Enter your Email Address to subscribe to our newsletters

Thrissur , 22 ഓഗസ്റ്റ് (H.S.)
മുഖ്യമന്ത്രി വി.ഡി സതീശൻ്റെ നേതൃത്വത്തിലുള്ള യുഡിഎഫ് സർക്കാർ സംസ്ഥാനത്ത് പൂർണമായും പരാജയപ്പെട്ടെന്നും ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേർക്കറുടെ നടപടികൾ ഭരണഘടനാ വിരുദ്ധമാണെന്നും പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. തൻ്റെ മകൾ വീണയുമായി ബന്ധപ്പെട്ട് ഉയർന്ന സാമ്പത്തിക ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നും അദ്ദേഹം തൃശൂരിൽ മാധ്യമ പ്രവർത്തകരോട് പറഞ്ഞു.
സിപിഎമ്മിൻ്റെ ഒരു നേതാവും കുറുക്കുവഴികളിലൂടെ നേതൃത്വത്തിലേക്ക് എത്തുന്നവരല്ല. ദീർഘകാലത്തെ പ്രവർത്തനങ്ങളിലൂടെയും ജനകീയ അംഗീകാരത്തിലൂടെയുമാണ് ഓരോരുത്തരും നേതാവായി മാറുന്നത്. ഇതിന് വിരുദ്ധമായി വെള്ളാപ്പള്ളി നടേശൻ ഉൾപ്പെടെയുള്ളവർ നടത്തുന്ന പ്രസ്താവനകളെയും പ്രചാരണങ്ങളെയും പാർട്ടി തികഞ്ഞ അവജ്ഞയോടെ തള്ളിക്കളയുന്നു. സിഎംആർഎൽ എക്സാലോജിക് സാമ്പത്തിക ഇടപാട് കേസുമായി ബന്ധപ്പെട്ട് വീണ ഒരു ഹവാല ഇടപാടും നടത്തിയിട്ടില്ല.
വീണയുടെ അക്കൗണ്ടിൽ നിന്ന് മന്ത്രി പി.എ മുഹമ്മദ് റിയാസിൻ്റെ അക്കൗണ്ടിലേക്ക് പണം മാറ്റിയെന്ന വാർത്ത ഏത് അന്വേഷണ ഏജൻസി നൽകിയ വിവരത്തിൻ്റെ അടിസ്ഥാനത്തിലാണെന്ന് വ്യക്തമാക്കണം. മലയാള മനോരമ ഉൾപ്പെടെയുള്ള മാധ്യമങ്ങൾ യാതൊരു തെളിവുമില്ലാതെയാണ് ഇത്തരം വാർത്തകൾ സൃഷ്ടിക്കുന്നത്. താനോ തൻ്റെ കുടുംബമോ ഒരു ഹവാല ഇടപാടിനും നിന്നിട്ടില്ലെന്നും തൻ്റെ കൈകൾ എന്നും ശുദ്ധമാണെന്നും അദ്ദേഹം വ്യക്തമാക്കി. എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് (ഇഡി) അന്വേഷണത്തോട് പൂർണമായും സഹകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നിയമസഭയിൽ പ്രതിപക്ഷ ഉപനേതാവിനെ നിശ്ചയിക്കുന്നതുമായി ബന്ധപ്പെട്ട കത്ത് സ്പീക്കർക്ക് നൽകുമെന്നും അദ്ദേഹം അറിയിച്ചു.
ഭരണഘടനാ വിരുദ്ധ നടപടികൾ
അധികാരത്തിലിരിക്കുന്നവർ ഭരണഘടനാ വിരുദ്ധമായി പ്രവർത്തിക്കുമ്പോൾ അതിനെതിരെ ശക്തമായി പ്രതികരിക്കാൻ ബാധ്യതപ്പെട്ടവർ തയാറാകണം. ഡിജിപിയെ വിളിച്ചുവരുത്തിയതും തന്നിഷ്ടപ്രകാരം വൈസ് ചാൻസലർമാരെ നിയമിക്കുന്നതും ഉൾപ്പെടെ ഗവർണറുടെ നടപടികൾ ഭരണഘടനാ വിരുദ്ധമാണ്. സർക്കാരിൻ്റെ അധികാരത്തിൽ ഗവർണർ കടന്നുകയറുന്നതിനെ കഴിഞ്ഞ എൽഡിഎഫ് സർക്കാർ ശക്തമായി എതിർത്തിരുന്നു. എന്നാൽ നിലവിലെ യുഡിഎഫ് സർക്കാർ തുടർച്ചയായി സംഘപരിവാർ വിധേയത്വം കാണിക്കുകയാണെന്നും ശക്തമായ നിലപാട് സ്വീകരിക്കുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കേരള സർവകലാശാല വിസി ഡോ. മോഹൻ കുന്നുമ്മലിനെതിരായ വിദ്യാർഥി പ്രതിഷേധത്തിലും ഐഷി ഘോഷിനെ തടഞ്ഞ വിഷയത്തിലും സർക്കാർ കുറ്റകരമായ മൗനം പാലിക്കുകയാണ്.
താളംതെറ്റിയ വിപണി ഇടപെടൽ
മൂന്ന് മാസം കൊണ്ട് ധനസ്ഥിതി മാറ്റിക്കാണിക്കുമെന്ന മുഖ്യമന്ത്രിയുടെ അവകാശവാദം പൊളിഞ്ഞു. കടമെടുപ്പ് പരിധി കവിഞ്ഞതോടെ ഇനി അവശേഷിക്കുന്നത് 2022 കോടി രൂപ മാത്രമാണ്. അധികാരമൊഴിയുമ്പോൾ 6000 കോടി രൂപ മിച്ചമുള്ള ഖജനാവാണ് എൽഡിഎഫ് കൈമാറിയത്. ആദ്യത്തെ മൂന്ന് മാസങ്ങളിൽ 33,311 കോടി രൂപയുടെ റവന്യൂ വരുമാനം ഖജനാവിൽ എത്തിയിരുന്നു. ഇതിൽ 28,060 കോടി രൂപയും നികുതി വരുമാനമാണ്. ജിഎസ്ടി വകുപ്പിലെ മാറ്റങ്ങളും ഐടി അധിഷ്ഠിതമായ കർശന നടപടികളുമാണ് ഇതിന് സഹായിച്ചത്. എന്നാൽ ഈ അനുകൂല സാഹചര്യങ്ങൾ പ്രയോജനപ്പെടുത്തുന്നതിൽ യുഡിഎഫ് സർക്കാർ പരാജയപ്പെട്ടു.
ഓണക്കാലത്ത് നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം രൂക്ഷമാണ്. സപ്ലൈകോ, റേഷൻ കടകൾ വഴിയുള്ള വിപണി ഇടപെടലുകൾ പൂർണമായും താളംതെറ്റി. അരി, പഞ്ചസാര, പച്ചക്കറി, വെളിച്ചെണ്ണ, പഴവർഗങ്ങൾ എന്നിവയ്ക്ക് അനുദിനം വില വർധിക്കുകയാണ്. അരിക്ക് കിലോയ്ക്ക് 15 രൂപയിലധികമാണ് വർധിച്ചത്. മുമ്പ് 13 നിത്യോപയോഗ സാധനങ്ങൾക്ക് സപ്ലൈകോ വിൽപനശാലകളിൽ വില വർധിപ്പിച്ചിരുന്നില്ല. അരിയടക്കമുള്ള സാധനങ്ങൾ ഉത്പാദിപ്പിക്കുന്ന സംസ്ഥാനങ്ങളിൽ പോയി നേരിട്ട് സംഭരിക്കുന്ന രീതിയായിരുന്നു അന്ന് സ്വീകരിച്ചിരുന്നത്. എന്നാൽ ഭരണമാറ്റം ഉണ്ടായതോടെ ഈ സംവിധാനങ്ങളെല്ലാം ഇല്ലാതായി. റേഷൻ കടകൾ വഴി നൽകിയിരുന്ന സ്പെഷ്യൽ അരിയുടെ വില 10.90 രൂപയിൽ നിന്ന് 26 രൂപയായി വർധിപ്പിച്ചു. അളവ് വെട്ടിക്കുറച്ചതിന് പുറമെ ഗുണനിലവാരം കുറഞ്ഞ അരിയാണ് നൽകുന്നത്. ഹോർട്ടികോർപ് വഴി പച്ചക്കറി നേരിട്ട് സംഭരിച്ച് വിതരണം ചെയ്തിരുന്നതും നിലച്ചു.
ആനുകൂല്യങ്ങളിലെ അട്ടിമറിക്ഷേമ സ്ഥാപനങ്ങളിലെ അന്തേവാസികൾക്കും ആദിവാസികൾക്കും നൽകിവരുന്ന സൗജന്യ ഓണക്കിറ്റ് വിതരണവും അവതാളത്തിലായി. മുമ്പ് ആറ് ലക്ഷത്തിലേറെ കിറ്റുകൾ വിതരണം ചെയ്തിരുന്ന സ്ഥാനത്ത് ഇത്തവണ ഇതുവരെ 50,000 മാത്രമാണ് നൽകിയത്. കിറ്റുകളുടെ എണ്ണം ഗണ്യമായി കുറയ്ക്കാൻ രഹസ്യനീക്കം നടക്കുന്നുണ്ട്. സ്ത്രീ സുരക്ഷാ പദ്ധതിയുടെ ഭാഗമായി 16 ലക്ഷം വിധവകൾക്ക് നൽകിയിരുന്ന ആനുകൂല്യം നിർത്തിവച്ചു. സ്കൂൾ കുട്ടികൾക്ക് നൽകിയിരുന്ന അഞ്ച് കിലോ അരി നാല് കിലോയായി കുറച്ചു. പട്ടികവിഭാഗങ്ങളിൽപ്പെട്ട 60 വയസ്സ് കഴിഞ്ഞവർക്ക് നൽകിയിരുന്ന 1000 രൂപ അട്ടിമറിച്ച് പകരം മുണ്ട് നൽകാനുള്ള തീരുമാനം യുക്തിരഹിതമാണ്. ക്ഷേമ പെൻഷൻ ഓണത്തിന് മുമ്പ് ലഭിക്കുമോ എന്ന കാര്യത്തിലും ഉറപ്പില്ല.
കാലടി ശ്രീ ശങ്കരാചാര്യ സംസ്കൃത സർവകലാശാലയിൽ അടിസ്ഥാന സൗകര്യങ്ങളും പഠന സംവിധാനങ്ങളും മെച്ചപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് തിയറ്റർ വിഭാഗം വിദ്യാർഥികൾ സമരം ചെയ്യുകയാണ്. വിദ്യാർഥി പ്രതിഷേധത്തെ ശവസംസ്കാര പ്രതിഷേധമെന്ന് വ്യാജമായി ചിത്രീകരിച്ചതിലും വിസിയെ കൈയേറ്റം ചെയ്തുവെന്ന വ്യാജ പരാതിയിലും ചിലർ ശരിയല്ലാത്ത സമീപനമാണ് സ്വീകരിക്കുന്നത്. ഇത്തരം തെറ്റായ നിലപാടുകൾ സ്വീകരിക്കുന്നവർക്ക് ചില കേന്ദ്രങ്ങളിൽ നിന്ന് പിന്തുണ ലഭിക്കുന്നുണ്ട്.
റെയിൽവേ വരുമാനം കുറയുന്നുവെന്ന കാരണം പറഞ്ഞ് പാലക്കാട് ഡിവിഷൻ ഇല്ലാതാക്കാൻ ശ്രമിക്കുന്നതിന് പിന്നിൽ ഗൂഢലക്ഷ്യങ്ങളുണ്ടോ എന്ന് പരിശോധിക്കേണ്ടതുണ്ട്. സംസ്ഥാനത്തെയാകെ പ്രതികൂലമായി ബാധിക്കുന്ന വളരെ തെറ്റായ നടപടിയാണിത്. ഇത്തരം അപകടകരമായ നീക്കങ്ങൾക്കെതിരെ സംസ്ഥാന സർക്കാരും പാർലമെൻ്റിൽ എംപിമാരും ശക്തമായി ഇടപെടണം. സഹകരണ സ്ഥാപനങ്ങളെ കൂടി ഉൾപ്പെടുത്തി പൊതുവിതരണ ശൃംഖല ശക്തിപ്പെടുത്തണമെന്നും വിപണിയിലെ പൂഴ്ത്തിവയ്പ്പും കരിഞ്ചന്തയും തടയാൻ പരിശോധനകൾ കർശനമാക്കണമെന്നും പിണറായി വിജയൻ ആവശ്യപ്പെട്ടു.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR