Enter your Email Address to subscribe to our newsletters

Thiruvananthapuram, 22 ഓഗസ്റ്റ് (H.S.)
കേന്ദ്ര സർക്കാരിൻ്റെ പുരപ്പുറ സൗരോർജ പദ്ധതിയായ 'പി.എം സൂര്യഘർ മുഫ്ത് ബിജ്ലി യോജന' നടപ്പാക്കുന്നതിൽ മികച്ച മുന്നേറ്റവുമായി കേരളം. പദ്ധതി പ്രകാരം രാജ്യത്ത് ഏറ്റവും കൂടുതൽ സൗരോർജ സംവിധാനങ്ങൾ സ്ഥാപിച്ച സംസ്ഥാനങ്ങളുടെ പട്ടികയിൽ കേരളം നാലാം സ്ഥാനം സ്വന്തമാക്കി.
കേന്ദ്ര പുതിയ-പുനരുപയോഗ ഊർജ സഹമന്ത്രി ശ്രീപദ് യെസോ നായിക് രാജ്യസഭയിൽ രേഖാമൂലം നൽകിയ മറുപടിയിലാണ് ഈ വിവരങ്ങൾ വ്യക്തമാക്കിയത്. 2026 ഓഗസ്റ്റ് അഞ്ച് വരെയുള്ള കണക്കുകൾ പ്രകാരം സംസ്ഥാനത്ത് നിന്നും ആകെ 4,26,486 അപേക്ഷകളാണ് പദ്ധതി പ്രകാരം ലഭിച്ചത്. ഇതിൽ 3,15,129 സോളാർ പ്ലാൻ്റുകൾ ഇതിനകം സ്ഥാപിച്ച് കഴിഞ്ഞു. ഇതുവഴി 3,22,052 വീടുകൾക്കാണ് പ്രയോജനം ലഭിച്ചത്. നിലവിൽ സോളാറിൽ നിന്നും സംസ്ഥാനത്തിൻ്റെ ആകെ ഉത്പാദന ശേഷി 1,220.83 മെഗാവാട്ടാണ്. 2,098.35 കോടി രൂപയാണ് കേന്ദ്രം സബ്സിഡി ഇനത്തിൽ ഇതിനായി അനുവദിച്ചത്. ഗുജറാത്ത്, മഹാരാഷ്ട്ര, ഉത്തർപ്രദേശ് എന്നീ സംസ്ഥാനങ്ങൾക്ക് തൊട്ടുപിന്നിലാണ് കേരളത്തിൻ്റെ സ്ഥാനം.
ദേശീയതലത്തിലെ കുതിപ്പ്രാജ്യത്താകെ 77.65 ലക്ഷത്തിലധികം അപേക്ഷകൾ ലഭിച്ചതിൽ 41.94 ലക്ഷത്തിലധികം പുരപ്പുറ സോളാർ സംവിധാനങ്ങൾ പൂർത്തിയായി. ആകെ 50.43 ലക്ഷത്തിലധികം കുടുംബങ്ങൾക്കാണ് പദ്ധതിയുടെ പ്രയോജനം ലഭിച്ചത്. രാജ്യത്തെ മൊത്തം സ്ഥാപിത ശേഷി 14,894.95 മെഗാവാട്ടിലെത്തിയിട്ടുണ്ട്. സോളാർ ഇൻസ്റ്റലേഷനിൽ കേന്ദ്ര വിഹിതമായി 28,390.50 കോടി രൂപ സബ്സിഡിയായി ഉപയോക്താക്കൾക്ക് ഇതുവരെ വിതരണം ചെയ്തു. 2024 ഫെബ്രുവരിയിൽ ആരംഭിച്ച പദ്ധതിയിലൂടെ രാജ്യത്താകെ വൻ ഊർജ വിപ്ലവമാണ് നടക്കുന്നതെന്ന് കേന്ദ്രമന്ത്രി വ്യക്തമാക്കി. പ്രതിമാസം 300 യൂണിറ്റ് വരെ സൗജന്യ വൈദ്യുതി വീടുകളിൽ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഈ പദ്ധതിക്ക് തുടക്കം കുറിച്ചത്.
പൂജ്യം വൈദ്യുതി ബിൽപദ്ധതി നിലവിൽ വന്നതോടെ രാജ്യത്തെ 18.93 ലക്ഷത്തിലധികം ഉപഭോക്താക്കൾക്ക് 'സീറോ ഇലക്ട്രിസിറ്റി ബിൽ' അഥവാ പൂജ്യം വൈദ്യുതി ബിൽ ലഭിച്ചതായും കെഎസ്ഇബി അടക്കമുള്ള രാജ്യത്തെ വൈദ്യുതി വിതരണ കമ്പനികൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഒരു കിലോവാട്ട് ശേഷിയുള്ള പ്ലാൻ്റിന് 30,000 രൂപയും രണ്ട് കിലോവാട്ടിന് 60,000 രൂപയും മൂന്ന് കിലോവാട്ടിന് മുകളിലുള്ളവയ്ക്ക് 78,000 രൂപയുമാണ് നിലവിൽ കേന്ദ്ര സർക്കാർ സബ്സിഡിയായി നൽകുന്നത്.
ഒരു കോടി വീടുകളിൽ പദ്ധതി പൂർത്തിയാകുന്നതോടെ 25 വർഷത്തെ കാലയളവിൽ 1,000 ബില്യൺ യൂണിറ്റ് ഹരിത വൈദ്യുതി ഉത്പാദിപ്പിക്കാനും 720 ദശലക്ഷം ടൺ കാർബൺ പുറന്തള്ളൽ കുറയ്ക്കാനും സാധിക്കുമെന്നാണ് കേന്ദ്ര ഊർജ മന്ത്രാലയത്തിൻ്റെ വിലയിരുത്തൽ. ഇതിന് പുറമെ സോളാർ പാനലുകളുടെ നിർമാണം, വിതരണം, അറ്റകുറ്റപ്പണി എന്നീ മേഖലകളിൽ ലക്ഷക്കണക്കിന് തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും ഈ പദ്ധതിയിലൂടെ സാധിച്ചിട്ടുണ്ട്.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR