പാലക്കാട് ഡിവിഷൻ വിഭജനം സംബന്ധിച്ച് റെയിൽവേ തീരുമാനം ഏകപക്ഷീയമെന്ന് മുഖ്യമന്ത്രി
Thiruvananthapuram, 22 ഓഗസ്റ്റ് (H.S.) പാലക്കാട് റെയിൽവേ ഡിവിഷൻ വിഭജിച്ച് മംഗളൂരു ഉൾപ്പെടെയുള്ള പ്രദേശങ്ങൾ മൈസൂരു ഡിവിഷനിലേക്ക് മാറ്റാനുള്ള റെയിൽവേ ബോർഡിൻ്റെ തീരുമാനം ഏകപക്ഷീയമാണെന്ന് മുഖ്യമന്ത്രി വിഡി സതീശൻ. സംസ്ഥാന സർക്കാരുമായി യാതൊരു ചർച്ചയും ന
V D Satheeshan


Thiruvananthapuram, 22 ഓഗസ്റ്റ് (H.S.)

പാലക്കാട് റെയിൽവേ ഡിവിഷൻ വിഭജിച്ച് മംഗളൂരു ഉൾപ്പെടെയുള്ള പ്രദേശങ്ങൾ മൈസൂരു ഡിവിഷനിലേക്ക് മാറ്റാനുള്ള റെയിൽവേ ബോർഡിൻ്റെ തീരുമാനം ഏകപക്ഷീയമാണെന്ന് മുഖ്യമന്ത്രി വിഡി സതീശൻ. സംസ്ഥാന സർക്കാരുമായി യാതൊരു ചർച്ചയും നടത്താതെയുള്ള ഈ നീക്കം കേരളത്തിൻ്റെ റെയിൽവേ വികസനത്തെ പ്രതികൂലമായി ബാധിക്കുമെന്നും ഇതിനെതിരെ കേന്ദ്രത്തെ സമീപിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

വരുമാനത്തെ ബാധിക്കുന്ന വിഭജനംഒക്ടോബർ ഒന്നുമുതൽ പ്രാബല്യത്തിൽ വരുന്ന പുതിയ ഉത്തരവിലൂടെ ദക്ഷിണ റെയിൽവേയുടെ കീഴിലുള്ള ഉള്ളാൾ മുതൽ മംഗളൂരു വരെയുള്ള 18 കിലോമീറ്റർ പ്രദേശം സൗത്ത് വെസ്റ്റേൺ റെയിൽവേയുടെ ഭാഗമാകും. ഇതോടെ പാലക്കാട് ഡിവിഷന് ഏറ്റവും വലിയ വരുമാന സ്രോതസ്സായ മംഗളൂരു ജങ്ഷനും പനമ്പൂർ പോർട്ടും നഷ്ടമാകും. നിലവിൽ ഡിവിഷൻ്റെ മൊത്തം വരുമാനത്തിൻ്റെ 75 ശതമാനത്തിലധികവും ഈ മേഖലയിൽ നിന്നാണ് ലഭിക്കുന്നത്.

പ്രതിദിനം കോടികളുടെ വരുമാനമുള്ള ന്യൂ മംഗളൂരു പോർട്ട് (പനമ്പൂർ) വഴിയുള്ള ചരക്കുവരുമാനം പൂർണമായും നഷ്ടപ്പെടുന്നതോടെ പാലക്കാട് ഡിവിഷൻ്റെ സാമ്പത്തിക അടിത്തറ തകരും. വളം, രാസവസ്തുക്കൾ എന്നിവയുടെ നീക്കത്തിൽ പ്രധാന പങ്കുവഹിക്കുന്ന പനമ്പൂർ ഗുഡ്സ് യാർഡ് നഷ്ടമാകുന്നത് വലിയ തിരിച്ചടിയാണ്. ടിക്കറ്റ് വരുമാനത്തിൽ മുന്നിലുള്ള മംഗളൂരു സെൻട്രൽ, മംഗളൂരു ജങ്ഷൻ എന്നീ എ-1 കാറ്റഗറി സ്റ്റേഷനുകളും ഇതോടെ മൈസൂരു ഡിവിഷൻ്റെ കീഴിലാകും. 2007ൽ സേലം ഡിവിഷൻ രൂപീകരിച്ചപ്പോൾ ഉണ്ടായ വലിയ നഷ്ടത്തിന് പിന്നാലെ മംഗളൂരു കൂടി പോകുന്നതോടെ പാലക്കാടിൻ്റെ നിലനിൽപ്പ് തന്നെ പ്രതിസന്ധിയിലാകുമെന്നാണ് വിലയിരുത്തൽ.

ടെർമിനൽ പ്രതിസന്ധിമംഗളൂരു പോകുന്നതോടെ പാലക്കാട് ഡിവിഷന് നഷ്ടമാകുന്നത് പ്രധാന ടെർമിനൽ സംവിധാനം കൂടിയാണ്. ദക്ഷിണ റെയിൽവേയുടെ പ്രധാന ടെർമിനലുകളിൽ ഒന്നാണ് മംഗളൂരു. ട്രെയിനുകൾ യാത്ര അവസാനിപ്പിക്കുകയും നിർത്തിയിടുകയും ചെയ്യുന്ന ടെർമിനൽ സ്റ്റേഷൻ ഇല്ലാതാകുന്നത് പുതിയ ട്രെയിനുകളുടെ വരവിനെ പൂർണമായും ഇല്ലാതാക്കും.

തിരുവനന്തപുരം സെൻട്രലിലെ തിരക്ക് കുറയ്ക്കാൻ സാറ്റലൈറ്റ് ടെർമിനലായി (ഉപഗ്രഹ സ്റ്റേഷൻ) നേമം വരുന്നുണ്ട്. ചെന്നൈയുടെ നാലാമത്തെ റെയിൽവേ ടെർമിനലായി പെരമ്പൂരിലും പദ്ധതി തുടങ്ങി. എന്നാൽ പാലക്കാടിന് പകരമായി മറ്റൊരു സാറ്റലൈറ്റ് ടെർമിനൽ പദ്ധതി നിലവിലില്ല. ഭാവിയിൽ മലബാറിലേക്ക് പുതിയ ട്രെയിനുകൾ അനുവദിച്ചാൽ തന്നെ അവ നിർത്തിയിടാൻ ഇടമില്ലാത്ത അവസ്ഥയുണ്ടാകും. കണ്ണൂരിൽ യാത്ര അവസാനിപ്പിക്കുന്ന ട്രെയിനുകൾ മംഗളൂരുവിലേക്ക് നീട്ടണമെങ്കിൽ പോലും ഇനി മറ്റൊരു സോണിൻ്റെ അനുമതി വേണ്ടിവരും.

കേന്ദ്രത്തെ സമീപിക്കാൻ സംസ്ഥാനം

സംസ്ഥാനത്തെ അറിയിക്കുകയോ ഏതെങ്കിലും തരത്തിലുള്ള ചർച്ചകൾ നടത്തുകയോ ചെയ്യാതെയാണ് ഇത്രയും വലിയൊരു തീരുമാനം റെയിൽവേ മന്ത്രാലയം കൈക്കൊണ്ടതെന്ന് മുഖ്യമന്ത്രി കുറ്റപ്പെടുത്തി. തീരുമാനം അങ്ങേയറ്റം പ്രതിഷേധാർഹമാണ്. ഇത് പുനഃപരിശോധിക്കണമെന്നത് കേരളത്തിൻ്റെ ഒറ്റക്കെട്ടായ ആവശ്യമാണ്.

അടിയന്തരമായ പ്രശ്നപരിഹാരം ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്കും കേന്ദ്ര റെയിൽവേ മന്ത്രിക്കും കത്തയയ്ക്കും. സംസ്ഥാനത്തെ എംപിമാരുടെ കൂടി സഹകരണത്തോടെ തീരുമാനം മാറ്റാൻ കേന്ദ്ര സർക്കാരിന് മേൽ ശക്തമായ സമ്മർദം ചെലുത്തുമെന്നും മുഖ്യമന്ത്രി അറിയിച്ചു. കേരളത്തിൻ്റെ റെയിൽവേ വികസനത്തിൽ നിർണായക പങ്കുവഹിക്കുന്ന പാലക്കാട് ഡിവിഷനെ തകർക്കുന്നതാണ് പുതിയ നീക്കമെന്ന് വ്യാപക വിമർശനമുണ്ട്.

കഞ്ചിക്കോട് കോച്ച് ഫാക്ടറി ഉൾപ്പെടെയുള്ള പദ്ധതികൾ നഷ്ടപ്പെട്ടതിന് പിന്നാലെയാണ് പുതിയ തിരിച്ചടി. ദക്ഷിണ റെയിൽവേയിലെ ഏറ്റവും പഴക്കമേറിയ ഡിവിഷനുകളിലൊന്നായ പാലക്കാടിൻ്റെ അതിർത്തികൾ ചുരുങ്ങുന്നത് ഭാവിയിൽ ഡിവിഷൻ്റെ ഇല്ലാതാകലിന് തന്നെ കാരണമായേക്കാം.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News