പാലക്കാട് റെയിൽവേ ഡിവിഷൻ വിഭജനം:കേന്ദ്ര സർക്കാർ തീരുമാനം അടിയന്തരമായി പിൻവലിക്കണമെന്ന് കെ സുധാകരൻ എംപി.
Kannur , 22 ഓഗസ്റ്റ് (H.S.) പാലക്കാട് റെയിൽവേ ഡിവിഷൻ വിഭജിച്ച് മംഗളൂരു ഉൾപ്പെടുന്ന ഭാഗങ്ങൾ മൈസൂർ ഡിവിഷൻ്റെ ഭാഗമാക്കാനുള്ള കേന്ദ്ര സർക്കാർ തീരുമാനം അടിയന്തരമായി പിൻവലിക്കണമെന്ന് കെ സുധാകരൻ എംപി. ഇക്കാര്യം ആവശ്യപ്പെട്ട് കേന്ദ്ര റെയിൽവേ മന്ത്രി അശ്വി
K Sudhakaran


Kannur , 22 ഓഗസ്റ്റ് (H.S.)

പാലക്കാട് റെയിൽവേ ഡിവിഷൻ വിഭജിച്ച് മംഗളൂരു ഉൾപ്പെടുന്ന ഭാഗങ്ങൾ മൈസൂർ ഡിവിഷൻ്റെ ഭാഗമാക്കാനുള്ള കേന്ദ്ര സർക്കാർ തീരുമാനം അടിയന്തരമായി പിൻവലിക്കണമെന്ന് കെ സുധാകരൻ എംപി. ഇക്കാര്യം ആവശ്യപ്പെട്ട് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവിന് അദ്ദേഹം നേരിട്ട് കത്ത് നൽകി. ജനപ്രതിനിധികളുമായി ചർച്ച ചെയ്യാതെയുള്ള ഏകപക്ഷീയമായ നടപടി കേരളത്തിന് വലിയ സാമ്പത്തിക നഷ്ടമുണ്ടാക്കുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

പാലക്കാട് ഡിവിഷന് കനത്ത തിരിച്ചടി

പാലക്കാട് റെയിൽവേ ഡിവിഷൻ വിഭജിക്കാൻ തീരുമാനിച്ചതായി റെയിൽവേ ഔദ്യോഗികമായി ഉത്തരവിറക്കിയിട്ടുണ്ട്. ഒക്ടോബർ ഒന്നു മുതൽ ഈ മാറ്റം പ്രാബല്യത്തിൽ വരും. പുതിയ ഉത്തരവ് പ്രകാരം കാസർകോട് അതിർത്തി മുതൽ ദക്ഷിണ കർണാടകയിലെ വിവിധ പ്രദേശങ്ങൾ പാലക്കാട് ഡിവിഷനിൽ നിന്ന് വേർപെടുത്തും. മംഗളൂരു സ്റ്റേഷൻ ഉൾപ്പെടെയുള്ള സുപ്രധാന മേഖലകൾ ഇനി മൈസൂർ ഡിവിഷന് കീഴിലാകും. നിലവിൽ സതേൺ റെയിൽവേയുടെ ഭാഗമായ മംഗളൂരു മേഖല ഇനിമുതൽ സൗത്ത് വെസ്റ്റേൺ റെയിൽവേയുടെ ഭാഗമായി മാറും. പാലക്കാട് റെയിൽവേ ഡിവിഷന് ഏറ്റവും കൂടുതൽ വരുമാനം നൽകുന്ന പനമ്പൂർ സ്റ്റേഷൻ അടക്കം മൈസൂർ ഡിവിഷനിലേക്ക് മാറ്റുന്നതോടെ വലിയ തിരിച്ചടിയാണ് കേരളത്തിന് നേരിടേണ്ടി വരിക. ഏകദേശം 1100 കോടിയോളം രൂപയുടെ വരുമാന നഷ്ടമാണ് പാലക്കാട് ഡിവിഷന് ഇതുവഴി ഉണ്ടാകുക. നേരത്തെ തന്നെ ഇതുസംബന്ധിച്ച് ചർച്ചകൾ നടന്നിരുന്നു.

ദീർഘകാലമായി പാലക്കാട് ഡിവിഷൻ്റെ ഭാഗമായി പ്രവർത്തിച്ചുവരുന്ന പ്രദേശങ്ങളെ മറ്റൊരു ഡിവിഷനിലേക്ക് മാറ്റുന്നത് റെയിൽവേയുടെ ഭരണപരമായ കാര്യക്ഷമതയെ പ്രതികൂലമായി ബാധിക്കുമെന്ന് കെ സുധാകരൻ വ്യക്തമാക്കി. യാത്രക്കാരുടെ സൗകര്യങ്ങളെയും ഇത് ഇല്ലാതാക്കും. ഇത്രയും പ്രധാനപ്പെട്ട ഒരു തീരുമാനം കൈക്കൊള്ളുന്നതിന് മുൻപ് ബന്ധപ്പെട്ട ജനപ്രതിനിധികളുമായോ പ്രദേശത്തെ ജനങ്ങളുമായോ യാതൊരുവിധ ചർച്ചകളും നടത്തിയിട്ടില്ല. ജനങ്ങളുടെ താത്പര്യങ്ങളും ജനപ്രതിനിധികളുടെ അഭിപ്രായങ്ങളും പരിഗണിക്കാതെ നടത്തുന്ന ഇത്തരം നടപടികൾ പ്രതിഷേധാർഹമാണെന്നും അദ്ദേഹം പറഞ്ഞു.

പാലക്കാട് ഡിവിഷൻ്റെ വരുമാനത്തിലും പ്രവർത്തന മേഖലയിലും ഉണ്ടാകുന്ന ഈ വലിയ കുറവ് ഭാവിയിൽ കേരളത്തിലെ റെയിൽവേ വികസന പ്രവർത്തനങ്ങളെ സാരമായി ബാധിക്കും. പുതിയ ട്രെയിൻ സർവീസുകൾ, അടിസ്ഥാന സൗകര്യ വികസനം തുടങ്ങിയ സംസ്ഥാനത്തിൻ്റെ ആവശ്യങ്ങൾക്ക് ഇത് വലിയ തടസമാകും. മുൻപ് സേലം ഡിവിഷൻ രൂപീകരിച്ചപ്പോഴും പാലക്കാട് ഡിവിഷൻ്റെ സുപ്രധാന ഭാഗങ്ങൾ കേരളത്തിന് നഷ്ടപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ മംഗളൂരു മേഖലയും മൈസൂർ ഡിവിഷനിലേക്ക് മാറ്റുന്നത്. ചരക്കുനീക്കത്തിലൂടെ വലിയ സാമ്പത്തിക ലാഭം നൽകുന്ന നവമംഗളൂരു തുറമുഖം ഉൾപ്പെടുന്ന പനമ്പൂർ മേഖല നഷ്ടപ്പെടുന്നത് പാലക്കാട് ഡിവിഷൻ്റെ നിലനിൽപ്പിനെ തന്നെ ചോദ്യം ചെയ്യുന്നതാണ്.

ഈ സാഹചര്യത്തിൽ വിഷയം അടിയന്തരമായി പുനഃപരിശോധിക്കണമെന്ന് കേന്ദ്ര റെയിൽവേ മന്ത്രാലയത്തോട് കെ സുധാകരൻ ആവശ്യപ്പെട്ടു. പാലക്കാട് റെയിൽവേ ഡിവിഷൻ്റെ നിലവിലുള്ള പരിധി നിലനിർത്തണം. ദക്ഷിണ കർണാടക പ്രദേശങ്ങളെ മൈസൂർ ഡിവിഷനിലേക്ക് മാറ്റാനുള്ള തീരുമാനം പിൻവലിച്ച് പാലക്കാട് റെയിൽവേ ഡിവിഷൻ്റെ താത്പര്യങ്ങൾ സംരക്ഷിക്കാൻ കേന്ദ്ര സർക്കാർ അടിയന്തര നടപടി സ്വീകരിക്കണമെന്നും അദ്ദേഹം കത്തിൽ വ്യക്തമാക്കി.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News