Enter your Email Address to subscribe to our newsletters

Kerala, 22 ഓഗസ്റ്റ് (H.S.)
വാഷിംഗ്ടൺ / ഒട്ടാവ: അമേരിക്കയും കാനഡയും തമ്മിൽ നടന്ന നിർണ്ണായക വ്യാപാര ചർച്ചകൾ ധാരണയിലെത്താതെ പിരിഞ്ഞു. ഇതോടെ ശതകോടിക്കണക്കിന് ഡോളർ മൂല്യമുള്ള കനേഡിയൻ ഉൽപന്നങ്ങൾക്ക് അമേരിക്ക 50 ശതമാനം അധിക ഇറക്കുമതി തീരുവ ചുമത്താൻ തീരുമാനിച്ചു. എന്നാൽ അമേരിക്കയുടെ നടപടിയെ ശക്തമായി അപലപിച്ച കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണി, യുഎസ് ചുമത്തുന്ന ഓരോ ഡോളർ തീരുവയ്ക്കും അതേ അളവിൽ കാനഡയും തിരിച്ചടി നൽകുമെന്ന് (dollar-to-dollar) വ്യക്തമാക്കി. ഇരുരാജ്യങ്ങളും തമ്മിലുള്ള ഈ തർക്കം ദീർഘകാലമായുള്ള നയതന്ത്ര–സാമ്പത്തിക ബന്ധങ്ങളെ കൂടുതൽ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്.
ചർച്ചകളുടെ അവസാന ഘട്ടത്തിൽ യുഎസ് മുന്നോട്ടുവെച്ച പുതിയ നിബന്ധനകൾ അംഗീകരിക്കാനാവില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കാനഡ കരാറിൽ നിന്ന് പിന്മാറിയത്. വാഷിംഗ്ടൺ മുന്നോട്ടുവെച്ച വ്യവസ്ഥകൾ അന്യായവും സാമ്പത്തികമായി കാനഡയ്ക്ക് വലിയ നഷ്ടമുണ്ടാക്കുന്നതുമാണെന്ന് പ്രധാനമന്ത്രി മാർക്ക് കാർണി പ്രതികരിച്ചു. ഏകദേശം 28 ബില്യൺ യുഎസ് ഡോളർ മൂല്യമുള്ള കനേഡിയൻ ഉൽപന്നങ്ങൾക്ക് മേലാണ് അമേരിക്ക തീരുവ ഏർപ്പെടുത്തുന്നത്. രാജ്യത്തെ തൊഴിലാളികളുടെയും വ്യാപാരികളുടെയും താൽപ്പര്യങ്ങൾ സംരക്ഷിക്കാൻ തത്തുല്യമായ തിരിച്ചടി നൽകാൻ കാനഡ നിർബന്ധിതമായിരിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം, കരാറിന്റെ അവസാന നിമിഷത്തിൽ കാനഡ പുതിയ ആവശ്യങ്ങൾ ഉന്നയിച്ചതാണ് ചർച്ചകൾ പരാജയപ്പെടാൻ കാരണമെന്ന് യുഎസ് ട്രേഡ് റെപ്രസെന്റേറ്റീവ് ജാമിയേസൺ ഗ്രീർ ആരോപിച്ചു. മറ്റ് പ്രധാന കയറ്റുമതി രാജ്യങ്ങളെ അപേക്ഷിച്ച് കാനഡയ്ക്ക് അനുകൂലമായ വ്യവസ്ഥകളാണ് യുഎസ് വാഗ്ദാനം ചെയ്തിരുന്നതെന്നും എന്നാൽ ഒട്ടാവ മുൻ ധാരണകളിൽ നിന്ന് പിന്മാറുകയാണുണ്ടായതെന്നും അദ്ദേഹം പറഞ്ഞു.
കാനഡയിൽ നിന്ന് യുഎസിലേക്ക് പ്രതിവർഷം കയറ്റുമതി ചെയ്യുന്ന ആകെ ഉൽപന്നങ്ങളുടെ അഞ്ച് ശതമാനത്തോളത്തെ പുതിയ തീരുവ നേരിട്ട് ബാധിക്കുമെന്നാണ് വിലയിരുത്തൽ. ഹോക്കി ഉപകരണങ്ങൾ മുതൽ വിവിധ മെഡിക്കൽ സാമഗ്രികൾ വരെയുള്ള വിപുലമായ ഉൽപന്നങ്ങൾ ഇതിന്റെ പരിധിയിൽ വരും. കഴിഞ്ഞ വർഷം മാത്രം ഇരുരാജ്യങ്ങളും തമ്മിൽ ഏകദേശം 880 ബില്യൺ ഡോളറിന്റെ ചരക്ക്-സേവന വ്യാപാരമാണ് നടത്തിയത്. ഇത്രയും വലിയ സാമ്പത്തിക പങ്കാളിത്തമുള്ള രാജ്യങ്ങൾ തമ്മിൽ വ്യാപാരയുദ്ധത്തിലേക്ക് നീങ്ങുന്നത് വടക്കേ അമേരിക്കൻ വിപണിയെയും ആഗോള വിതരണ ശൃംഖലയെയും സാരമായി ബാധിച്ചേക്കാം.
നേരത്തെ നിശ്ചയിച്ചിരുന്ന സമയപരിധി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് മൂന്ന് ദിവസത്തേക്ക് നീട്ടി നൽകിയിരുന്നെങ്കിലും, അധികമായി ലഭിച്ച സമയത്തിലും ഇരുപക്ഷത്തിനും സമവായത്തിലെത്താൻ സാധിച്ചില്ല. ചർച്ചകൾ പരാജയപ്പെട്ടതോടെ അമേരിക്കൻ തീരുവ നിലവിൽ വരികയും കാനഡയുടെ പ്രത്യാക്രമണം പ്രഖ്യാപിക്കപ്പെടുകയും ചെയ്തത് അതിർത്തിയിലെ സാമ്പത്തിക അനിശ്ചിതത്വം വർധിപ്പിച്ചിരിക്കുകയാണ്.
---------------
Hindusthan Samachar / Roshith K