Enter your Email Address to subscribe to our newsletters

Ahammadabad, 21 ഓഗസ്റ്റ് (H.S.)
ഗൂജറാത്തിലെ വിഷമദ്യ ദുരന്തത്തില്‍ മരണസംഖ്യ ഉയരുന്നു. ഭാവ്നഗറിലെ വിഷമദ്യ ദുരന്തത്തില്‍ മരണ സംഖ്യ എട്ടായി. 25 പേര്‍ ചികിത്സയിലാണ്. ഇതില്‍ നാല് പേരുടെ ഗുരുതരമാണെന്നാണ് ലഭിക്കുന്ന വിവരം. ചികിത്സയില്‍ കഴിയുന്നവരില്‍ അഞ്ച് പേര്‍ ഐസിയുവിലും ഒരാള്‍ വെന്റിലേറ്ററിലുമാണ്. വിഷമദ്യം കഴിച്ച് 61 പേര്‍ക്കാണ് ആരോഗ്യ പ്രശ്നങ്ങളുണ്ടായത്. സംഭവത്തിന് പിന്നാലെ ചികിത്സ തേടിയവരില്‍ 10 പേര്‍ ആശുപത്രി വിടുകയും ചെയതു.
വിഷമദ്യ ദുരന്തം സംബന്ധിച്ചുള്ള കേസ് അന്വേഷണത്തില്‍ പൊലീസിന് അനാസ്ഥയുണ്ടായെന്ന് ചൂണ്ടിക്കാട്ടി സംസ്ഥാന വ്യാപക പ്രതിഷേധമാണ് നടക്കുന്നത്. വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെ നേതൃത്വത്തിലാണ് പ്രതിഷേധം. അന്വേഷണത്തില്‍ വീഴ്ച വരുത്തിയ പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നിയമ നടപടിയെടുക്കണമെന്ന് പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടു. സംസ്ഥാനത്തെ നിയമ നിര്‍വ്വഹണ സംവിധാനത്തെ വിമര്‍ശിച്ച കോണ്‍ഗ്രസ് സംഭവത്തെ അപലപിച്ചു. സംസ്ഥാനത്ത് നിയമ നിര്‍വ്വഹണത്തില്‍ വന്‍ വീഴ്ചകളാണ് സംഭവിക്കുന്നതെന്ന് ഗുജറാത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് അമിത് ചാവ്ദ പറഞ്ഞു. ഹൈക്കോടതിയുടെ നേതൃത്വത്തില്‍ സംഭവത്തില്‍ അന്വേഷണം നടത്തണമെന്നും ചാവ്ദ ആവശ്യപ്പെട്ടു.
ഇരകളെ സന്ദര്‍ശിച്ച് എഎപി നേതാവ്: വിഷമദ്യം കഴിച്ച് അവശനിലയിലായി ചികിത്സയില്‍ കഴിയുന്നവരെ ആശുപത്രിയിലെത്തി സന്ദര്‍ശിച്ച് ആം ആദ്മി എംഎല്‍എ ഗോപാല്‍ ഇറ്റാലിയ. ഭാവ്നഗര്‍ സര്‍ ടി ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നവരെയാണ് എംഎല്‍എ നേരില്‍ കണ്ടത്. 2022ലെ ബോട്ടാഡ്-ബര്‍വാല മദ്യദുരന്തത്തിന് സമാനമായ സംഭവമാണിതെന്ന് എംഎല്‍എ പറഞ്ഞു. ഇത്തരം വിഷമദ്യ ശാലകള്‍ക്കെതിരെ കടുത്ത നടപടിയെടുക്കണമെന്നും പൊതുജനങ്ങളുടെ സുരക്ഷയില്‍ യാതൊരു വിട്ടുവീഴ്ച ഉണ്ടാകാന്‍ പാടില്ലെന്നും ഇറ്റാലിയ ചൂണ്ടിക്കാട്ടി. മൂന്ന് പതിറ്റാണ്ടായി സംസ്ഥാനത്തെ അനധികൃത മദ്യ വില്‍പ്പന തടയാന്‍ സംസ്ഥാന സര്‍ക്കാരിന് സാധിച്ചിട്ടില്ലെന്ന് എഎപി ദേശീയ കണ്‍വീനര്‍ അരവിന്ദ് കെജ്രിവാളും പറഞ്ഞു. ഇത് സര്‍ക്കാരിന്റെ പരാജയമാണെന്നും അദ്ദേഹം വിമര്‍ശിച്ചു. വിഷയത്തില്‍ എക്സിലൂടെയാണ് കെജ്രിവാളിന്റെ പ്രതികരണം.
സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് പറഞ്ഞു. കേസില്‍ അറസ്റ്റിലായ മുഖ്യപ്രതി റയീസ് അടക്കം 13 പ്രതികളെ കോടതി പൊലീസ് കസ്റ്റഡിയില്‍ വിട്ടു. വിഷയത്തില്‍ പ്രതികളെ കൂടുതല്‍ ചോദ്യം ചെയ്യുന്നതിന് വേണ്ടിയാണ് പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുള്ളത്. മദ്യ വിതരണ ശ്യംഖല ട്രാക്ക് ചെയ്യുന്നതിനുള്ള നടപടികളും ആരംഭിച്ചിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു.
---------------
Hindusthan Samachar / Sreejith S