സിൻഡിക്കേറ്റ്, കട്ട്-മണി, ഭയത്തിന്റെ അന്തരീക്ഷം എന്നിവ സംരക്ഷിക്കാനാണ് മമത ബാനർജി പുതിയ ക്രിമിനൽ നിയമങ്ങൾ വിജ്ഞാപനം ചെയ്യാതിരുന്നതെന്നും അമിത് ഷാ ആരോപിച്ചു. രാജ്യം മുഴുവൻ പുതിയ നിയമങ്ങൾ നടപ്പിലാക്കാൻ തുടങ്ങിയപ്പോഴും മമത സർക്കാർ ഇതിന് തടസ്സം നിൽക്കുകയായിരുന്നുവെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
ഒരു കാലത്ത് രവീന്ദ്ര സംഗീതം അലയടിച്ചിരുന്ന ബംഗാൾ പിന്നീട് ബോംബ് സ്ഫോടനങ്ങളുടെയും ഭയത്തിന്റെയും നാടായി മാറിയെന്ന് ആഭ്യന്തര മന്ത്രി പറഞ്ഞു. ആർ.ജി കർ മെഡിക്കൽ കോളേജിലെ ക്രൂരത, സന്ദേശ്ഖാലിയിലെ അതിക്രമങ്ങൾ, ദുർഗാപൂർ മെഡിക്കൽ കോളേജ് സംഭവം, സൗത്ത് കൽക്കട്ട ലോ കോളേജിലെ പ്രശ്നങ്ങൾ തുടങ്ങി നിരവധി സംഭവങ്ങളിൽ സംസ്ഥാന സർക്കാർ കുറ്റവാളികൾക്കെതിരെ കൃത്യമായ നടപടി സ്വീകരിച്ചില്ലെന്നും അദ്ദേഹം വിമർശിച്ചു.
ഭയത്തിന്റെ ഭരണത്തിന് പകരം വിശ്വാസത്തിന്റെ ഭരണം നൽകുമെന്ന ഉറപ്പാണ് ജനങ്ങൾക്ക് നൽകിയിട്ടുള്ളതെന്നും, സംസ്ഥാനത്ത് നിയമവാഴ്ച പൂർണ്ണമായും പുനഃസ്ഥാപിക്കുമെന്നും അമിത് ഷാ വ്യക്തമാക്കി. കൂടാതെ അതിർത്തി വഴിയുള്ള നുഴഞ്ഞുകയറ്റം തടയാൻ ‘കണ്ടെത്തുക, ഒഴിവാക്കുക, നാടുകടത്തുക’ (detect-delete-deport) എന്ന നയം ശക്തമായി നടപ്പാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പുതിയ ക്രിമിനൽ നിയമ വ്യവസ്ഥയെക്കുറിച്ച് പൊതുജനങ്ങളിൽ അവബോധം സൃഷ്ടിക്കുന്നതിനായി സംഘടിപ്പിച്ച ഈ പ്രദർശനം ആഗസ്റ്റ് 26 വരെ തുടരും.
---------------
Hindusthan Samachar / Roshith K