Enter your Email Address to subscribe to our newsletters

Kannur, 22 ഓഗസ്റ്റ് (H.S.)
കണ്ണൂർ: ഷംസീറിനെതിരായ എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ പ്രതികരണങ്ങളെ പൂർണ്ണമായും തള്ളിക്കളയുന്നതായി സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ മാസ്റ്റർ. കണ്ണൂർ ഐ എം എ ഹാളിൽ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
സി.പി..എം സംസ്ഥാന കമ്മിറ്റി അംഗവും മുൻ സ്പീക്കറും ദീർഘകാലം എം.എൽ.എയുമായ ഒരു സഖാവിനെ ‘ലീഗുകാരൻ’ എന്ന് വിളിച്ച് ആക്ഷേപിക്കുന്ന രീതിയെ പാർട്ടി അതിശക്തമായി എതിർക്കുന്നു. ഷംസീർ ആരാണെന്ന് തീരുമാനിക്കേണ്ടത് വെള്ളാപ്പള്ളി നടേശനല്ല. ഒരു വ്യക്തിയുടെ പേര് മുസ്ലിം നാമധാരിയായത് കൊണ്ടുമാത്രം അദ്ദേഹത്തെ ലീഗുകാരനായി ചിത്രീകരിക്കുന്ന നിലപാട് അംഗീകരിക്കാനാകില്ല. വിവിധ മതങ്ങളിൽപ്പെട്ടവരും ഒരു മതത്തിലും വിശ്വസിക്കാത്തവരുമെല്ലാം ഉൾപ്പെടുന്നതാണ് കമ്മ്യൂണിസ്റ്റ് പാർട്ടി. മുസ്ലിം ലീഗ് പൂർണ്ണമായും ഒരു വർഗ്ഗീയ പാർട്ടിയല്ലെങ്കിലും അവർക്ക് വർഗ്ഗീയ നിലപാടുകൾ സ്വീകരിക്കുന്ന സമീപനങ്ങളുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കേരളത്തിൽ ബി.ജെ.പിയും കോൺഗ്രസും ലീഗും ചേർന്നുള്ള ഒരു വലിയ രാഷ്ട്രീയ ഇടപാടാണ് (ഡീൽ) ഇപ്പോൾ നടക്കുന്നതെന്ന് എം.വി. ഗോവിന്ദൻ മാസ്റ്റർ ആരോപിച്ചു. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) നടപടികളിൽ പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും കോൺഗ്രസും മിണ്ടാതിരിക്കുന്നത് ഈ ഒത്തുകളിയുടെ ഭാഗമായാണ്. ഇടതുപക്ഷത്തെ വേട്ടയാടാൻ വേണ്ടി ഇവരൊരുമിച്ച് ചേർന്നാണ് കാര്യങ്ങൾ ആസൂത്രണം ചെയ്യുന്നത്.
സംഘപരിവാർ താത്പര്യങ്ങൾക്കനുസരിച്ച് കാര്യങ്ങൾ നീക്കുന്ന രീതിയാണ് നിലവിൽ കണ്ടുവരുന്നത്. പ്രോസിക്യൂഷനും പ്രതികളും തമ്മിലുള്ള ഒത്തുകളിയാണ് ഇതിലൂടെ വ്യക്തമാകുന്നത്. ഡോക്ടർ റാമിന് ജാമ്യം ലഭിച്ച കേസിൽ കോടതി തന്നെ ശക്തമായ പരാമർശങ്ങൾ നടത്തിയിരുന്നു. വിദ്വേഷ പ്രസംഗം നടത്തിയ ആർ.എസ്.എസ് പ്രവർത്തകന് ജാമ്യം ലഭിച്ചതും ഇത്തരം ഒത്തുകളിക്ക് ഉദാഹരണമാണ്. വന്ദേ മാതരം ആലപിക്കുന്നതുമായി ബന്ധപ്പെട്ട വിഷയങ്ങൾ ഉൾപ്പെടെയുള്ള പ്രശ്നങ്ങൾ കേരളീയ സമൂഹം വളരെ ഗൗരവത്തോടെയാണ് കാണുന്നതെന്നും ഇതു സംബന്ധിച്ച് ചില പത്രങ്ങൾ മുഖപ്രസംഗം പോലും എഴുതിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
വര്‍ഗ്ഗീയതക്ക് വളംവെക്കുന്ന പ്രസ്‌താവനയാണ് വെള്ളാപ്പള്ളി നടത്തിയതെന്ന് സി.പി.എം വിമർശിച്ചിരുന്നു. ഷംസീറിന് ലീഗിന്റെ ശബ്ദമെന്ന വെള്ളാപ്പള്ളിയുടെ പ്രസ്‌താവന ഈ ദിശയിലുള്ളതാണ്. കമ്മ്യൂണിസ്റ്റ് പാര്‍ടി എല്ലാ വിഭാഗങ്ങളിലും പെട്ട ജനങ്ങളെ സംഘടിപ്പിച്ചുകൊണ്ട് സാമൂഹ്യ മാറ്റത്തിനായി പ്രവര്‍ത്തിക്കുന്ന പാര്‍ടിയാണ്. ഒരേ ലക്ഷ്യത്തിനായി പ്രവര്‍ത്തിക്കുന്ന പാര്‍ടി നേതാക്കളെയും, പ്രവര്‍ത്തകരെയും വിഭജിച്ച് കാണുന്ന രീതി അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണ്.
കേരളത്തിന്റെ മതനിരപേക്ഷത രൂപപ്പെടുത്തുന്നതിന് എസ്.എന്‍.ഡി.പി വഹിച്ച പങ്ക് വളരെ വലുതാണ്. എല്ലാ മതങ്ങളുടെയും സാരം ഏകമാണെന്ന ശ്രീനാരായണ ദര്‍ശനത്തെ മുറുകെ പിടിച്ചുകൊണ്ടാണ് എസ്.എന്‍.ഡി.പി പ്രവര്‍ത്തിച്ചത്. കേരളത്തിന്റെ മതനിരപേക്ഷ മനസ്സ് രൂപപ്പെടുന്നതിന് ഈ നിലപാട് നല്‍കിയ സംഭാവന വളരെ വലുതാണ്. ആ സംഘടനയുടെ സെക്രട്ടറി സ്ഥാനം വഹിക്കുന്ന ഒരാളില്‍ നിന്ന് ഒരിക്കലും ഉണ്ടാകാന്‍ പാടില്ലാത്ത പ്രസ്‌താവനയാണ് വെള്ളാപ്പള്ളിയില്‍ നിന്നും ഉണ്ടായത്.
---------------
Hindusthan Samachar / Sreejith S