Enter your Email Address to subscribe to our newsletters

Thiruvananthapuram , 22 ഓഗസ്റ്റ് (H.S.)
തിരുവനന്തപുരം: ബാറ്റിങ് വെടിക്കെട്ടിലൂടെ അതിരുകൾ ഭേദിച്ച് അരുൺ പൗലോസ് കളംനിറഞ്ഞപ്പോൾ കേരള ക്രിക്കറ്റ് ലീഗിൽ ട്രിവാൻഡ്രം റോയൽസിനെതിരെ കൊല്ലം സെയ്ലേഴ്സിന് റൺമല. ബൗളർമാരെ കടന്നാക്രമിച്ച അരുൺ പൗലോസ് നൽകിയ മികച്ച തുടക്കമാണ് കൊല്ലത്തിന്റെ സ്കോർ ഇരുന്നൂറ് കടത്തിയത്.
26 പന്തിൽ നിന്നാണ് അരുൺ തന്റെ അർദ്ധസെഞ്ച്വറി പൂർത്തിയാക്കിയത്. ആകെ 32 പന്ത് നേരിട്ട താരം 62 റൺസ് അടിച്ചുകൂട്ടിയാണ് കളം വിട്ടത്. രാഹുൽ ചന്ദ്രനെ ബൗണ്ടറി കടത്തി റൺ വേട്ടയ്ക്ക് തുടക്കമിട്ട താരം പിന്നീട് സ്കോറിങ് വേഗം കുറച്ചതേയില്ല. ആദ്യ വിക്കറ്റ് വീണപ്പോൾ മൂന്നാമനായി ക്രീസിൽ എത്തിയ ക്യാപ്റ്റൻ വത്സൽ ഗോവിന്ദിനൊപ്പം ചേർന്നതോടെ അരുൺ കൂടുതൽ അപകടകാരിയായി.
രണ്ടാം വിക്കറ്റിൽ ഇരുവരും ചേർന്ന് പടുത്തുയർത്തിയ 67 റൺസിന്റെ കൂട്ടുകെട്ടാണ് ഇന്നിങ്സിന്റെ നട്ടെല്ലായി മാറിയത്. ഈ വെടിക്കെട്ട് പ്രകടനത്തിന്റെ മികവിൽ ആദ്യ പത്ത് ഓവറിൽ തന്നെ ടീം സ്കോർ 97-ൽ എത്തിക്കാൻ സെയ്ലേഴ്സിന് കഴിഞ്ഞു.
ആറ് മനോഹരമായ ഫോറുകളും അഞ്ച് പടുകൂറ്റൻ സിക്സറുകളും അടങ്ങുന്നതായിരുന്നു അരുണിന്റെ ഇന്നിങ്സ്. എം. നിഖിൽ, സിജോമോൻ, ശ്രീഹരി എന്നിവരുടെ പന്തുകളെ ബൗണ്ടറി കടത്തിയ അരുൺ ഗാലറിയെ ആവേശത്തിലാഴ്ത്തി. സിജോമോൻ എറിഞ്ഞ ഓവറിലായിരുന്നു കാണികളെ ഹരംകൊള്ളിച്ച താരത്തിന്റെ ആദ്യ സിക്സർ പിറന്നത്. അരുൺ ഫോമിലായതോടെ റണ്ണൊഴുക്ക് തടയാൻ റോയൽസ് ക്യാമ്പ് ശരിക്കും വിയർത്തു. ഒടുവിൽ വ്യക്തിഗത സ്കോർ 62-ൽ നിൽക്കെ എം. നിഖിലിന്റെ പന്തിൽ സിജോമോൻ എടുത്ത മികച്ചൊരു ക്യാച്ചിലൂടെയാണ് അരുൺ പൗലോസ് തീർത്ത കൊടുങ്കാറ്റ് ശമിച്ചത്.
ഈ സീസണിലെ ഏറ്റവും പ്രായമേറിയ താരം കൂടിയായ അരുൺ പൗലോസും ക്യാപ്റ്റൻ വത്സലും ചേർന്നുള്ള സഖ്യം കൊല്ലം സെയ്ലേഴ്സിന് മത്സരത്തിൽ വ്യക്തമായ ആധിപത്യമാണ് സമ്മാനിച്ചത്.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR