Enter your Email Address to subscribe to our newsletters

Kannur , 22 ഓഗസ്റ്റ് (H.S.)
വിവാദമായ പാലത്തായി പോക്സോ കേസിൽ വിചാരണക്കോടതി വിധിച്ച ജീവപര്യന്തം തടവ് ഹൈക്കോടതി മരവിപ്പിച്ചതിനെ തുടർന്ന് പ്രതി കെ പത്മരാജൻ ഇന്ന് ജയിൽ മോചിതനാകും. വിചാരണക്കോടതി വിധിയിൽ പ്രഥമദൃഷ്ട്യാ തെറ്റുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി ശിക്ഷ മരവിപ്പിച്ച് ഉപാധികളോടെ ജാമ്യം അനുവദിച്ചത്.
ഇരയായ പെൺകുട്ടിയുടെ മൊഴികളിൽ കാര്യമായ വൈരുധ്യങ്ങളും തിരുത്തലുകളും ഉണ്ടെന്ന പ്രതിഭാഗത്തിൻ്റെ വാദം പ്രസക്തമാണെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. കുട്ടിയുടെ മൊഴിയിൽ പലപ്പോഴായി കൂട്ടിച്ചേർക്കലുകളും മാറ്റങ്ങളും വന്നിട്ടുണ്ട്. ലോക്കൽ പൊലീസിൻ്റെയും ക്രൈംബ്രാഞ്ചിൻ്റെയും അന്വേഷണ നിഗമനങ്ങൾ പരസ്പരം വ്യത്യസ്തമാണ്. കുറ്റകൃത്യം നടന്നുവെന്ന് പറയുന്ന സ്ഥലം സംബന്ധിച്ചും സംശയം നിലനിൽക്കുന്നുണ്ട്. ഇതിനുപുറമെ വൈദ്യപരിശോധന ഫലങ്ങളിലും പ്രതിഭാഗത്തിൻ്റെ വാദം പൂർണമായി തള്ളിക്കളയാനാകില്ലെന്നും കോടതി വ്യക്തമാക്കി. അപ്പീലിൽ വാദിക്കാൻ വ്യക്തമായ ന്യായങ്ങളുണ്ടെന്ന് വിലയിരുത്തിയാണ് ഒരു ലക്ഷം രൂപയുടെ ബോണ്ടും രണ്ടാൾ ജാമ്യവും ഉൾപ്പെടെയുള്ള വ്യവസ്ഥകളിൽ പ്രതിക്ക് ജാമ്യം നൽകിയത്.
സർക്കാരിനെതിരെ സിപിഎംപത്മരാജന് ജാമ്യം ലഭിച്ചത് പ്രോസിക്യൂഷൻ്റെ ഒത്തുകളി കൊണ്ടാണെന്ന് സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി കെ കെ രാഗേഷ് ആരോപിച്ചു. കഴിഞ്ഞ എൽഡിഎഫ് സർക്കാരാണ് പ്രതിക്ക് ശിക്ഷ വാങ്ങി നൽകിയത്. എന്നാൽ നിലവിലെ സർക്കാർ ഇടപെടൽ ഇല്ലാതെ പ്രോസിക്യൂഷൻ ഇത്ര ലാഘവബുദ്ധിയോടെ കേസിനെ സമീപിക്കില്ലെന്നും ഇതിൻ്റെ ഉത്തരവാദിത്തത്തിൽ നിന്ന് സർക്കാരിന് ഒഴിഞ്ഞുമാറാനാകില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
പാലത്തായി പോക്സോ കേസ്പത്ത് വയസുകാരിയായ വിദ്യാർഥിനിയെ അധ്യാപകനായ പത്മരാജൻ ലൈംഗികമായി പീഡിപ്പിച്ചെന്നാണ് കേസ്. 2020ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. സ്കൂളിലെ ശുചിമുറിയിലും വീട്ടിലും വച്ചായിരുന്നു പീഡനം. 2020 മാർച്ച് 16നാണ് കുട്ടിയുടെ കുടുംബം ഡിവൈഎസ്പിക്ക് പരാതി നൽകിയത്. ബിജെപി പ്രാദേശിക നേതാവ് കൂടിയായ പത്മരാജനെതിരെ പാനൂർ പൊലീസ് ആദ്യം കേസെടുക്കാൻ തയാറായിരുന്നില്ല. തീയതി സംബന്ധിച്ച മൊഴിയിലെ വൈരുധ്യം ചൂണ്ടിക്കാട്ടി പൊലീസ് കേസ് തള്ളുകയായിരുന്നു. പിന്നീട് വ്യാപക പ്രതിഷേധമുയർന്നതോടെയാണ് പോക്സോ വകുപ്പ് ചുമത്തി കേസെടുത്തത്. തുടർന്ന് 2020 ഏപ്രിൽ 15ന് ഒളിവിൽ കഴിയുകയായിരുന്ന പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു.
അന്വേഷണം ശരിയായ ദിശയിലല്ലെന്ന് ആരോപിച്ച് കുടുംബം കോടതിയെ സമീപിച്ചതോടെ കേസ് ക്രൈംബ്രാഞ്ചിന് കൈമാറി. ആദ്യഘട്ടത്തിൽ ക്രൈംബ്രാഞ്ച് കുറ്റപത്രത്തിൽ നിന്ന് പോക്സോ വകുപ്പ് ഒഴിവാക്കിയതോടെ പ്രതിക്ക് ജാമ്യം ലഭിച്ചു. ഇതിനെതിരെ മാതാപിതാക്കൾ ഹൈക്കോടതിയെ സമീപിച്ചതോടെ അന്വേഷണ ചുമതല നാർക്കോട്ടിക് സെൽ എഎസ്പി രേഷ്മ രമേഷിന് കൈമാറി. പിന്നീട് അന്നത്തെ ഡിഐജി എസ് ശ്രീജിത്തിന് അന്വേഷണ ചുമതല നൽകിയെങ്കിലും പ്രതി നിരപരാധിയാണെന്ന് അദ്ദേഹം പറയുന്ന ശബ്ദരേഖ പുറത്തുവന്നത് വലിയ വിവാദമായി.
തുടർന്ന് എഡിജിപി ജയരാജിൻ്റെ മേൽനോട്ടത്തിൽ ഡിവൈഎസ്പി ടി കെ രത്നകുമാർ അന്വേഷണം ഏറ്റെടുത്തു. ഈ സംഘമാണ് ശുചിമുറിയിൽ നിന്ന് രക്തസാമ്പിളുകൾ ഉൾപ്പെടെയുള്ള നിർണായക തെളിവുകൾ കണ്ടെത്തി പോക്സോ വകുപ്പ് ചുമത്തി അന്തിമ കുറ്റപത്രം സമർപ്പിച്ചത്. 2024 ഫെബ്രുവരി 23ന് വിചാരണ ആരംഭിച്ച കേസിൽ 2025 നവംബർ 14നാണ് തലശേരി പോക്സോ അതിവേഗ കോടതി പ്രതി കുറ്റക്കാരനാണെന്ന് കണ്ടെത്തി ജീവപര്യന്തം തടവിന് ശിക്ഷിച്ചത്. ഈ വിധിയാണ് ഇപ്പോൾ ഹൈക്കോടതി മരവിപ്പിച്ചിരിക്കുന്നത്.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR