ബിവറേജസിലെ ഓണക്കച്ചവടം കെങ്കേമം;മൂന്ന് ദിവസത്തെ വില്പ്പന 232 കോടി
Thiruvananthapuram, 22 ഓഗസ്റ്റ് (H.S.) ലഹരിയുടെ വേരറുക്കാന് കേരള പൊലീസ് ആരംഭിച്ച ഓപ്പറേഷന് തൂഫാന് സംസ്ഥാനമാകെ ആഞ്ഞുവീശിയത് അതിശക്തിയിലെന്നതിന് പ്രത്യക്ഷമായ തെളിവായി. സംസ്ഥാനത്ത് കഞ്ചാവിൻ്റെയും മയക്കുമരുന്നിൻ്റെയും ലഹരിയുടെ പിടിയിലായിരുന്നവര് ഇപ്പോ
BEVCO


Thiruvananthapuram, 22 ഓഗസ്റ്റ് (H.S.)

ലഹരിയുടെ വേരറുക്കാന് കേരള പൊലീസ് ആരംഭിച്ച ഓപ്പറേഷന് തൂഫാന് സംസ്ഥാനമാകെ ആഞ്ഞുവീശിയത് അതിശക്തിയിലെന്നതിന് പ്രത്യക്ഷമായ തെളിവായി. സംസ്ഥാനത്ത് കഞ്ചാവിൻ്റെയും മയക്കുമരുന്നിൻ്റെയും ലഹരിയുടെ പിടിയിലായിരുന്നവര് ഇപ്പോള് അതുപേക്ഷിച്ച് മദ്യത്തിലേക്കു തിരിയുന്നുവെന്നതിനു തെളിവാകുകയാണ് ബെവ്കോയില് കുതിച്ചുയരുന്ന മദ്യ വില്പ്പന. ഓഗസ്റ്റ് 18 മുതല് 20 വരെയുള്ള മൂന്നു ദിവസം മാത്രം ബൈവ്കോ ഔട്ട് ലെറ്റിലൂടെ വില്പ്പന നടത്തിയത് 232.99 കോടി രൂപയുടെ മദ്യമാണ്. ഇത് ഓണക്കാല മദ്യവില്പ്പനയുടെ ഭാഗമായ ആദ്യ മൂന്നു ദിവസത്തെ കണക്കാണ്.

കഴിഞ്ഞ വര്ഷം ഓണത്തിൻ്റെ ആദ്യ മൂന്നു ദിവസത്തെ വില്പ്പന 209.89 കോടി രൂപയായിരുന്നിടത്താണ് ഇത്തവണ 23.1 കോടി രൂപയുടെ വര്ധന ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ വര്ഷം ഓണക്കാലത്തെ അതേ വിലയാണ് ഇത്തവണയും മദ്യത്തിന് സംസ്ഥാനത്തുള്ളത്. അതു കണക്കിലെടുത്താല് ഇത്തവണ മദ്യ വില്പ്പനയിലുണ്ടായ വര്ധന തൂഫാൻ്റെ ഫലമാണെന്ന വിലയിരുത്തലാണ് പൊതുവിലുള്ളത്. വില്പനയില് ഇത്തവണ പെരിന്തല്മണ്ണ ഔട്ട് ലെറ്റാണ് മുന്നില്-90 ലക്ഷം രൂപ, തിരൂര്-78 ലക്ഷം, കുട്ടിപ്പാലം-64 ലക്ഷം, ചാലക്കുടി-62 ലക്ഷം, ചേര്ത്തല-62 ലക്ഷം എന്നിങ്ങനെയാണ് ഏറ്റവും മുന്നില് വില്പ്പന നടത്തിയ ബെവ്കോ ഔട്ട് ലെറ്റുകള്.

ഇക്കൊല്ലം ഓണത്തിൻ്റെ ആദ്യ രണ്ടു ദിനങ്ങളില് 153.18 കോടി രൂപയുടെ മദ്യം വില്പ്പന നടത്തി. കഴിഞ്ഞ വര്ഷം ഈ ദിവസങ്ങളിലെ വില്പ്പന 129.43 കോടി രൂപയായിരുന്നു. ആദ്യ രണ്ടു ദിവസങ്ങളില് തന്നെ 23.75 കോടിയുടെ വര്ധന വില്പ്പനയിലുണ്ടായി. സംസ്ഥാനത്ത് മദ്യ വില്പ്പനയിലുണ്ടാകുന്ന വര്ധന തൂഫാൻ്റെ വിജയം തന്നെയാണെന്ന് സംസ്ഥാന പൊലീസിലെ പേരു വെളിപ്പെടുത്താന് തയാറാകാത്ത ഉന്നത ഉദ്യോഗസ്ഥന് ഇ ടിവി ഭാരതിനോടു പറഞ്ഞു. പൊതുവേ ഇപ്പോള് മയക്കുമരുന്ന് വസ്തുക്കളുടെ ലഭ്യതയില് ഗണ്യമായ കുറവുണ്ടാകുന്നുണ്ട്. പതിവ് കച്ചവടക്കാരെല്ലാം പൊലീസിനെ ഭയന്ന് ഇതില് നിന്നു പിന്മാറിയതാണ് ലഭ്യത കുറയാനുള്ള പ്രധാന കാരണം. പെലീസ് ആകട്ടെ തൂഫാന് പദ്ധതിയുമായി അതിശക്തമായി മുന്നോട്ടു പോകുകയുമാണ്. ലഹരി വസ്തുക്കള് കിട്ടാതായതോടെ പലരും മദ്യത്തിലേക്കു തിരിഞ്ഞു എന്നതു യാഥാര്ഥ്യമാണെന്നും അതു മദ്യ വില്പ്പന കൂടുന്നതിന് കാരണമായിട്ടുണ്ടെന്നതു വാസ്തവമാണെന്നും അദ്ദേഹം പറഞ്ഞു. എന്നാല് കടുത്ത മയക്കുമരുന്ന് ലഹരി ഉപയോഗത്തിന് അടിപ്പെട്ടവര് അതില് നിന്നു മദ്യത്തിലേക്കു മാറിയിട്ടുണ്ടോ എന്നു പറയാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാനത്ത് മദ്യ വില്പനയിലുണ്ടായ വര്ധനവ് തൂഫാൻ്റെ വിജയമാണെന്ന് കേരള പൊലീസ് അവകാശപ്പെടുന്നില്ലെങ്കിലും മയക്കുമരുന്നിൻ്റെ ലഭ്യതയില് കേരളത്തില് വന്തോതില് കുറവുണ്ടായതിൻ്റെ ഫലമാണിതെന്ന് സംസ്ഥാന പൊലീസ് മേധാവി റാവാഡ ചന്ദ്രശേഖര് ഇ ടിവി ഭാരതിനോട് പറഞ്ഞു. ഒരു കിലോ കഞ്ചാവ് പത്ത് ഗ്രാം വീതം വില്പന നടക്കുമ്പോള്തന്നെ അതെതത്ര പേരിലെത്തുന്നവെന്നത് ഊഹിക്കാവുന്നതേയുള്ളു. ഓപ്പറേഷന് തൂഫാൻ്റെ ഭാഗമായി കേരള പൊലീസ് 100 കിലോ കഞ്ചാവ് പിടിച്ചെടുത്ത സംഭവം വരെ ഉണ്ടായിട്ടിണ്ട്. ഇതില്നിന്നുതന്നെ എത്രയധികം ആളുകളിലാണ് മയക്കുമരുന്ന് വ്യാപനം ഇല്ലാതാവുന്നതെന്നത് ഊഹിക്കാവുന്നതേയുള്ളു. സ്വാഭാവികമായി ഈ ലഹരിവസ്തുക്കള് കിട്ടാത്തവര് മദ്യത്തിലേക്ക് മാറിയിട്ടുണ്ടാകുമെന്നതാകാം മദ്യ വില്പന ഉയരാനുള്ള കാരണമെന്നും അദ്ദേഹം പറഞ്ഞു.

ഇന്നലെ ഓപ്പറേഷന് തൂഫാൻ്റെ ഭാഗമായി സംസ്ഥാന വ്യാപകമായി നടത്തിയ പരിശോധനയില് 65 കേസുകളിലായി 70 പേര് കൂടി അറസ്റ്റിലായതായി പൊലീസ് ആസ്ഥാനത്തു നിന്നുള്ള വാര്ത്താക്കുറിപ്പില് അറിയിച്ചു. ഇതോടെ ഓപ്പറേഷന് തൂഫാൻ്റെ ഭാഗമായി എടുത്ത കേസുകളുടെ എണ്ണം 9345 ആയി ഉയര്ന്നു. ആകെ 10085 അറസ്റ്റുകളാണ് ഇതുവരെ നടന്നത്. ഇതുവരെ 8289.879 ഗ്രാം എംഡിഎംഎയും 1032.175 കി.ഗ്രാം കഞ്ചാവും 515.687 ഗ്രാം ഹെറോയിനും പിടിച്ചെടുത്തിട്ടുണ്ട്. കഴിഞ്ഞ ദിവസം രജിസ്റ്റര് ചെയ്ത കേസുകളില് സ്മാള് ക്വാണ്ടിറ്റി കൈവശം വച്ചതിന് 16 കേസുകളും കൊമേഴ്ഷ്യല് ക്വാണ്ടിറ്റി കൈവശം വച്ചതിന് ഒരു കേസും 27 എന്ഡിപിഎസ് ആക്ട് പ്രകാരം 48 കേസുകളും കോട്പ പ്രകാരം 37 കേസുകളും രജിസ്റ്റര് ചെയ്തിട്ടുണ്ട്. ഇവരില് നിന്ന് 0.470 ഗ്രാം എംഡിഎംഎയും 27.390 കി.ഗ്രാം കഞ്ചാവും ഒരു ഗ്രാം ഹെറോയിനും പിടിച്ചെടുത്തു.

ഓപ്പറേഷന് തൂഫാൻ്റെ ഭാഗമായി ഇന്നലെ മാത്രം സംസ്ഥാനത്തുടനീളം കേരള പൊലീസ് 29 ബോധവത്ക്കരണ ക്ലാസുകള് നടത്തി. ഇതുവരെ നടത്തിയ ആകെ ബോധവത്ക്കരണ ക്ലാസ്സുകളുടെ എണ്ണം 9176 ഉം കൗണ്സിലിങ്ങുകളുടെ എണ്ണം 582 ഉം ആണ്. സ്കൂള്, കോളജ് പ്രൊട്ടക്ഷന് ഗ്രൂപ്പുകളുടെ നേതൃത്വത്തില് ആകെ 6571 ബോധവത്ക്കരണ പരിപാടികളും നടത്തിയതായും കേരള പൊലീസ് അറിയിച്ചു.

ലഹരി വിപണനത്തെക്കുറിച്ചുള്ള വിവരങ്ങള് പൊതുജനങ്ങള്ക്ക് 9497979794, 9497927797 എന്നീ നമ്പരുകളിലും 9995966666 എന്ന വാട്സ് ആപ്പ് നമ്പര് മുഖേനയും പൊലീസിനെ അറിയിക്കാം. ഈ നമ്പറുകളിലേക്ക് ബന്ധപ്പെടുന്നവരുടെ വിവരങ്ങള് രഹസ്യമായി സൂക്ഷിക്കുമെന്നും കേരള പൊലീസ് അറിയിച്ചു.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News