Enter your Email Address to subscribe to our newsletters

Jaipur , 21 ഓഗസ്റ്റ് (H.S.)
ജയ്പൂർ: രാജസ്ഥാനിലെ ജയ്പൂരിന് സമീപമുള്ള ബഗ്രുവിൽ സർക്കാർ സ്കൂളിലെ അടിസ്ഥാന സൗകര്യങ്ങൾ പരിശോധിക്കാനെത്തിയ കോക്രോച്ച് ജനതാ പാർട്ടി (സി.ജെ.പി) പ്രവർത്തകരും നാട്ടുകാരും തമ്മിൽ രൂക്ഷമായ സംഘർഷം. രാംപുര-കൻവർപുര ഗ്രാമത്തിലെ സർക്കാർ സ്കൂളിൽ വെള്ളിയാഴ്ചയാണ് സംഭവം നടന്നത്. സ്കൂൾ കെട്ടിടത്തിന്റെ ശോചനീയാവസ്ഥ നേരിട്ട് വിലയിരുത്താനെത്തിയ സംഘത്തെ നാട്ടുകാർ തടയുകയും പ്രദേശം വിട്ടുപോകാൻ ആവശ്യപ്പെടുകയും ചെയ്തതോടെയാണ് സംഘർഷാവസ്ഥ ഉടലെടുത്തത്.
പരിശോധന തടഞ്ഞതിനെത്തുടർന്ന് സി.ജെ.പി പ്രവർത്തകർ സ്കൂളിന് പുറത്ത് പ്രതിഷേധം സംഘടിപ്പിച്ചു. ഇത് ഇരുവിഭാഗങ്ങളും തമ്മിലുള്ള വാക്കേറ്റത്തിലും തുടർന്ന് കല്ലേറിലും കലാശിച്ചു. ആക്രമണത്തിന് പിന്നിൽ ഭരണകക്ഷിയായ ഭാരതീയ ജനതാ പാർട്ടി (ബി.ജെ.പി) ആണെന്ന് സി.ജെ.പി ആരോപിച്ചു. സംഭവത്തിൽ തങ്ങളുടെ നിരവധി പ്രവർത്തകർക്ക് പരിക്കേറ്റതായും വാഹനങ്ങൾ തകർക്കപ്പെട്ടതായും സി.ജെ.പി ദേശീയ വക്താവും കോ-കൺവീനറുമായ അശുതോഷ് രാങ്ക വ്യക്തമാക്കി.
സ്കൂൾ പരിസരം കന്നുകാലിത്തൊഴുത്തായി മാറിയിരിക്കുകയാണെന്നും സ്കൂളിന്റെ ദയനീയാവസ്ഥ പുറത്തുകൊണ്ടുവരാനാണ് തങ്ങൾ എത്തിയതെന്നും അശുതോഷ് രാങ്ക എക്സിലൂടെ (ട്വിറ്റർ) അറിയിച്ചു. മന്ത്രി മദൻ ദിലാവറിന്റെ നിർദ്ദേശപ്രകാരമാണ് അക്രമം അഴിച്ചുവിട്ടതെന്ന് ആരോപിച്ച അദ്ദേഹം, ഇത്തരം ഭീഷണികൾക്ക് മുന്നിൽ പാർട്ടി വഴങ്ങില്ലെന്നും സ്കൂളിന്റെ പ്രശ്നങ്ങൾ പരിഹരിക്കാൻ മുന്നോട്ട് പോകുമെന്നും കൂട്ടിച്ചേർത്തു. അക്രമത്തിന് പിന്നിൽ ഗ്രാമവാസികളല്ലെന്നും പുറത്തുനിന്നെത്തിയ ഗുണ്ടകളാണെന്നും, പ്രാദേശിക ബി.ജെ.പി കൗൺസിലർ അക്രമികൾക്ക് പണം വിതരണം ചെയ്യുന്നത് കണ്ടതായി വിവരം ലഭിച്ചിട്ടുണ്ടെന്നും രാങ്ക ആരോപിച്ചു.
അതേസമയം, വിഷയം രാഷ്ട്രീയവൽക്കരിക്കരുതെന്ന് ആവശ്യപ്പെട്ട് പ്രദേശവാസികളും രംഗത്തെത്തി. സി.ജെ.പി പ്രവർത്തകർ 200 മുതൽ 250 വരെ ആളുകളുമായാണ് എത്തിയതെന്നും സ്വന്തം വാഹനം അവർ തന്നെ തകർക്കുകയായിരുന്നുവെന്നും പ്രദേശവാസിയായ ജുഗൽ കിഷോർ ശർമ്മ വ്യക്തമാക്കി. ബി.ജെ.പിയോ കോൺഗ്രസോ അല്ലാതെ മറ്റൊരു പാർട്ടിയെയും സ്കൂൾ വിഷയത്തിൽ ഇടപെടാൻ അനുവദിക്കില്ലെന്നും, സ്കൂൾ അറ്റകുറ്റപ്പണികൾക്കായി എം.എൽ.എ 12 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ടെന്നും നാട്ടുകാർ പറഞ്ഞു.
സ്കൂളിൽ ഇരുപത്തഞ്ചോളം കുട്ടികൾ പഠിക്കുന്നുണ്ടെന്നും സ്കൂൾ പൊളിച്ചുമാറ്റാനാണ് സംഘം ശ്രമിച്ചതെന്നും പ്രദേശവാസിയായ അനു ശർമ്മ ആരോപിച്ചു. ഇരുവിഭാഗവും തമ്മിലുള്ള കല്ലേറിന്റെയും വാക്കേറ്റത്തിന്റെയും ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. പ്രദേശത്ത് സമാധാനം പുനഃസ്ഥാപിക്കാൻ പോലീസ് ഇടപെട്ടിട്ടുണ്ട്.
---------------
Hindusthan Samachar / Roshith K