Enter your Email Address to subscribe to our newsletters

Thrishur , 21 ഓഗസ്റ്റ് (H.S.)
തൃശ്ശൂർ: ഡിവൈഎഫ്ഐ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി വേദിയിൽ അവതരിപ്പിച്ച ‘മിസ’ (MISA) എന്ന തെരുവ് നാടകത്തിനെതിരെ നടക്കുന്ന വ്യാജപ്രചാരണങ്ങൾക്കും സൈബർ ആക്രമണങ്ങൾക്കുമെതിരെ ശക്തമായ പ്രതികരണവുമായി തിയേറ്റർ ആർട്ടിസ്റ്റ് ചിന്നൂസ് ചിലങ്ക രംഗത്ത്. നാടകത്തിന്റെ പൂർണ്ണമായ ഉള്ളടക്കവും സന്ദേശവും മറച്ചുവെച്ച്, ഒരു ചെറിയ ഭാഗം മാത്രം സന്ദർഭത്തിൽ നിന്ന് അടർത്തിയെടുത്ത് തെറ്റായ രീതിയിൽ പ്രചരിപ്പിക്കുകയാണെന്ന് ചിന്നൂസ് വ്യക്തമാക്കി.
രാജ്യത്ത് നിലനിന്നിരുന്നതും നിലനിൽക്കുന്നതുമായ ഭരണകൂട ഭീകരതകളെക്കുറിച്ചാണ് ഈ നാടകം കൃത്യമായി സംസാരിക്കുന്നത്. യഥാർത്ഥ രാഷ്ട്രീയം ജനങ്ങളിലേക്ക് എത്തുമ്പോൾ വിറളിപിടിക്കുന്ന ചില കേന്ദ്രങ്ങളാണ് ഇതിനെതിരെ വിദ്വേഷ പ്രചാരണങ്ങൾ അഴിച്ചുവിടുന്നത്. നാടകം ആർക്കെതിരെയാണോ വിരൽ ചൂണ്ടുന്നത്, അവർക്ക് അത് കൃത്യമായി കൊണ്ടതുകൊണ്ടാണ് ഇത്തരം അപവാദപ്രചാരണങ്ങൾ ഉണ്ടാകുന്നതെന്നും ചിന്നൂസ് ചിലങ്ക ചൂണ്ടിക്കാട്ടി.
1975-ലെ അടിയന്തരാവസ്ഥക്കാലത്ത് മിസ (Maintenance of Internal Security Act) നിയമപ്രകാരം തുറങ്കിലടയ്ക്കപ്പെടുകയും ക്രൂരമായ പീഡനങ്ങൾക്കിരയാവുകയും ചെയ്ത പ്രമുഖ നാടകപ്രവർത്തകയും നടിയുമായ സ്നേഹലതാ റെഡ്ഡിയുടെ പോരാട്ട ജീവിതമാണ് നാടകത്തിന്റെ മുഖ്യ പ്രമേയം.
അടിയന്തരാവസ്ഥയുടെ നാളുകൾ മുതൽ ഇന്നത്തെ കേന്ദ്ര സർക്കാരിന്റെ ഭരണകൂട നയങ്ങൾ വരെ നാടകത്തിൽ വിചാരണ ചെയ്യപ്പെടുന്നുണ്ട്. ചരിത്രത്തെയും സമകാലിക രാഷ്ട്രീയത്തെയും വസ്തുനിഷ്ഠമായി പ്രതിഫലിപ്പിക്കുകയാണ് തങ്ങൾ ചെയ്തിട്ടുള്ളതെന്നും, കല ജനകീയ രാഷ്ട്രീയത്തെ പ്രതിഫലിപ്പിക്കുമ്പോൾ ചിലർക്ക് അസഹിഷ്ണുത തോന്നുന്നത് സ്വാഭാവികമാണെന്നും ചിന്നൂസ് പറഞ്ഞു.
നാടകത്തിന്റെ ഒരു ചെറിയ രംഗം മാത്രം സാമൂഹിക മാധ്യമങ്ങളിൽ പങ്കുവെച്ച് വർഗീയ-രാഷ്ട്രീയ ലക്ഷ്യങ്ങളോടെ ദുർവ്യാഖ്യാനം ചെയ്യുകയാണ് ചിലർ. എന്നാൽ ഇത്തരം ഭീഷണികൾക്കോ അപവാദങ്ങൾക്കോ മുന്നിൽ കലയും കലാകാരന്മാരും മുട്ടുമടക്കില്ല. ഭരണകൂടത്തിന്റെ വിവേചനപരമായ നയങ്ങൾക്കെതിരെ ഇനിയും കലാരൂപങ്ങളിലൂടെ ശക്തമായി ചോദ്യങ്ങൾ ചോദിക്കുക തന്നെ ചെയ്യും. ‘മിസ’ നാടകത്തിന്റെ അവതരണവുമായി കൂടുതൽ കരുത്തോടെ ജനങ്ങൾക്ക് മുന്നിലേക്ക് പോകുമെന്നും, നാടക പ്രവർത്തകർക്ക് ലഭിക്കുന്ന ജനപിന്തുണ ഇത്തരം കള്ളപ്രചാരണങ്ങളെ മറികടക്കാൻ കരുത്ത് നൽകുന്നുണ്ടെന്നും അവർ കൂട്ടിച്ചേർത്തു.
നാടകത്തിനെതിരായ പ്രചാരണങ്ങൾക്കെതിരെ നേരത്തേ ഡിവൈഎഫ്ഐയും രംഗത്തെത്തിയിരുന്നു. നാടകത്തിന്റെ ഒരു രംഗം മാത്രം മുറിച്ചെടുത്ത് സദാചാരത്തിന്റെ കണ്ണടയിലൂടെ നോക്കുന്നവർ അടിയന്തരാവസ്ഥക്കാലത്തെ തീക്ഷ്ണമായ പീഡനങ്ങളെ മറയ്ക്കാനാണ് ശ്രമിക്കുന്നതെന്ന് സംസ്ഥാന സെക്രട്ടറി വി.കെ. സനോജ് പറഞ്ഞു. ചോദ്യം ചോദിക്കുന്നവരെ നിശബ്ദരാക്കാനുള്ള അധികാരത്തിന്റെ രാഷ്ട്രീയം ഇന്നും അവസാനിക്കുന്നില്ല എന്ന സന്ദേശമാണ് സ്നേഹലതയുടെ ജീവിതം വരച്ച് കാട്ടുന്ന 'മിസ' മുന്നോട്ട് വെയ്ക്കുന്നതെന്നും സനോജ് പറഞ്ഞു. കോഴിക്കോട് ചിലങ്കാ ഫ്ളോട്ടിങ് തിയേറ്ററാണ് ഡിവൈഎഫ്ഐ സമ്മേളനത്തിന്റെ പ്രദർശന വേദിയിൽ 'മിസ' അവതരിപ്പിച്ചത്.
---------------
Hindusthan Samachar / Roshith K