കേരളത്തിന് കനത്ത തിരിച്ചടിയായി പാലക്കാട് റെയിൽവേ ഡിവിഷൻ വിഭജിക്കാൻ കേന്ദ്ര സർക്കാർ തീരുമാനം.
Kasaragod , 22 ഓഗസ്റ്റ് (H.S.) കേരളത്തിന് കനത്ത തിരിച്ചടിയായി പാലക്കാട് റെയിൽവേ ഡിവിഷൻ വിഭജിക്കാൻ കേന്ദ്ര സർക്കാർ തീരുമാനം. സതേൺ റെയിൽവേയുടെ കീഴിലുള്ള മംഗളൂരു സ്റ്റേഷൻ ഉൾപ്പെടെയുള്ള പ്രദേശങ്ങൾ സൗത്ത് വെസ്റ്റേൺ റെയിൽവേയിലെ മൈസൂരു ഡിവിഷനിലേക്ക് മാറ്
PALAKKAD DIVISION BIFURCATION


Kasaragod , 22 ഓഗസ്റ്റ് (H.S.)

കേരളത്തിന് കനത്ത തിരിച്ചടിയായി പാലക്കാട് റെയിൽവേ ഡിവിഷൻ വിഭജിക്കാൻ കേന്ദ്ര സർക്കാർ തീരുമാനം. സതേൺ റെയിൽവേയുടെ കീഴിലുള്ള മംഗളൂരു സ്റ്റേഷൻ ഉൾപ്പെടെയുള്ള പ്രദേശങ്ങൾ സൗത്ത് വെസ്റ്റേൺ റെയിൽവേയിലെ മൈസൂരു ഡിവിഷനിലേക്ക് മാറ്റി റെയിൽവേ ബോർഡ് ഉത്തരവിറക്കി. ഒക്ടോബർ ഒന്നു മുതൽ പുതിയ മാറ്റം പ്രാബല്യത്തിൽ വരും.

വരുമാനത്തിൽ വൻ ഇടിവ്

നിലവിൽ സതേൺ റെയിൽവേയുടെ ഭാഗമായ ഉള്ളാൾ മുതൽ മംഗളൂരു വരെയുള്ള പ്രദേശങ്ങളാണ് സൗത്ത് വെസ്റ്റേൺ റെയിൽവേയിൽ ലയിക്കുന്നത്. ഇതോടെ പാലക്കാട് ഡിവിഷന് വലിയ വരുമാനം നൽകുന്ന പനമ്പൂർ സ്റ്റേഷൻ അടക്കം മൈസൂരു ഡിവിഷൻ്റെ ഭാഗമാകും. പ്രതിദിനം 2.75 കോടി രൂപ വരുമാനമുള്ള പാലക്കാട് ഡിവിഷന് പുതിയ തീരുമാനത്തിലൂടെ 1100 കോടിയോളം രൂപയുടെ വാർഷിക വരുമാന നഷ്ടമുണ്ടാകുമെന്നാണ് വിലയിരുത്തൽ. ഡിവിഷൻ്റെ ചരക്ക് നീക്കത്തിൽ 90 ശതമാനവും മംഗളൂരു മേഖലയിൽ നിന്നാണ് ലഭിച്ചിരുന്നത്. വൻതോതിൽ അയിരുകൾ, രാസവളങ്ങൾ, രാസവസ്തുക്കൾ തുടങ്ങിയവയുടെ കയറ്റിറക്ക് നടക്കുന്ന പനമ്പൂർ ഗുഡ്സ് യാർഡ് നഷ്ടമാകുന്നത് ഡിവിഷൻ്റെ സാമ്പത്തിക അടിത്തറ തകർക്കും. ടിക്കറ്റ് വരുമാനത്തിൽ മുന്നിലുള്ള എ വൺ സ്റ്റാറ്റസുള്ള മംഗളൂരു സെൻട്രൽ, മംഗളൂരു ജങ്ഷൻ സ്റ്റേഷനുകളും ദക്ഷിണ പശ്ചിമ സോണിലേക്ക് മാറും.

തുടരുന്ന അവഗണന

റെയിൽവേയിൽ കർണാടകയുടെ മേൽക്കോയ്മ ഉറപ്പിക്കുന്നതാണ് മംഗളൂരു വെട്ടിമാറ്റുന്ന നടപടിയെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. കേരളത്തിന് സ്വന്തമായി ഒരു റെയിൽവേ സോൺ എന്ന ആവശ്യം ശക്തമായി നിലനിൽക്കുന്ന സാഹചര്യത്തിലാണ് ഉള്ള പ്രദേശം കൂടി നഷ്ടപ്പെടുന്നത്. കഞ്ചിക്കോട് കോച്ച് ഫാക്ടറി കേരളത്തിന് നിഷേധിച്ചതിന് പിന്നാലെയാണ് റെയിൽവേയുടെ പുതിയ പ്രഹരം. ഇത് മലബാർ മേഖലയിലെ റെയിൽവേ ലൈനുകളുടെയും സ്റ്റേഷനുകളുടെയും വികസനത്തെ സാരമായി ബാധിക്കും. കണ്ണൂരിൽ അവസാനിക്കുന്ന ട്രെയിനുകൾ മംഗളൂരുവിലേക്ക് നീട്ടണമെങ്കിൽ ഇനി മൈസൂരു ഡിവിഷൻ്റെ അനുമതി കൂടി വേണ്ടിവരും. കേരളത്തിലെ യാത്രക്കാർക്ക് പുതിയ ട്രെയിനുകൾ അനുവദിക്കുന്നതിലും നിലവിലെ ട്രെയിനുകളുടെ സമയം ക്രമീകരിക്കുന്നതിലും ഈ തീരുമാനം വലിയ തടസങ്ങൾ സൃഷ്ടിക്കും.

1956ൽ രൂപീകരിച്ച പാലക്കാട് ഡിവിഷൻ ഇന്ത്യയിലെ ഏറ്റവും പഴക്കമേറിയ റെയിൽവേ ഡിവിഷനുകളിൽ ഒന്നാണ്. യുപിഎ സർക്കാരിൻ്റെ കാലത്ത് പാലക്കാട് ഡിവിഷൻ വെട്ടിമുറിച്ചാണ് സേലം ഡിവിഷൻ രൂപീകരിച്ചത്. അതിനുശേഷവും പാലക്കാടിനെ ദുർബലപ്പെടുത്താൻ ആസൂത്രിത നീക്കങ്ങളുണ്ടായി. പാലക്കാടിനെ മംഗളൂരുവിൻ്റെ ഭാഗമാക്കാൻ മുൻപ് കേന്ദ്ര സർക്കാർ ശ്രമം നടത്തിയിരുന്നെങ്കിലും കടുത്ത പ്രതിഷേധത്തെ തുടർന്ന് കേരളം അതിനെ ചെറുത്തു തോൽപ്പിക്കുകയായിരുന്നു.

ഡിവിഷൻ വിഭജിക്കാനുള്ള നീക്കത്തെക്കുറിച്ച് നേരത്തെ ചർച്ചകൾ നടന്നിരുന്നെങ്കിലും വലിയ പ്രതിഷേധമാണ് അന്ന് ഉയർന്നത്. അങ്ങനെയൊരു ആലോചന ഇല്ലെന്നായിരുന്നു റെയിൽവേ മന്ത്രി അന്ന് വിശദീകരിച്ചിരുന്നത്. എന്നാൽ പുതിയ ഉത്തരവിലൂടെ കേരളത്തെ റെയിൽവേ പൂർണമായും അവഗണിച്ചിരിക്കുകയാണ്. അതേസമയം റെയിൽവേയുടെ നീക്കം അംഗീകരിക്കാൻ സാധിക്കില്ലെന്നും റെയിൽവേ മന്ത്രിക്ക് ഉടൻ കത്തയക്കുമെന്നും കാസർകോട് എംപി രാജ്മോഹൻ ഉണ്ണിത്താൻ വ്യക്തമാക്കി.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News