രാഹുൽ ഗാന്ധിയുടെ സന്ദർശനത്തിന് മുന്നോടിയായി പൂനെ കോളേജിൽ സംഘർഷം; അൻപതിലേറെ യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കെതിരെ കേസ്
Pune , 22 ഓഗസ്റ്റ് (H.S.) പൂനെ: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി പങ്കെടുക്കുന്ന പരിപാടിക്ക് മുന്നോടിയായി മഹാരാഷ്ട്രയിലെ പൂനെ കോളേജ് ഓഫ് എൻജിനീയറിങ് (COEP) കാമ്പസിൽ വിദ്യാർത്ഥി സംഘടനകൾ തമ്മിൽ വൻ സംഘർഷം. കോൺഗ്രസിന്റെ വിദ്യാർത്ഥി വിഭാഗമായ എൻ.എസ്
രാഹുൽ ഗാന്ധിയുടെ സന്ദർശനത്തിന് മുന്നോടിയായി പൂനെ കോളേജിൽ സംഘർഷം; അൻപതിലേറെ യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കെതിരെ കേസ്


Pune , 22 ഓഗസ്റ്റ് (H.S.)

പൂനെ: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി പങ്കെടുക്കുന്ന പരിപാടിക്ക് മുന്നോടിയായി മഹാരാഷ്ട്രയിലെ പൂനെ കോളേജ് ഓഫ് എൻജിനീയറിങ് (COEP) കാമ്പസിൽ വിദ്യാർത്ഥി സംഘടനകൾ തമ്മിൽ വൻ സംഘർഷം. കോൺഗ്രസിന്റെ വിദ്യാർത്ഥി വിഭാഗമായ എൻ.എസ്.യു.ഐയും (NSUI) ബി.ജെ.പി അനുകൂല വിദ്യാർത്ഥി സംഘടനയായ എ.ബി.വി.പിയും (ABVP) തമ്മിലാണ് കാമ്പസിലെ ഹോസ്റ്റലിൽ ഏറ്റുമുട്ടലുണ്ടായത്. സംഭവത്തെ തുടർന്ന് അൻപതിലധികം യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കെതിരെ പൂനെ പോലീസ് കേസെടുത്തു.

പൂനെയിൽ സംഘടിപ്പിച്ച ‘ഛാത്രോം കി ഗൂഞ്ച്’ എന്ന വിദ്യാർത്ഥി സംവാദ പരിപാടിയിൽ പങ്കെടുക്കാനാണ് രാഹുൽ ഗാന്ധി എത്തിയത്. എന്നാൽ, ഈ പരിപാടി ആരംഭിക്കുന്നതിന് തലേദിവസം രാത്രി കോളേജ് ഹോസ്റ്റൽ പരിസരത്ത് ഇരുവിഭാഗങ്ങളും തമ്മിൽ വാക്കേറ്റവും തുടർന്ന് സംഘർഷവും ഉണ്ടാകുകയായിരുന്നു. രാഹുൽ ഗാന്ധിയുടെ പരിപാടിയിൽ പങ്കെടുക്കാൻ പെൺകുട്ടികളടക്കമുള്ള വിദ്യാർത്ഥികളെ എൻ.എസ്.യു.ഐ പ്രവർത്തകർ ഭീഷണിപ്പെടുത്തുകയും നിർബന്ധിക്കുകയും ചെയ്തുവെന്നാണ് എ.ബി.വി.പി ആരോപിക്കുന്നത്.

എന്നാൽ ഈ ആരോപണങ്ങൾ യൂത്ത് കോൺഗ്രസ് നേതൃത്വം പൂർണ്ണമായും തള്ളി. രാഹുൽ ഗാന്ധിയുടെ പരിപാടിയെ അനുകൂലിക്കുകയും സ്കോളർഷിപ്പ് വിഷയങ്ങളിൽ ആശങ്ക പ്രകടിപ്പിക്കുകയും ചെയ്ത രണ്ട് വിദ്യാർത്ഥിനികളെ എ.ബി.വി.പി പ്രവർത്തകരാണ് ഭീഷണിപ്പെടുത്തിയതെന്ന് യൂത്ത് കോൺഗ്രസ് ആരോപിച്ചു. ഇതിനെച്ചൊല്ലിയുണ്ടായ തർക്കമാണ് പിന്നീട് കോളേജ് ഹോസ്റ്റലിൽ വലിയ സംഘർഷത്തിൽ കലാശിച്ചത്.

സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കാൻ പോലീസ് സ്ഥലത്തെത്തി ഇടപെടുകയും കാമ്പസിൽ കനത്ത സുരക്ഷ ഏർപ്പെടുത്തുകയും ചെയ്തു. അന്യായമായി സംഘം ചേരൽ, ദേഹോപദ്രവം ഏൽപ്പിക്കൽ, ഭീഷണിപ്പെടുത്തൽ തുടങ്ങിയ വകുപ്പുകൾ പ്രകാരം ഭാരതീയ ന്യായ സംഹിത (BNS), മഹാരാഷ്ട്ര പോലീസ് ആക്ട് എന്നിവ അനുസരിച്ച് 50 മുതൽ 60 ഓളം വരുന്ന യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കെതിരെയാണ് പോലീസ് പ്രഥമ വിവര റിപ്പോർട്ട് (FIR) രജിസ്റ്റർ ചെയ്തിരിക്കുന്നത്.

സംഭവത്തെ തുടർന്ന് ബി.ജെ.പിക്കെതിരെ രൂക്ഷവിമർശനവുമായി കോൺഗ്രസ് നേതാക്കൾ രംഗത്തെത്തി. കാമ്പസിലെ അക്രമസംഭവങ്ങൾ നിർഭാഗ്യകരമാണെന്നും രാജ്യത്തെ ഏത് യുവാവിനും ഇത്തരം പരിപാടികളിൽ പങ്കെടുക്കാൻ പൂർണ്ണ സ്വാതന്ത്ര്യമുണ്ടെന്നും കോൺഗ്രസ് നേതാക്കൾ വ്യക്തമാക്കി. ലോക്സഭാ പ്രതിപക്ഷ നേതാവിന് തെരുവിലിറങ്ങി സമരം ചെയ്യേണ്ടി വരുന്നത് സർക്കാരിന്റെ പരാജയമാണെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് നാനാ പടോലെ വിമർശിച്ചു.

അതേസമയം, പരിപാടിയിൽ ആളുകളെ എത്തിക്കാൻ കോൺഗ്രസ് പണം നൽകുകയാണെന്ന ആരോപണവുമായി ബി.ജെ.പിയും രംഗത്തെത്തിയിട്ടുണ്ട്. വിദ്യാർത്ഥി സംഘർഷത്തെ തുടർന്ന് കാമ്പസിലും പരിസരപ്രദേശങ്ങളിലും പോലീസ് പട്രോളിങ് ശക്തമാക്കിയിട്ടുണ്ട്.

---------------

Hindusthan Samachar / Roshith K


Latest News