സെക്രട്ടേറിയറ്റിനു മുന്നിൽ വേറിട്ട സമരം;കഴുത്തിൽ കയർ കുരുക്കി ഇരുമ്പുകൂട്ടിൽ നിരാഹാരം
Thiruvananthapuram, 22 ഓഗസ്റ്റ് (H.S.) മനുഷ്യരുടെ അവകാശങ്ങൾക്കായി ദിനംപ്രതി നിരവധി സമരങ്ങൾ അരങ്ങേറുന്ന സെക്രട്ടേറിയറ്റിനു മുന്നിലെ തെരുവീഥിയിൽ ഇപ്പോൾ ശ്രദ്ധാകേന്ദ്രമാകുന്നത് വേറിട്ടൊരു കാഴ്ചയാണ്. അടച്ചിട്ട ഇരുമ്പുകൂട്ടിൽ കിടന്നും കഴുത്തിൽ കയർ കുരു
ANIMAL RIGHTS PROTEST KERALA


Thiruvananthapuram, 22 ഓഗസ്റ്റ് (H.S.)

മനുഷ്യരുടെ അവകാശങ്ങൾക്കായി ദിനംപ്രതി നിരവധി സമരങ്ങൾ അരങ്ങേറുന്ന സെക്രട്ടേറിയറ്റിനു മുന്നിലെ തെരുവീഥിയിൽ ഇപ്പോൾ ശ്രദ്ധാകേന്ദ്രമാകുന്നത് വേറിട്ടൊരു കാഴ്ചയാണ്. അടച്ചിട്ട ഇരുമ്പുകൂട്ടിൽ കിടന്നും കഴുത്തിൽ കയർ കുരുക്കി സ്വയം ബന്ധനസ്ഥനാക്കിയും ഒരു കൂട്ടം യുവാക്കൾ നടത്തുന്ന ഈ സമരം മനുഷ്യർക്കു വേണ്ടിയല്ല, മറിച്ച് മിണ്ടാപ്രാണികൾക്കു വേണ്ടിയാണ്. മൃഗങ്ങൾക്കെതിരെയുള്ള ക്രൂരതകൾ അവസാനിപ്പിക്കുകയെന്ന സന്ദേശം സമൂഹത്തിന് നൽകാനായി വടകര സ്വദേശിയായ ജീവനും സുഹൃത്തുക്കളുമാണ് ഈ വേറിട്ട സമരമുറയുമായി രംഗത്തെത്തിയിരിക്കുന്നത്.

സ്വാതന്ത്ര്യദിനത്തിൽ ആരംഭിച്ച് ഏഴു ദിവസം നീളുന്ന കൂട്ടിൽ കിടന്നുള്ള നിരാഹാരസമരമാണ് അനിമൽ ലിബറേഷൻ എന്ന കൂട്ടായ്മയുടെ പേരിൽ ഇവർ നടത്തുന്നത്. പ്രത്യേകിച്ച് ഒരു സംഘടനയുടെയും നേതൃത്വത്തിലല്ല സമരം നടത്തുന്നതെന്ന് ജീവൻ പറഞ്ഞു. മൃഗങ്ങൾക്കെതിരെയുള്ള ക്രൂരത അവസാനിപ്പിക്കുകയെന്ന മുദ്രാവാക്യമുയർത്തി ലോകമെമ്പാടും നടക്കുന്ന പ്രചാരണത്തിൻ്റെ ഭാഗമാണിത്. കോഴിക്കുഞ്ഞുങ്ങൾ മുതൽ ആനകൾ വരെയുള്ള മൃഗങ്ങളെ വർഷങ്ങളായി മനുഷ്യൻ കൂട്ടിലടക്കുന്നു.

ലോകവ്യാപകമായി മൃഗങ്ങളെ കൊന്നൊടുക്കുകയും അവയെ ചൂഷണം ചെയ്യുകയുമാണ് മനുഷ്യൻ ചെയ്യുന്നത്. മൃഗങ്ങളെക്കാൾ വലിയ ക്രൂരതയാണ് മനുഷ്യൻ കാണിക്കുന്നത്. ഇതിനെതിരെ നിരവധി പരാതികളും നിവേദനങ്ങളും സർക്കാർതലത്തിൽ നൽകിയെങ്കിലും യാതൊരു നടപടിയും ഉണ്ടാകുന്നില്ല. സമൂഹത്തിൽ ബോധവത്കരണം നടത്തുകയാണ് തങ്ങളുടെ ലക്ഷ്യമെന്നും നിരാഹാര സമരം നടത്തുന്ന ജീവൻ വ്യക്തമാക്കി.

ഒരു ഇരുമ്പുകൂടിനുള്ളിൽ രണ്ട് അറകളുണ്ടാക്കി അതിൽ കിടന്നാണ് രണ്ടുപേർ നിരാഹാരസമരം തുടരുന്നത്. അതോടൊപ്പം കഴുത്തിൽ കെട്ടിയ കയർ സെക്രട്ടേറിയറ്റിലെ ഇരുമ്പുവേലിയിൽ ബന്ധിപ്പിച്ചുനിന്നും സമരം ചെയ്യുന്നുണ്ട്. വ്യത്യസ്തമായ സമരമുറ കണ്ട് വിവരം തിരക്കാനെത്തുന്നവരെ കാര്യങ്ങൾ പറഞ്ഞ് ബോധവത്കരിക്കാനും ഇവർ ശ്രമിക്കുന്നുണ്ട്. മൃഗസ്നേഹികളുടെ കൂട്ടായ്മയിൽ അംഗങ്ങളായ നിരവധിപേർ മറ്റു സംസ്ഥാനങ്ങളിൽ നിന്നും സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് എത്തുന്നുണ്ട്.

മനുഷ്യർക്കു വേണ്ടിയുള്ള നിരവധി സമരങ്ങൾക്കിടയിൽ മൃഗങ്ങൾക്കു വേണ്ടി ശബ്ദമുയർത്താൻ ആരുമില്ലാതെ പോകുകയാണെന്ന് സമരത്തിൽ പങ്കെടുക്കാൻ ഡൽഹിയിൽ നിന്നെത്തിയ പിങ്കി ശർമ്മ പറഞ്ഞു. മൃഗസംരക്ഷണമെന്ന പേരിൽ വലിയ ക്രൂരതകളാണ് നടക്കുന്നത്. മറ്റു രാജ്യങ്ങൾ മൃഗസംരക്ഷണത്തിനായി കർശന നിയമങ്ങൾ നടപ്പിലാക്കുമ്പോൾ നമ്മുടെ രാജ്യത്ത് കൊടുംക്രൂരതകളാണ് അരങ്ങേറുന്നത്. ഭക്ഷണത്തിനു വേണ്ടി മാത്രമല്ല, വിനോദത്തിനു വേണ്ടിയും മൃഗങ്ങൾ പീഡിപ്പിക്കപ്പെടുന്നു. ഇതിനെതിരെ ജനങ്ങൾ ബോധവാന്മാരാകണമെന്നും പിങ്കി ശർമ്മ കൂട്ടിച്ചേർത്തു.

സുപ്രീം കോടതി ഉത്തരവും മൃഗസ്നേഹികളുടെ ആശങ്കയും

മനുഷ്യജീവനു ഭീഷണിയാകുന്ന സാഹചര്യങ്ങളിൽ അപകടകാരികളും അക്രമകാരികളുമായ തെരുവുനായ്ക്കളെ ദയാവധം ചെയ്യാൻ സുപ്രീം കോടതി അടുത്തിടെ അനുമതി നൽകിയിരുന്നു. തെരുവുനായ്ക്കളെ റോഡുകളിൽ നിന്നും പൊതുസ്ഥലങ്ങളിൽ നിന്നും മാറ്റണമെന്ന 2025 നവംബറിലെ ഉത്തരവിൽ മാറ്റം വരുത്താനും സുപ്രീം കോടതി വിസമ്മതിച്ചിരുന്നു.

വന്ധ്യംകരണത്തിനു ശേഷം നായ്ക്കളെ വീണ്ടും പഴയ സ്ഥലങ്ങളിൽത്തന്നെ തുറന്നുവിടരുതെന്ന ഉത്തരവ് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജികൾ കോടതി തള്ളി. നായ്ക്കളെ പുതിയ സ്ഥലങ്ങളിലേക്കു മാറ്റുന്നത് അവരിൽ ആശയക്കുഴപ്പമുണ്ടാക്കുമെന്നും ഇത് ആക്രമണങ്ങൾ വർധിപ്പിക്കുമെന്നുമായിരുന്നു മൃഗസംരക്ഷണ പ്രവർത്തകരുടെ പ്രധാന വാദം. എന്നാൽ, സുപ്രീം കോടതി ഈ വാദത്തോട് വിയോജിക്കുകയായിരുന്നു. ഇത്തരം നിയമപരമായ തിരിച്ചടികൾ കൂടി നിലനിൽക്കുന്ന സാഹചര്യത്തിലാണ് മൃഗങ്ങളുടെ അവകാശങ്ങൾ സംരക്ഷിക്കണമെന്ന ആവശ്യവുമായി യുവാക്കൾ തെരുവിലിറങ്ങിയിരിക്കുന്നത്.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News