Enter your Email Address to subscribe to our newsletters

Kerala, 22 ഓഗസ്റ്റ് (H.S.)
72-ാമത് നെഹ്റു ട്രോഫി ജലമേളയുടെ കനകക്കിരീടം സ്വന്തമാക്കി 'അരോമ-1' ചുണ്ടൻ. കൊല്ലം പരവൂർ അരോമ ബോട്ട് ക്ലബ്ബ് തുഴഞ്ഞ അരോമ-1 ചുണ്ടനാണ് പുന്നമടക്കായലിലെ ഓളപ്പരപ്പിൽ ചരിത്രവിജയം കുറിച്ചത്. രഞ്ജിത് സജീവ് കൊച്ചുരാമൻ, ജിതിൻ വർഗീസ് എന്നിവർ നയിച്ച അരോമ ടീം 4 മിനിറ്റ് 23.328 സെക്കൻഡിൽ ഫിനിഷിങ് ലൈൻ മറികടന്നാണ് ഒന്നാം സ്ഥാനം നേടിയത്.
മത്സരത്തിൻ്റെ അവസാന സെക്കൻഡുകൾ വരെ ശ്വാസമടക്കിപ്പിടിച്ചുള്ള പോരാട്ടമാണ് പുന്നമടയിൽ അരങ്ങേറിയത്. പിബിസി പുന്നമട, NCFC ബോട്ട് ക്ലബ്ബുകൾ തുഴഞ്ഞ 'നടുഭാഗം' ചുണ്ടൻ അരോമയ്ക്ക് തൊട്ടുപിന്നാലെ 4 മിനിറ്റ് 23.448 സെക്കൻഡിൽ ഫിനിഷ് ചെയ്ത് രണ്ടാം സ്ഥാനം നേടി. വെറും സെക്കൻഡുകളുടെ വ്യത്യാസത്തിലാണ് നടുഭാഗത്തിന് കിരീടം നഷ്ടമായത്.
യുബിസി കൈനകരി എഫ് സി തുഴഞ്ഞ 'വീയപുരം' ചുണ്ടൻ മൂന്നാം സ്ഥാനവും (സമയം: 4.23.770), പള്ളാത്തുരുത്തി ബോട്ട് ക്ലബ് തുഴഞ്ഞ 'മേൽപ്പാടം' ചുണ്ടൻ നാലാം സ്ഥാനവും (സമയം: 4.24.015) സ്വന്തമാക്കി. ഫൈനലിൽ മാറ്റുരച്ച നാല് ചുണ്ടൻ വള്ളങ്ങളും ഒരു സെക്കൻഡിന്റെ വ്യത്യാസത്തിലാണ് ഫിനിഷ് ചെയ്തതെന്നത് ഇത്തവണത്തെ മത്സരത്തിൻ്റെ വാശി വ്യക്തമാക്കുന്നു..
അതേസമംയ, ഹീറ്റ്സ് മത്സരങ്ങള്‍ അവസാനിച്ചതോടെയാണ് നെഹ്റു ട്രോഫി ജലോത്സവത്തിൻ്റെ ഫൈനലിസ്റ്റുകളായി മേൽപ്പാടം, വീയപുരം, അരോമ, നടുഭാഗം എന്നീ ചുണ്ടൻ വള്ളങ്ങള്‍ ഫൈനലിൽ ഏറ്റുമുട്ടിയത്. ആറാം ഹീറ്റ്സിൽ ആനാരി ബോട്ട് ക്ലബ് തുഴഞ്ഞ ആനാരി ചുണ്ടൻ ഒന്നാം സ്ഥാനത്തെത്തി. ആദ്യ ഹീറ്റ്സിൽ യുബിസി കൈനകരി ഫാൻസ് ബോട്ട് ക്ലബ് തുഴഞ്ഞ വീയപുരം ചുണ്ടൻ ഒന്നാമതെത്തി. കഴിഞ്ഞ തവണ വീയപുരത്തിന് കിരീടം നേടിക്കൊടുത്ത വില്ലേജ് ബോട്ട് ക്ലബ് തുഴഞ്ഞ തലവടി ചുണ്ടൻ രണ്ടാം സ്ഥാനവും ഐബിആർഎ കൊച്ചിൻ തുഴഞ്ഞ ആയാപറമ്പ് പാണ്ടി മൂന്നാം സ്ഥാനവും നേടി.
കുമരകം കെടിബിസി ഫാൻസ് ക്ലബ് തുഴഞ്ഞ കരുവാറ്റ ശ്രീ വിനായകൻ നാലാമതായി ഫിനിഷ് ചെയ്തു. രണ്ടാം ഹീറ്റ്സിൽ ചമ്പക്കുളം ബോട്ട് ക്ലബ് തുഴഞ്ഞ ചമ്പക്കുളം ചുണ്ടൻ ഒന്നാമതെത്തി. മൂന്നാം ഹീറ്റ്സിൽ പള്ളാത്തുരുത്തി ബോട്ട് ക്ലബ് തുഴഞ്ഞ മേൽപ്പാടം ഒന്നാം സ്ഥാനത്തെത്തി. നാലാം ഹീറ്റ്സിൽ പറവൂർ അരോമ ബോട്ട് ക്ലബ് തുഴഞ്ഞ അരോമ ഒന്ന് ഒന്നാമതെത്തിയപ്പോൾ നാട്ടകം എൻബിസിയുടെ ചെറുതന രണ്ടാം സ്ഥാനത്തെത്തി.
അഞ്ചാം ഹീറ്റ്സിൽ നിരണം ബോട്ട് ക്ലബ് തുഴഞ്ഞ നിരണം ചുണ്ടൻ ഒന്നാമതെത്തിയതോടെയാണ് ആറാം ഹീറ്റ്സിൽ ആനാരി ചുണ്ടൻ വിജയിച്ചത്. ഇതോടെ ചുണ്ടൻ വള്ളങ്ങളുടെ മത്സരത്തിന് ആവേശമേറി. രാവിലെ ചെറുവള്ളങ്ങളുടെ ഹീറ്റ്സ് മത്സരങ്ങളോടെയാണ് ജലമേളയ്ക്ക് തുടക്കമായത്.
---------------
Hindusthan Samachar / Sreejith S