Enter your Email Address to subscribe to our newsletters

Thiruvananthapuram, 22 ഓഗസ്റ്റ് (H.S.)
സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിലെ ചികിത്സാസംവിധാനത്തിൽ സമഗ്ര മാറ്റത്തിനൊരുങ്ങി ആരോഗ്യവകുപ്പ്. ജില്ലാ, ജനറൽ ആശുപത്രികളിൽ ഇനിമുതൽ 24 മണിക്കൂറും സ്പെഷ്യലിസ്റ്റ് ഡോക്ടർമാരുടെ സേവനം ലഭ്യമാക്കാനാണ് സർക്കാർ തീരുമാനം. സാധാരണ ഒപി സമയം കഴിഞ്ഞും രാത്രിയിലും വിദഗ്ധ ഡോക്ടർമാരുടെ സാന്നിധ്യം ആശുപത്രികളിൽ ഉറപ്പാക്കും.
രോഗികൾക്ക് ഉണ്ടാകുന്ന അധിക സാമ്പത്തിക ബാധ്യത ഒഴിവാക്കുന്നതിനൊപ്പം മെഡിക്കൽ കോളജുകളിലേക്കുള്ള അനാവശ്യ റഫറലുകൾ കുറയ്ക്കുക എന്നതാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം. നിലവിൽ താലൂക്ക്, ജില്ലാ ആശുപത്രികളിൽ നിന്ന് ചെറിയ അസുഖങ്ങൾക്ക് പോലും മെഡിക്കൽ കോളജുകളിലേക്ക് രോഗികളെ മാറ്റുന്നത് വലിയ പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്. പുതിയ സംവിധാനം വരുന്നതോടെ ഇതിന് പരിഹാരമാകും.
ആറുമാസത്തിനുള്ളിൽ പദ്ധതി സംസ്ഥാനത്ത് പൂർണമായി നടപ്പാക്കാനാണ് തീരുമാനം. സർജറി, ഓർത്തോ, ജനറൽ മെഡിസിൻ, ഗൈനക്കോളജി, പീഡിയാട്രിക്സ് എന്നീ വിഭാഗങ്ങളിലെ വിദഗ്ധരുടെ സേവനമാണ് പ്രധാനമായും ഉറപ്പാക്കുക. ഒപി സമയം കഴിഞ്ഞാലും ഒരു സ്പെഷ്യലിസ്റ്റ് ഡോക്ടർ ആശുപത്രിയിൽ തുടരും. രാത്രിയിലും അടിയന്തര ചികിത്സയ്ക്കായി വിദഗ്ധ ഡോക്ടറുടെ സേവനം ലഭ്യമാകും.
ഡോ ഷിനു കെഎസ് ആയിരിക്കും പദ്ധതിയുടെ സ്പെഷ്യൽ ഓഫിസർ. പുനലൂർ താലൂക്ക് ആശുപത്രിയിലാണ് ആദ്യഘട്ടത്തിൽ പദ്ധതി നടപ്പാക്കുന്നത്. ഇതിനായി സ്പെഷ്യലിസ്റ്റ് ഡോക്ടർമാരെ ഇവിടേക്ക് പുനർവിന്യസിക്കും. തിരുവനന്തപുരം ജനറൽ ആശുപത്രിയിലും കൊല്ലം ജില്ലാ ആശുപത്രിയിലും 24 മണിക്കൂറും കാത്ത് ലാബ് പ്രവർത്തിപ്പിക്കാനും തീരുമാനിച്ചിട്ടുണ്ട്.
ജില്ലാ, ജനറൽ ആശുപത്രികളിൽ തന്നെ കൂടുതൽ രോഗികൾക്ക് വിദഗ്ധ ചികിത്സ ലഭ്യമാക്കുന്നതിലൂടെ മെഡിക്കൽ കോളജുകളിലേക്കുള്ള ദീർഘദൂര യാത്രയും സ്വകാര്യ ആശുപത്രികളിലെ വലിയ ചികിത്സാചെലവും സാധാരണക്കാർക്ക് ഒഴിവാക്കാനാകുമെന്നാണ് വിലയിരുത്തൽ. പദ്ധതി നടപ്പാകുന്നതോടെ സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിലെ അടിസ്ഥാന ചികിത്സാസൗകര്യങ്ങളിൽ വലിയ മാറ്റമുണ്ടാകുമെന്നാണ് ആരോഗ്യവകുപ്പിൻ്റെ പ്രതീക്ഷ.
സുതാര്യത ഉറപ്പാക്കാൻ പുതിയ നിർദേശം
സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിലെ ഡോക്ടർമാരുടെ വിവരങ്ങൾ പരസ്യമായി പ്രദർശിപ്പിക്കണമെന്ന് കഴിഞ്ഞ ദിവസം ആരോഗ്യമന്ത്രി കെ മുരളീധരൻ നിർദേശം നൽകിയിരുന്നു. സർക്കാർ ആരോഗ്യകേന്ദ്രങ്ങളിലെ സേവനങ്ങൾ കൂടുതൽ സുതാര്യവും രോഗീസൗഹൃദവുമാക്കുന്നതിൻ്റെ ഭാഗമായാണ് ഡോക്ടർമാരുടെ വിവരങ്ങൾ പൊതുജനങ്ങളുടെ അറിവിലേക്ക് വ്യക്തമായി പ്രദർശിപ്പിക്കാൻ നിർദേശം നൽകിയത്.
ഡോക്ടർമാരുടെ പേരും ഒപി ദിവസവും സമയവും കൃത്യമായി ബോർഡിൽ പ്രദർശിപ്പിക്കണം. സംസ്ഥാനത്തെ താഴെത്തട്ടിലെ പല ആശുപത്രികളിലും ഒപി സമയത്ത് ഡോക്ടർമാരില്ലെന്നും രോഗികൾ മണിക്കൂറുകളോളം കാത്തുനിൽക്കേണ്ട സ്ഥിതിയാണെന്നും കാണിച്ച് ജനങ്ങളിൽ നിന്ന് വ്യാപകമായി പരാതികൾ ലഭിച്ച സാഹചര്യത്തിലാണ് മന്ത്രിയുടെ ഇടപെടൽ.
പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾ മുതൽ താലൂക്ക് ഹെഡ്ക്വാർട്ടേഴ്സ് ആശുപത്രികൾ വരെയുള്ള എല്ലാ സർക്കാർ ആരോഗ്യസ്ഥാപനങ്ങളിലും പേരുവിവരങ്ങൾ പ്രദർശിപ്പിക്കുന്നത് അടിയന്തരമായി നടപ്പാക്കാൻ മന്ത്രി ആരോഗ്യവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിക്ക് നിർദേശം നൽകിയിട്ടുണ്ട്. ആരോഗ്യകേന്ദ്രത്തിൽ അനുവദിച്ച ഡോക്ടർ തസ്തികകളുടെ എണ്ണം, നിലവിലുള്ള ഒഴിവുകൾ, ഓരോ ഡോക്ടറുടെയും ഒപി സമയം, കൺസൾട്ടേഷൻ സമയക്രമം എന്നീ വിവരങ്ങൾ രോഗികൾക്കും പൊതുജനങ്ങൾക്കും എളുപ്പത്തിൽ കാണാവുന്ന രീതിയിൽ സ്ഥാപിക്കണം. ഈ വിവരങ്ങളിൽ വ്യത്യാസം വരുന്ന മുറയ്ക്ക് കൃത്യമായ ഇടവേളകളിൽ ബോർഡുകൾ പുതുക്കണമെന്നും കർശന നിർദേശമുണ്ട്.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR