Enter your Email Address to subscribe to our newsletters

Kochi, 21 ഓഗസ്റ്റ് (H.S.)
മുത്തങ്ങ ഭൂസമരത്തിന്റെ പേരില്‍ രജിസ്റ്റര്‍ ചെയ്ത വധശ്രമക്കേസില്‍ പ്രതികളുടെ ശിക്ഷ മരിവിപ്പിച്ച് ഹൈക്കോടതി. പൊലീസ് ഉദ്യോഗസ്ഥനായ അബ്ദുല്‍ സലാമിനെ വധിക്കാന്‍ ശ്രമിച്ചെന്ന കേസില്‍ ആദിവാസി ഗോത്രമഹാസഭ നേതാവ് എം. ഗീതാനന്ദന്‍ ഉള്‍പ്പെടെ നാല് പ്രതികളുടെ ശിക്ഷയാണ് ഹൈക്കോടതി മരവിപ്പിച്ചു. പ്രതികള്‍ക്ക് കര്‍ശന വ്യവസ്ഥകളോടെ കോടതി ജാമ്യം അനുവദിച്ചു.
കല്‍പറ്റ സെഷന്‍സ് കോടതി വിധിച്ച അഞ്ചു വര്‍ഷത്തെ കഠിനതടവും പതിനായിരം രൂപ പിഴയുമാണ് ഹൈക്കോടതി സിംഗിള്‍ ബെഞ്ച് താത്കാലികമായി മരവിപ്പിച്ചത്. എം. ഗീതാനന്ദന് പുറമെ ഗൂഢാലോചന കേസില്‍ ശിക്ഷിക്കപ്പെട്ട ബിനു, രമേശന്‍, അനില്‍ കുമാര്‍ എന്നിവര്‍ക്കാണ് ജാമ്യം ലഭിച്ചത്. ഓരോരുത്തരും 46,000 രൂപ വീതം പിഴത്തുക കോടതിയില്‍ കെട്ടിവയ്ക്കണം. കൂടാതെ ഒരാഴ്ചയ്ക്കുള്ളില്‍ രണ്ട് ആള്‍ജാമ്യം നല്‍കണമെന്നും വ്യവസ്ഥയുണ്ട്. വിചാരണ കോടതി നല്‍കിയ അഞ്ചു വര്‍ഷത്തെ തടവുശിക്ഷ മരവിപ്പിക്കണം എന്ന് ആവശ്യപ്പെട്ട് പ്രതികള്‍ നല്‍കിയ ഉപഹര്‍ജിയിലാണ് ഇപ്പോഴത്തെ ഉത്തരവ്.
കല്‍പറ്റ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയുടെ ശിക്ഷാവിധിയില്‍ ഗുരുതരമായ പിഴവുകളുണ്ടെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. പ്രതികള്‍ നല്‍കിയ അപ്പീല്‍ പരിഗണിക്കവെയാണ് കോടതിയുടെ സുപ്രധാന നിരീക്ഷണം. ഗൂഢാലോചന സംബന്ധിച്ച് പ്രഥമദൃഷ്ട്യാ കുറ്റം നിലനില്‍ക്കുമെന്ന് അന്തിമ വിധിയില്‍ എങ്ങനെയാണ് വിചാരണ കോടതിക്ക് പറയാനാകുക എന്ന് ഹൈക്കോടതി വാദത്തിനിടെ ചോദ്യമുന്നയിച്ചു.
ശിക്ഷാവിധി സൂക്ഷ്മമായി പരിശോധിക്കേണ്ടതുണ്ട്. വിധിയുടെ ഓരോ ഭാഗവും പ്രത്യേകമായി പരിശോധിക്കണമെന്നും കോടതി വ്യക്തമാക്കി. പ്രതികള്‍ നല്‍കിയ അപ്പീലില്‍ ഹൈക്കോടതി സിബിഐയ്ക്കും സംസ്ഥാന സര്‍ക്കാരിനും നോട്ടിസ് അയച്ചു. ഗീതാനന്ദന്‍ അടക്കമുള്ള പ്രതികള്‍ നല്‍കിയ അപ്പീലില്‍ പിന്നീട് വിശദമായ വാദം കേള്‍ക്കുമെന്നും കോടതി അറിയിച്ചു. കേസില്‍ സിബിഐ അന്വേഷണ സംഘത്തിനെതിരെ വിചാരണ കോടതി ചില പരാമര്‍ശങ്ങള്‍ നടത്തിയിരുന്നു. ഇതിനെതിരെ അപ്പീല്‍ നല്‍കുമെന്ന് സിബിഐയും ഹൈക്കോടതിയെ അറിയിച്ചിട്ടുണ്ട്.
കേരളത്തെ പിടിച്ചുകുലുക്കിയ ആദിവാസി ഭൂസമരങ്ങളില്‍ ഒന്നാണ് 2003ലെ മുത്തങ്ങ സമരം. ഭൂരഹിതരായ ആദിവാസികള്‍ക്ക് ഭൂമി നല്‍കണമെന്നാവശ്യപ്പെട്ട് ആദിവാസി ഗോത്രമഹാസഭയുടെ നേതൃത്വത്തില്‍ സി.കെ ജാനു, എം. ഗീതാനന്ദന്‍ എന്നിവരാണ് സമരം നയിച്ചത്. 2003 ഫെബ്രുവരി 19ന് വയനാട് മുത്തങ്ങ വന്യജീവി സങ്കേതത്തില്‍ കുടില്‍കെട്ടി സമരം ചെയ്ത ആദിവാസികളെ ഒഴിപ്പിക്കാന്‍ പൊലീസും വനംവകുപ്പും ശ്രമിച്ചതോടെയാണ് വലിയ സംഘര്‍ഷമുണ്ടായത്.
പൊലീസും സമരക്കാരും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ ജോഗി എന്ന ആദിവാസിയും വിനോദ് എന്ന പൊലീസ് കോണ്‍സ്റ്റബിളും കൊല്ലപ്പെട്ടിരുന്നു. ഈ സംഭവത്തില്‍ പൊലീസ് ഉദ്യോഗസ്ഥനായ അബ്ദുല്‍ സലാമിനെയും വനംവകുപ്പ് ഉദ്യോഗസ്ഥനായ ശശിധരനെയും തട്ടിക്കൊണ്ടുപോയി വധിക്കാന്‍ ശ്രമിച്ചു എന്ന കേസിലാണ് എം. ഗീതാനന്ദന്‍ ഉള്‍പ്പെടെയുള്ള നാലു പേര്‍ക്ക് കല്‍പറ്റ കോടതി അഞ്ചു വര്‍ഷം തടവുശിക്ഷ വിധിച്ചത്. എന്നാല്‍ പൊലീസ് കോണ്‍സ്റ്റബിള്‍ വിനോദ് കൊല്ലപ്പെട്ട കേസില്‍ ഗീതാനന്ദന്‍ ഉള്‍പ്പെടെയുള്ള മുഴുവന്‍ പ്രതികളെയും തെളിവുകളുടെ അഭാവത്തില്‍ കോടതി വെറുതെ വിട്ടിരുന്നു.
---------------
Hindusthan Samachar / Sreejith S