Enter your Email Address to subscribe to our newsletters

Alappuzha , 22 ഓഗസ്റ്റ് (H.S.)
72-ാമത് നെഹ്റു ട്രോഫി ജലമേളയ്ക്ക് പുന്നമടക്കായൽ സജ്ജമായി. മുഖ്യമന്ത്രി വി.ഡി സതീശൻ ഉദ്ഘാടനം ചെയ്യുന്ന വള്ളംകളിയിൽ 22 ചുണ്ടൻ വള്ളങ്ങൾ ഉൾപ്പെടെ 71 ജലയാനങ്ങളാണ് മാറ്റുരയ്ക്കുന്നത്. കർണാടക മുഖ്യമന്ത്രി ഡി.കെ ശിവകുമാർ, കേന്ദ്രമന്ത്രി ഗജേന്ദ്ര സിങ് ശെഖാവത്ത് എന്നിവർ മുഖ്യാതിഥികളാകും.
രാവിലെ 11ന് ചെറുവള്ളങ്ങളുടെ ഹീറ്റ്സ് മത്സരങ്ങളോടെയാണ് ജലമേളയ്ക്ക് തുടക്കമാകുക. ഉച്ചകഴിഞ്ഞ് രണ്ടിന് നടക്കുന്ന ഉദ്ഘാടന സമ്മേളനത്തിനു ശേഷമാകും ചുണ്ടൻ വള്ളങ്ങളുടെ ഹീറ്റ്സ് മത്സരങ്ങളും ചെറു വള്ളങ്ങളുടെ ഫൈനൽ പോരാട്ടങ്ങളും നടക്കുക. വൈകിട്ട് നാല് മുതലാണ് ഫൈനൽ മത്സരങ്ങൾ. ചുണ്ടൻ വള്ളങ്ങളുടെ മത്സരത്തിൽ ആറ് ഹീറ്റ്സുകളാണുള്ളത്. ആദ്യ നാല് ഹീറ്റ്സുകളിൽ നാല് വീതം വള്ളങ്ങളും അഞ്ച്, ആറ് ഹീറ്റ്സുകളിൽ മൂന്ന് വള്ളങ്ങളുമാണ് മത്സരിക്കുക.
മികച്ച സമയം കുറിച്ച് ആദ്യമെത്തുന്ന നാല് വള്ളങ്ങളാണ് നെഹ്റു ട്രോഫിക്ക് വേണ്ടിയുള്ള ഫൈനൽ പോരാട്ടത്തിനായി ഇറങ്ങുക. ചെറുവള്ളങ്ങളുടെ എല്ലാ വിഭാഗങ്ങളിലും ഫിനിഷ് ചെയ്യുന്ന സമയം പരിഗണിച്ചാണ് ജേതാക്കളെ തീരുമാനിക്കുന്നത്. സമയക്രമം പൊതുജനത്തിന് കാണാനാവും വിധം സ്ക്രീനിൽ പ്രദർശിപ്പിക്കും.
പുന്നമട സജ്ജം
ഇൻഫ്രാസ്ട്രക്ചർ കമ്മിറ്റിയുടെ നേതൃത്വത്തിൽ നെഹ്റു പവലിയൻ്റെയും താത്കാലിക ഗാലറികളുടെയും നിർമാണം പൂർത്തിയായി. യന്ത്രവത്കൃത സ്റ്റാർട്ടിങ് സംവിധാനവും ഫോട്ടോ ഫിനിഷിങ് സംവിധാനവും സജ്ജമാണ്. വള്ളംകളി കാണാനെത്തുന്നവർക്കായി കൂടുതൽ ബോട്ടുകളും ബസുകളും ഏർപ്പെടുത്തിയിട്ടുണ്ട്. അയൽ ജില്ലകളിലെ കെഎസ്ആർടിസി ഡിപ്പോകളിൽ നിന്ന് രാവിലെ ആലപ്പുഴയിലേക്കും വൈകിട്ട് തിരികെയും പ്രത്യേക സർവീസുകളുണ്ടാകും. ഇതിന് പുറമേ വള്ളംകളി കാണുന്നതിനായി കെഎസ്ആർടിസി ബജറ്റ് സെല്ലിൻ്റെ നേതൃത്വത്തിൽ പ്രത്യേക പാക്കേജ് ടൂറിസം സംവിധാനവും ഹെൽപ്പ് ഡെസ്ക്കും ഒരുക്കിയിട്ടുണ്ട്. വള്ളംകളി കഴിഞ്ഞ് നെഹ്റു പവലിയനിൽ നിന്ന് തിരികെ പോകുന്നവർക്കായി ജലഗതാഗത വകുപ്പിൻ്റെ യാത്രാ ബോട്ടുകളും ഏർപ്പെടുത്തിയിട്ടുണ്ട്.
കർശന സുരക്ഷ
കാണികളുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിനും ക്രമസമാധാന പാലനത്തിനും 1700 പൊലീസുകാരെയാണ് വിന്യസിച്ചിരിക്കുന്നത്. 17 ഡിവൈഎസ്പിമാരുടെയും 45 ഇൻസ്പെക്ടർമാരുടെയും കീഴിലായിരിക്കും പൊലീസ് വിന്യാസം. ഷാഡോ പൊലീസിൻ്റെ സാന്നിധ്യവും ഉണ്ടാവും. മത്സരസമയത്ത് കായലിൽ ചാടുന്നവർക്കെതിരെയും മത്സരം തടസപ്പെടുത്തുന്ന രീതിയിൽ പെരുമാറുന്നവർക്കെതിരെയും ശക്തമായ നിയമ നടപടി പൊലീസ് സ്വീകരിക്കും. ഔദ്യോഗിക ബോട്ടുകൾ അല്ലാതെ മറ്റ് ബോട്ടുകളെ മത്സര ദിവസം റേസ് ട്രാക്ക് ഭാഗത്തേക്കോ കനാലിലേക്കോ കടത്തിവിടില്ല. ഡ്രോൺ നിയമപ്രകാരം മത്സര ദിവസം രണ്ട് കിലോമീറ്റർ ചുറ്റളവിൽ താത്കാലിക റെഡ് സോണായി പ്രഖ്യാപിച്ചിട്ടുണ്ട്. അനുമതിയില്ലാത്ത ഡ്രോണുകൾ പറത്തിയാൽ കർശന നടപടി സ്വീകരിക്കും. രാവിലെ എട്ടിന് ശേഷം അനധികൃതമായി ട്രാക്കിൽ പ്രവേശിക്കുന്ന ബോട്ടുകളും ജലയാനങ്ങളും പിടിച്ചെടുക്കുന്നതും ഡ്രൈവർമാരുടെ ലൈസൻസ് സസ്പെന്ഡ് ചെയ്യുന്നതുമാണ്. അനൗൺസ്മെന്റ്, പരസ്യബോട്ടുകൾ എന്നിവ രാവിലെ എട്ടിനുശേഷം ട്രാക്കിലും പരിസരത്തും പ്രവേശിക്കാൻ പാടില്ല. മൈക്ക് സെറ്റുകളും പ്രവർത്തിപ്പിക്കാൻ പാടില്ല. പുന്നമട കായലിൽ ട്രാക്കിന് കിഴക്കുഭാഗത്തും പരിസരത്തുമായി അടുപ്പിക്കുന്നതും സഞ്ചരിക്കുന്നതുമായ ഹൗസ് ബോട്ടുകളിലും മോട്ടോർ ബോട്ടുകളിലും അനുവദനീയമായതിൽ കൂടുതൽ ആളുകളെ കയറ്റാൻ പാടില്ല.
പ്രവേശനം പാസുള്ളവർക്ക് മാത്രം
പാസുള്ളവർക്ക് മാത്രമാണ് വള്ളംകളി കാണുന്നതിന് ഗാലറികളിലേക്ക് പ്രവേശനം അനുവദിക്കുക. ഇതിനായി ഫിനിഷിങ് പോയിന്റിലേക്കുള്ള റോഡിൽ പ്രത്യേക ബാരിക്കേഡ് ഉണ്ടാകും. ക്യുആർ കോഡ് പതിച്ച ടിക്കറ്റുകളാണ് ഏർപ്പെടുത്തിയിരിക്കുന്നത്. പാസില്ലാതെ കയറുന്നവർക്കും വ്യാജ പാസുകളുമായി എത്തുന്നവർക്കും പാസില്ലാതെ ബോട്ടിലും മറ്റും ആളുകളെ എത്തിക്കുന്നവർക്കുമെതിരെ കർശന നടപടി ഉണ്ടാകും. പവലിയനിലേക്ക് പോകുന്നവർ രാവിലെ 10ന് എത്തണം. ജലമേളയോട് അനുബന്ധിച്ച് ആലപ്പുഴ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധിയാണ്. പൊതുപരീക്ഷകൾക്ക് മാറ്റമുണ്ടാകില്ല. രാവിലെ ഒൻപത് മുതൽ ആലപ്പുഴ നഗരത്തിൽ ഗതാഗത നിയന്ത്രണവും ഏർപ്പെടുത്തിയിട്ടുണ്ട്. ജില്ലയിലെ എല്ലാ കെഎസ്ഇബി ഓഫിസുകൾക്കും അവധിയായിരിക്കും. ക്യാഷ് കൗണ്ടറുകളും പ്രവർത്തിക്കില്ല.
വള്ളംകളിയുടെ ആവേശം ജില്ലയിലെ എല്ലാ ഭാഗങ്ങളിലും സമീപ ജില്ലകളിലും എത്തിക്കാൻ 'വള്ളംകളി എക്സ്പ്രസ്' എന്ന പേരിൽ പ്രത്യേകം ബ്രാന്ഡ് ചെയ്ത പ്രചാരണ വാഹനം യാത്ര തുടങ്ങിയിട്ടുണ്ട്. പബ്ലിസിറ്റി കമ്മിറ്റി തയ്യാറാക്കിയ ഈ വാഹനത്തിൽ വള്ളംകളി ചരിത്ര ഫോട്ടോ പ്രദർശനവും വീഡിയോ പ്രദർശനവും ഒരുക്കിയിട്ടുണ്ട്.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR