Enter your Email Address to subscribe to our newsletters

Thiruvananthapuram, 22 ഓഗസ്റ്റ് (H.S.)
ഓണം എന്നത് ആഘോഷം എന്നതിനപ്പുറം ബന്ധുക്കളുടെ സമാഗമം കൂടിയാകുമ്പോഴാണ് മലയാളികള്ക്ക് അത് പൂര്ണതയിലെത്തുന്നത്. ഇതിനായി ജോലി സ്ഥലത്തുള്ളവര് വീടു പൂട്ടി ബന്ധു വീടുകളിലേക്കും തറവാടുകളിലേക്കും യാത്ര ഓണക്കാലത്തു പതിവാണ്.
ചിലര് ദിവസങ്ങള് നീണ്ടു നില്ക്കുന്ന ഉല്ലാസ യാത്രയായിരിക്കും പ്ലാന് ചെയ്യുന്നത്. ഇതിനായി ദിവസങ്ങളോളം വീടു പൂട്ടിയിട്ടാകും യാത്രകള്ക്കു പുറപ്പെടുക. എന്നാല് വീടിനുള്ളില് വിലപിടിപ്പുള്ള ആഭരണങ്ങളും ഉപകരണങ്ങളും പണവുമൊക്കെ സുരക്ഷിത സ്ഥാനങ്ങളിലാക്കിയെന്നു കരുതിയാണ് പോകുന്നത്.
എന്നാല് ഇവിടെ അതിവിദഗ്ദരായ കവര്ച്ചാ സംഘം വീടിനുള്ളില് കടന്ന് ഈ പണവും ആഭരണങ്ങളുമെല്ലാം കവര്ന്നു കൊണ്ടു പോയ വിവരം തിരികെയെത്തുമ്പോഴാണ് പലരും ഞെട്ടലോടെ അറിയുന്നത്. ഈ ഓണക്കാലത്ത് ഇത്തരം അബദ്ധത്തില് മലയാളികള് അകപ്പെടാതിരിക്കാന് മുന് കരുതലും സഹായവുമായി എത്തുകയാണ് കേരള പൊലീസ്.
കേരള പൊലീസിൻ്റെ സേവനങ്ങള് പൊതു ജനങ്ങള്ക്ക് ലഭ്യമാക്കുന്നതിനായി നിലിവിലുള്ള പോള് ആപ്പ് മലയാളികള്ക്ക് പ്രയോജനപ്പെടുത്താം. പോള് ആപ്പ് സ്വന്തം മൊബൈല് ഫോണുകളില് ഇല്ലാത്തവര്ക്ക് പ്ലേ സ്റ്റോറില് നിന്നോ ഐഒഎസ് വഴിയോ പോള് ആപ്പ് ഡൗണ് ലോഡ് ചെയ്യാം. പോള് ആപ്പിലെ ലോക്ക്ഡ് ഹൗസ് എന്ന ഓപ്ഷനില് കയറി അച്ചിട്ടു പോകുന്ന വീടുകളുടെ ഡീറ്റൈല്സും ലൊക്കേഷനും നല്കിയാല് ഈ വീടുകള്ക്ക് പൊലീസ് പട്രോളിംഗ് സംഘത്തിൻ്റെ നിരീക്ഷണം ഉണ്ടായിരിക്കും.
ഈ വീടുകളുടെ പരിസരത്ത് രാത്രിയും പകലും പൊലീസ് നിരീക്ഷണം അതാത് പൊലീസ് സ്റ്റേഷനുകളില് നിന്ന് ഉണ്ടാകും. പൊതു ജനങ്ങള്ക്ക് ഓണക്കാലത്തു മാത്രമല്ല എല്ലാക്കാലത്തും ഈ സൗകര്യം പ്രയോജനപ്പെടുത്താമെന്ന് സ്റ്റേറ്റ് ക്രൈം റിക്കോര്ഡ് ബ്യൂറോ ഐജി പി പ്രകാശ് ഇടിവി ഭാരതിനോടു പറഞ്ഞു.
എന്നാല് ഓണക്കാലത്ത് ഇത്തരം സംഭവങ്ങള് കൂടുതലായി സംഭവിക്കാന് സാധ്യതയുള്ളതിനാല് ഇപ്പോള് വീടുകള് ലോക്ക് ചെയ്ത് യാത്ര പോകുന്നവര്ക്ക് ഈ സൗകര്യം പ്രയോജനപ്പെടുത്താമെന്ന് അദ്ദേഹം പറഞ്ഞു. ഇതിനായി നമ്മള് യാത്ര പോകുന്ന കാര്യം ആപ്പിലെ ലോക്ക്ഡ് ഹൗസ് വിഭാഗത്തില് 48 മണിക്കൂര് മുന്പെങ്കിലും രജിസ്റ്റര് ചെയ്തിരിക്കണം.
നിങ്ങള്ക്ക് എത്ര കാലത്തേക്കു വേണമെങ്കിലും പൊലീസ് നിരീക്ഷണം ലഭിക്കുമെന്ന് ഐജി പറഞ്ഞു. അതിനര്ത്ഥം വര്ഷങ്ങളോളം എന്നല്ലെന്നും പരമാവധി ഒരു മാസം വരെയൊക്കെ ഇത്തരം സൗകര്യം ലഭിക്കുമെന്ന് അദ്ദേഹം പറഞ്ഞു. യാത്ര പോകുന്ന തീയതി, വീടിൻ്റെ ലൊക്കേഷന്, വീട്ടു പേര്, അടിയന്തിര സാഹചര്യത്തില് ബന്ധപ്പെടാന് സമീപത്തുള്ള ബന്ധുക്കളുടെയോ അയല് വാസികളുടെയോ പേരും ഫോണ് നമ്പര് എന്നിവയും ആപ്പില് രേഖപ്പെടുത്തണം.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR