Enter your Email Address to subscribe to our newsletters

Newdelhi, 22 ഓഗസ്റ്റ് (H.S.)
ന്യൂഡൽഹി: ഭാരതീയ ജനതാ പാർട്ടിയുടെ (ബിജെപി) പുതുതായി രൂപീകരിച്ച ദേശീയ ഭാരവാഹി സംഘത്തിന്റെ ആദ്യ ആമുഖ യോഗം ദേശീയ അധ്യക്ഷൻ നിതിൻ നബിന്റെ അധ്യക്ഷതയിൽ ന്യൂഡൽഹിയിൽ ചേർന്നു. യോഗത്തിന് മുന്നോടിയായി ദേശീയ ഗാനമായ ‘വന്ദേമാതര’ത്തിന്റെ ആറ് ചരണങ്ങളും പൂർണ്ണമായി ആലപിച്ചു. പുതിയ ഭാരവാഹികളുടെ ഔദ്യോഗിക പ്രവർത്തന തുടക്കത്തിന് ഈ യോഗം തുടക്കം കുറിച്ചു.
ഡൽഹിയിലെ ബിജെപി എക്സ്റ്റൻഷൻ ഓഫീസിലും പാർട്ടി ആസ്ഥാനത്തുമായി ദിവസം മുഴുവൻ നീളുന്ന മൂന്ന് പ്രത്യേക യോഗങ്ങളാണ് നിശ്ചയിച്ചിട്ടുള്ളത്. പുതിയ ഭാരവാഹികളെ പരസ്പരം പരിചയപ്പെടുത്തുന്നതിനൊപ്പം, പ്രധാനമന്ത്രി നരേന്ദ്ര മോദി പൊതുജീവിതത്തിൽ 25 വർഷം പൂർത്തിയാക്കുന്നതുമായി ബന്ധപ്പെട്ട് രാജ്യവ്യാപകമായി സംഘടിപ്പിക്കേണ്ട പരിപാടികളെക്കുറിച്ചും മറ്റ് സംഘടനാപരമായ വിഷയങ്ങളെക്കുറിച്ചും യോഗത്തിൽ വിശദമായ ചർച്ചകൾ നടക്കുമെന്ന് പാർട്ടി വൃത്തങ്ങൾ അറിയിച്ചു.
പുതിയ ദേശീയ സമിതിയിൽ വിനോദ് താവ്ഡെ, സുനിൽ ബൻസാൽ എന്നിവർ ദേശീയ ജനറൽ സെക്രട്ടറിമാരായി തുടരും. മുൻ കേന്ദ്രമന്ത്രി സ്മൃതി ഇറാനി, മുൻ ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് കുമാർ ദേബ്, സതീഷ് പൂനിയ, ഗജേന്ദ്ര പട്ടേൽ, ഹരീഷ് ദ്വിവേദി, സഞ്ജയ് ഭാട്ടിയ എന്നിവരാണ് പുതുതായി ചുമതലയേറ്റ മറ്റ് ദേശീയ ജനറൽ സെക്രട്ടറിമാർ. കേന്ദ്രമന്ത്രി പിയൂഷ് ഗോയലിന് സംഘടനയിൽ അധിക ചുമതല നൽകി ബിജെപി ദേശീയ ട്രഷററായി നിയമിച്ചു. രാജസ്ഥാനിൽ നിന്നുള്ള രാജേഷ് മംഗൾ ആണ് ദേശീയ ജോയിന്റ് ട്രഷറർ.
മുൻ രാജസ്ഥാൻ മുഖ്യമന്ത്രി വസുന്ധര രാജെ സിന്ധ്യ, ബൈജയന്ത് ജയ് പാണ്ഡ, രേഖാ വർമ്മ എന്നിവർ വൈസ് പ്രസിഡന്റ് സ്ഥാനത്ത് തുടരും. മുൻ ഉത്തരാഖണ്ഡ് മുഖ്യമന്ത്രി തീരഥ് സിംഗ് റാവത്ത്, മൻപ്രീത് സിംഗ് ബാദൽ, രാം മാധവ്, ഡി. പുരന്ദേശ്വരി എന്നിവരും ദേശീയ വൈസ് പ്രസിഡന്റുമാരുടെ പട്ടികയിലുണ്ട്. ബി.എൽ. സന്തോഷ് ദേശീയ ജനറൽ സെക്രട്ടറിയായി (സംഘടന) തുടരുമ്പോൾ, ശിവപ്രകാശ്, സൗദാൻ സിംഗ് എന്നിവരെ ദേശീയ ജോയിന്റ് ജനറൽ സെക്രട്ടറിമാരായി (സംഘടന) നിയമിച്ചു.
പാർട്ടിയുടെ ഐടി, സോഷ്യൽ മീഡിയ വിഭാഗങ്ങളിലും വിവിധ മോർച്ചകളിലും പ്രധാന മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. ദീപക് മ്ഹാസ്കെയെ സോഷ്യൽ മീഡിയ കൺവീനറായും അനിൽ ബലൂനിയെ മീഡിയ കൺവീനറായും നിയമിച്ചു. യുവമോർച്ചയുടെ തലവനായി ഹേമാങ് ജോഷിയെയും മഹിളാ മോർച്ച അധ്യക്ഷയായി രൂപകുമാരി ചൗധരിയെയും തിരഞ്ഞെടുത്തു. അമർപാൽ മൗര്യ (ഒബിസി മോർച്ച), ബൻസിലാൽ ഗുർജാർ (കിസാൻ മോർച്ച), ശിവേഷ് കുമാർ റാം (എസ്സി മോർച്ച), ഡോ. മന്നാലാൽ റാവത്ത് (എസ്ടി മോർച്ച), കൻവർ ബാസിത് അലി (മൈനോറിറ്റി മോർച്ച) എന്നിവരാണ് മറ്റ് മോർച്ചകളുടെ അധ്യക്ഷന്മാർ. യുവനേതാക്കളുടെയും പരിചയസമ്പന്നരായ മുതിർന്ന നേതാക്കളുടെയും മികച്ച സംയോജനമാണ് പുതിയ ദേശീയ ടീമിലുള്ളത്.
---------------
Hindusthan Samachar / Roshith K