Enter your Email Address to subscribe to our newsletters

New delhi, 21 ഓഗസ്റ്റ് (H.S.)
പരീക്ഷാ ക്രമക്കേടുകളില്‍ പ്രതിഷേധിച്ച വിദ്യാര്‍ഥികള്‍ക്കെതിരായ പെല്ലറ്റ് ഗണ്‍ പ്രയോഗത്തില്‍ പോലീസ് കേസെടുത്തു. പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയുടെ അഞ്ചു മണിക്കൂര്‍ നീണ്ട പ്രതിഷേധത്തിനൊടുവിലാണ് പോലീസ് മുട്ടുമടക്കിയത്. പെല്ലറ്റ് ആക്രമണത്തിന് ഇരയായ സാഹിലിന്റെ പരാതിയില്‍ എഫ്‌ഐആര്‍ രേഖപ്പെടുത്താന്‍ ഡല്‍ഹി പോലീസ് തയ്യാറായി.
ജന്തര്‍മന്തറിലെ വിദ്യാര്‍ഥി പ്രതിഷേധത്തിനിടെ പോലീസിന്റെ പെല്ലറ്റ് ആക്രമണത്തില്‍ പരിക്കേറ്റ യുവാവിന്റെ പരാതിയില്‍ പ്രത്യേക എഫ്‌ഐആര്‍ രേഖപ്പെടുത്താന്‍ വിസമ്മതിച്ചതിനെത്തുടര്‍ന്ന് പാര്‍ലമെന്റ് സ്ട്രീറ്റ് പോലീസ് സ്റ്റേഷന്‍ പരിസരത്ത് പ്രതിഷേധവുമായി രാഹുല്‍ഗാന്ധിയെത്തിയത്. . പെല്ലറ്റ് ആക്രമണത്തില്‍ പരിക്കേറ്റ യുവാവും കുടുംബവുമൊത്താണ് രാഹുല്‍ ഗാന്ധി എത്തിയത്. കേസെടുക്കുന്നതു വരെ ഇവിടെ കുത്തിയിരുന്ന് പ്രതിഷേധിക്കുമെന്ന് രാഹുല്‍ അറിയിച്ചു. പിന്നാലെ എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധി ഉള്‍പ്പെടെയുള്ളവര്‍ സ്ഥലത്തെത്തിയത്. സ്റ്റേഷനിലേക്ക് കോണ്‍ഗ്രസ് പ്രവര്‍ത്തകരും എത്തി. സമാധാനപരമായ പ്രതിഷേധമാണ് രാഹുല്‍ നയിച്ചത്. പ്രതിഷേധക്കാരുടെ എണ്ണം വര്‍ദ്ധിക്കുന്നതിലെ അപകടം മുന്നില്‍ കണ്ടാണ് പോലീസ് രാഹുലിന്റെ ആവശ്യത്തിന് വഴങ്ങിയത്.
ആദ്യം മന്ദിര്‍ മാര്‍ഗ് പൊലീസ് സ്റ്റേഷനിലാണ് രാഹുല്‍ ഗാന്ധിയും വിദ്യാര്‍ഥിയും എത്തിയത്. എന്നാല്‍ അവിടെ കേസ് രജിസ്റ്റര്‍ ചെയ്യാന്‍ പൊലീസ് വിസമ്മതിച്ചതിനെ തുടര്‍ന്നാണ് അദ്ദേഹം പാര്‍ലമെന്റ് സ്ട്രീറ്റിലെ ഡിസിപി ഓഫിസിലേക്ക് എത്തിയത്. ഡിസിപി ഓഫിസിലെത്തിയ അദ്ദേഹം പൊലീസ് നടപടിയെക്കുറിച്ചുള്ള അന്വേഷണം ഏത് ഘട്ടത്തിലാണെന്നും ഇതുവരെ സ്വീകരിച്ച നടപടികള്‍ എന്തൊക്കെയെന്നും ഉദ്യോഗസ്ഥരോട് ചോദിച്ചറിഞ്ഞു. അന്വേഷണത്തിന്റെ യഥാര്‍ഥ വിവരങ്ങള്‍ പുറത്തുകൊണ്ടുവരുന്നതിനായി അദ്ദേഹം നേരിട്ട് പൊലീസ് ഉദ്യോഗസ്ഥരുമായി സംസാരിക്കുകയായിരുന്നു. കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു.
ജൂലൈ 20ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് കോക്രോച്ച് ജനതാ പാര്‍ട്ടിയുടെ (സിജെപി) നേതൃത്വത്തില്‍ നടന്ന 'സന്‍സദ് ചലോ' മാര്‍ച്ചിനിടെയാണ് സംഘര്‍ഷമുണ്ടായത്. സമാധാനപരമായി നടന്ന സമരത്തിന് നേരെ പൊലീസ് ലാത്തിച്ചാര്‍ജ് നടത്തുകയും കണ്ണീര്‍വാതകം പ്രയോഗിക്കുകയും ചെയ്തിരുന്നു. ഇതിന് പുറമെയാണ് വിദ്യാര്‍ഥികളെ നേരിടാന്‍ പെല്ലറ്റ് ഗണ്‍ ഉപയോഗിച്ചെന്ന ഗുരുതര ആരോപണം ഉയര്‍ന്നത്. 19കാരനായ സാഹില്‍ ലോചബ് ഉള്‍പ്പെടെ നിരവധി പേര്‍ക്ക് പെല്ലറ്റ് ഗണ്‍ ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റിരുന്നു. സാഹിലിന്റെ കണ്ണിനാണ് പരിക്കേറ്റത്. എയിംസില്‍ ചികിത്സയിലായിരുന്ന വിദ്യാര്‍ഥിയുടെ കാഴ്ചശക്തി നഷ്ടപ്പെട്ടേക്കാം എന്ന ആശങ്കയുമുണ്ട്.
എന്നാല്‍ സമരക്കാര്‍ക്ക് നേരെ പെല്ലറ്റ് ഗണ്‍ ഉപയോഗിച്ചിട്ടില്ലെന്നായിരുന്നു ഡല്‍ഹി പൊലീസിന്റെയും സര്‍ക്കാരിന്റെയും വിശദീകരണം. പാര്‍ലമെന്ററി കാര്യ മന്ത്രി കിരണ്‍ റിജിജു, മന്ത്രി ജിതേന്ദ്ര സിങ് എന്നിവര്‍ പാര്‍ലമെന്റില്‍ ആരോപണങ്ങള്‍ നിഷേധിച്ചിരുന്നു. ആഭ്യന്തര മന്ത്രി അമിത് ഷായുടെ മറുപടി തേടി കോണ്‍ഗ്രസ് നിരന്തരം പാര്‍ലമെന്റ് സ്തംഭിപ്പിച്ചെങ്കിലും അദ്ദേഹം പ്രതികരിക്കാന്‍ തയാറായില്ല. ഇതിന് പിന്നാലെ ജൂലൈ 24ന് പരിക്കേറ്റ വിദ്യാര്‍ഥികളെ നേരിട്ട് മാധ്യമ പ്രവര്‍ത്തകര്‍ക്ക് മുന്നിലെത്തിച്ച് രാഹുല്‍ ഗാന്ധി പൊലീസിന്റെ വാദങ്ങള്‍ പൊളിച്ചിരുന്നു. വിദ്യാര്‍ഥികളുടെ ശരീരത്തില്‍നിന്ന് ശസ്ത്രക്രിയയിലൂടെ പെല്ലറ്റുകള്‍ പുറത്തെടുത്തതിന്റെ മെഡിക്കല്‍ രേഖകളും അദ്ദേഹം പുറത്തുവിട്ടിരുന്നു. രാജ്യതലസ്ഥാനത്ത് വിദ്യാര്‍ഥികള്‍ക്ക് നേരെ ഇത്തരം ആയുധങ്ങള്‍ ഉപയോഗിച്ചത് വലിയ പ്രതിഷേധങ്ങള്‍ക്ക് വഴിവച്ചിരുന്നു.
---------------
Hindusthan Samachar / Sreejith S