Enter your Email Address to subscribe to our newsletters

Kannur, 21 ഓഗസ്റ്റ് (H.S.)
ആഭ്യന്തരമന്ത്രിയും പൊലീസിനേയും വെല്ലുവിളിച്ച കേസില്‍ അര്‍ജുന്‍ ആയങ്കിക്കെതിരെ കാപ്പ ചുമത്തി. അഴീക്കോട് നുച്ചിത്തോട് ആയങ്കി ഹൗസില്‍ അര്‍ജ്ജുന്‍ ആയങ്കിക്കെതിരേയാണ് കാപ്പ ചുമത്തിയത്. ഇതുസംബന്ധിച്ച ഉത്തരവ് പുറത്തിറങ്ങി. . ഇതുമായി ബന്ധപ്പെട്ട് കണ്ണൂര്‍ സിറ്റി പൊലിസ് കമ്മീഷണര്‍ സമര്‍പ്പിച്ച ശുപാര്‍ശ ജില്ലാ കലക്ടര്‍ പി വിഷ്ണുരാജ് അംഗീകരിച്ചു.
കഴിഞ്ഞ ഏഴ് വര്‍ഷത്തിനുള്ളില്‍ ഒമ്പത് ക്രമിനില്‍ കേസുകളില്‍ പ്രതിയായ ഇയാള്‍ സമൂഹത്തിന് ഭീഷണിയാണെന്നും നിലവില്‍ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ കഴിയുന്ന പ്രതി ജാമ്യം ലഭിച്ചാല്‍ തുടര്‍ന്നും കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുമെന്ന് ബോധ്യപ്പെട്ട സാഹചര്യത്തില്‍ അത് തടയുകയെന്ന ലക്ഷ്യത്തോടെയാണ് കേരള സാമൂഹ്യ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ (തടയല്‍) നിയമം അനുസരിച്ച് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ കരുതല്‍ തടങ്കലില്‍ പാര്‍പ്പിക്കാന്‍ ഉത്തരവിട്ടിരിക്കുന്നത്.
ഉത്തരവ് ഉടന്‍ നടപ്പില്‍ വരുത്തി ഇയാളെ അറസ്റ്റ് ചെയ്ത് കണ്ണൂര്‍ സെന്‍ട്രല്‍ ജയില്‍ സൂപ്രണ്ട് മുമ്പാകെ ഹാജരാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കാന്‍ സിറ്റി പൊലിസ് കമ്മീഷണര്‍ക്ക് ജില്ലാ കലക്ടര്‍ നിര്‍ദ്ദേശം നല്‍കുകയും ചെയ്തു. സര്‍ക്കാരിനെ വെല്ലുവിളിച്ച,വര്‍ഷങ്ങളായി പൊലീസിന്റെ ഉറക്കം കെടുത്തുന്ന സ്ഥിരം കുറ്റവാളിയായ അര്‍ജുനെതിരെ അതീവ ഗുരുതരമായ വകുപ്പുകള്‍ ചുമത്തി കണ്ണൂര്‍ പൊലീസ് നിയമനടപടികള്‍ ശക്തമാക്കുകയാണ്.
രണ്ട് വധശ്രമക്കേസുകള്‍, മാരകായുധങ്ങള്‍ ഉപയോഗിച്ച് അക്രമിക്കല്‍, തട്ടിക്കൊണ്ടുപോകല്‍ തുടങ്ങി ഭീകരമായ കുറ്റകൃത്യങ്ങളാണ് ഇയാള്‍ക്കെതിരെ നിലവില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. 2014 മുതല്‍ കണ്ണൂരിലും പരിസര പ്രദേശങ്ങളിലും നിരന്തരമായി അക്രമസംഭവങ്ങളില്‍ ഏര്‍പ്പെടുന്ന വ്യക്തിയാണ് അര്‍ജുന്‍ എന്ന് പൊലീസ് വ്യക്തമാക്കുന്നു. ഇയാളുടെ താവളമായിരുന്ന വളപട്ടണം പൊലീസ് സ്റ്റേഷനില്‍ മാത്രം 12 ഓളം കേസുകള്‍ നിലവിലുണ്ട്. ആകെ 23 കേസുകള്‍. പുതിയ അക്രമസംഭവങ്ങളുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്ത കേസുകള്‍ കൂടി ചേര്‍ത്തതോടെ ഇയാള്‍ പ്രതിയായ ആകെ കേസുകളുടെ എണ്ണം 23 ആയി ഉയര്‍ന്നു.
കേരളത്തില്‍ ക്രമസമാധാന പാലനത്തിനും ഗുണ്ടാക്രമണങ്ങള്‍ തടയുന്നതിനുമായി പൊലീസ് പ്രയോഗിക്കുന്ന ഏറ്റവും ശക്തമായ ആയുധമാണ് 'കാപ്പ' (KAAPA). സ്ഥിരം കുറ്റവാളികളെയും ക്രിമിനല്‍ സംഘങ്ങളെയും നിയമത്തിന് മുന്നില്‍ തളച്ചിടാന്‍ ഉപയോഗിക്കുന്നതാണ് ഈ നിയമം. 'കേരള പ്രിവന്‍ഷന്‍ ഓഫ് ആന്റി-സോഷ്യല്‍ ആക്ടിവിറ്റീസ് ആക്ട്' (Kerala Anti-Social Activities Prevention Act) എന്നതിന്റെ ചുരുക്കരൂപമാണ് കാപ്പ.
---------------
Hindusthan Samachar / Sreejith S