ദേവസ്വം ക്ഷേത്രങ്ങളിലെ സ്വർണവും ഭൂമിയും തിട്ടപ്പെടുത്താൻ വിദഗ്ധ സമിതി വരുന്നു; ഡോ. എം.ജി. രാജമാണിക്യം സർക്കാരിന് റിപ്പോർട്ട് സമർപ്പിക്കും
Thiruvananthapuram, 21 ഓഗസ്റ്റ് (H.S.) തിരുവനന്തപുരം: സംസ്ഥാനത്തെ വിവിധ ദേവസ്വം ബോർഡുകൾക്ക് കീഴിലുള്ള മുഴുവൻ ക്ഷേത്രങ്ങളുടെയും സ്വർണവും ഭൂമിയും ഉൾപ്പെടെയുള്ള സമഗ്ര ആസ്തിമൂല്യം തിട്ടപ്പെടുത്താൻ സർക്കാർ തലത്തിൽ നിർണായക നീക്കം. ഇതിനായുള്ള വിശദമായ
ദേവസ്വം ക്ഷേത്രങ്ങളിലെ സ്വർണവും ഭൂമിയും തിട്ടപ്പെടുത്താൻ വിദഗ്ധ സമിതി വരുന്നു; ഡോ. എം.ജി. രാജമാണിക്യം സർക്കാരിന് റിപ്പോർട്ട് സമർപ്പിക്കും


Thiruvananthapuram, 21 ഓഗസ്റ്റ് (H.S.)

തിരുവനന്തപുരം: സംസ്ഥാനത്തെ വിവിധ ദേവസ്വം ബോർഡുകൾക്ക് കീഴിലുള്ള മുഴുവൻ ക്ഷേത്രങ്ങളുടെയും സ്വർണവും ഭൂമിയും ഉൾപ്പെടെയുള്ള സമഗ്ര ആസ്തിമൂല്യം തിട്ടപ്പെടുത്താൻ സർക്കാർ തലത്തിൽ നിർണായക നീക്കം. ഇതിനായുള്ള വിശദമായ രൂപരേഖ തയ്യാറാക്കി ദേവസ്വം വകുപ്പ് സെക്രട്ടറി ഡോ. എം.ജി. രാജമാണിക്യം അടുത്തദിവസം സർക്കാരിന് റിപ്പോർട്ട് സമർപ്പിക്കും. ശബരിമലയിലെ സ്വർണക്കൊള്ള വിവാദങ്ങളും ഗുരുവായൂർ ക്ഷേത്രത്തിലെ അമൂല്യ ശേഖരങ്ങളുടെ മൂല്യനിർണയത്തിലെ അവ്യക്തതയിൽ ഹൈക്കോടതി രേഖപ്പെടുത്തിയ കടുത്ത ആശങ്കയും കണക്കിലെടുത്താണ് സർക്കാർ ഇത്തരം സമഗ്ര പരിശോധനയ്ക്ക് ഒരുങ്ങുന്നത്.

നിലവിൽ സംസ്ഥാനത്തെ ഭൂരിഭാഗം ക്ഷേത്രങ്ങളിലും ആസ്തി വിവരങ്ങൾ ദേവസ്വം രജിസ്റ്ററുകളിലും രേഖകളിലും മാത്രമാണ് ഉള്ളത്. ഇവ കൃത്യമായ ഇടവേളകളിൽ പരിശോധിക്കാനോ, സ്വർണം, വെള്ളി, മറ്റ് അമൂല്യ വസ്തുക്കൾ എന്നിവയുടെ കാലാനുസൃത മൂല്യവും തൂക്കവും ശാസ്ത്രീയമായി അളക്കാനോ നിലവിൽ കാര്യക്ഷമമായ സംവിധാനങ്ങളില്ല. ഇത് പലപ്പോഴും വൻ ക്രമക്കേടുകൾക്കും തിരിമറികൾക്കും വഴിയൊരുക്കുന്നുവെന്ന വിമർശനം ശക്തമാണ്. ക്ഷേത്ര സ്വത്തുക്കൾ സുതാര്യമായി സംരക്ഷിക്കപ്പെടണമെന്ന ഭക്തജനങ്ങളുടെയും കോടതികളുടെയും നിലപാട് മുൻനിർത്തിയാണ് സർക്കാർ തലത്തിൽ വിപുലമായ കണക്കെടുപ്പിന് വഴിതുറക്കുന്നത്.

ലക്ഷ്യം സുതാര്യതയും ഭൂമി വീണ്ടെടുക്കലും

ഓരോ ക്ഷേത്രത്തിന്റെയും യഥാർത്ഥ ആസ്തി കൃത്യമായി കണ്ടെത്തുക, തിരിമറികൾ തടയുക എന്നിവയ്ക്കൊപ്പം അന്യാധീനപ്പെട്ടുപോയ ക്ഷേത്രഭൂമികൾ തിരിച്ചുപിടിക്കുക എന്നതും ഈ പരിശോധനയുടെ പ്രധാന ലക്ഷ്യമാണ്. സംസ്ഥാനത്തുടനീളം വലിയ അളവിലുള്ള ദേവസ്വം ഭൂമിയാണ് സ്വകാര്യ വ്യക്തികളുടെയും ഇതര സ്ഥാപനങ്ങളുടെയും കൈവശമുള്ളത്. ഡിജിറ്റൽ സർവേയും വിദഗ്ധ പരിശോധനയും നടത്തുന്നതിലൂടെ കൈയേറ്റങ്ങൾ പൂർണ്ണമായി തിരിച്ചറിയാനും നിയമപരമായി വീണ്ടെടുക്കാനും സാധിക്കുമെന്നാണ് ദേവസ്വം സെക്രട്ടറിയുടെ വിലയിരുത്തൽ. കൂടാതെ, നിശ്ചിത ഇടവേളകളിൽ ആസ്തികളുടെ നിജസ്ഥിതി സ്ഥിരമായി പരിശോധിക്കുന്നതിനുള്ള സ്ഥിരം ഓഡിറ്റ് സംവിധാനവും ശുപാർശയിലുണ്ടാകും.

വിദഗ്ധ സമിതിയുടെ രൂപീകരണം

ദേവസ്വം മന്ത്രിയുമായി നടത്തിയ പ്രാഥമിക ചർച്ചകൾക്ക് ശേഷമാണ് സെക്രട്ടറി തലത്തിൽ റിപ്പോർട്ടിന് അന്തിമരൂപം നൽകിയത്. സർക്കാരിന്റെ നേരിട്ടുള്ള മേൽനോട്ടത്തിൽ ദേവസ്വം ബോർഡുകളുടെ നേതൃത്വത്തിൽ സ്വതന്ത്ര വിദഗ്ധരെ ഉൾപ്പെടുത്തിക്കൊണ്ടുള്ള മൂല്യനിർണയ സമിതി രൂപീകരിക്കാനാണ് പ്രധാന നിർദേശം.

-

വിദഗ്ധ സമിതിയുടെ തലവൻ ആരായിരിക്കണം,

-

റവന്യൂ, പുരാവസ്തു, സാമ്പത്തിക-ഓഡിറ്റ് മേഖലകളിൽ നിന്നുള്ള ആരെയൊക്കെ സമിതിയിൽ ഉൾപ്പെടുത്തണം,

-

എത്ര സമയപരിധിക്കുള്ളിൽ ഘട്ടംഘട്ടമായി പരിശോധന പൂർത്തിയാക്കണം

തുടങ്ങിയ കാര്യങ്ങളിലുള്ള വ്യക്തമായ മാർഗ്ഗനിർദേശങ്ങൾ ഡോ. എം.ജി. രാജമാണിക്യത്തിന്റെ റിപ്പോർട്ടിലുണ്ടാകും. റിപ്പോർട്ട് ലഭിച്ചാലുടൻ ഉന്നതതല യോഗം ചേർന്ന് സർക്കാർ തുടർനടപടികൾ സ്വീകരിക്കും. തിരുവിതാംകൂർ, കൊച്ചി, മലബാർ, ഗുരുവായൂർ, കൂടൽമാണിക്യം ഉൾപ്പെടെയുള്ള എല്ലാ ദേവസ്വം ബോർഡുകളിലും സുതാര്യമായ ഭരണവും ആസ്തി സംരക്ഷണവും ഉറപ്പാക്കാൻ ഈ നീക്കം നിർണായക വഴിത്തിരിവാകും.

---------------

Hindusthan Samachar / Roshith K


Latest News