Enter your Email Address to subscribe to our newsletters

Thiruvananthapuram, 23 ഓഗസ്റ്റ് (H.S.)
ഇത്തവണ ഓണം വെള്ളത്തിലാകുമോ? ഇതാണ് മലയാളികളുടെ മനസില് ഉയരുന്ന പ്രധാന ആശങ്ക. കാരണം ഇന്ന് മുതല് സംസ്ഥാനത്ത് കനത്ത മഴയാണ് പ്രവചിക്കുന്നത്. ബംഗാൾ ഉൾക്കടലിൽ പുതിയതായി രൂപപ്പെടുന്ന ചക്രവാതച്ചുഴിയും വടക്ക് കിഴക്കൻ മധ്യപ്രദേശിന് മുകളിലുള്ള ന്യൂനമർദ്ദവുമാണ് സംസ്ഥാനത്ത് വീണ്ടും കാലവർഷം കനക്കാൻ കാരണമായിരിക്കുന്നതെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്കുന്നു. തുടർച്ചയായ പെയ്ത്തിനല്ല, മറിച്ച് പെട്ടെന്ന് പെയ്തുതിമർക്കുന്ന ശക്തമായ ഇടവേള മഴയ്ക്കാണ് സാധ്യതയെന്ന് കാലാവസ്ഥാ വിദഗ്ധർ പ്രവചിക്കുന്നു.
വരും ദിവസങ്ങളിൽ പല ജില്ലകളിലും യെല്ലോ അലർട്ട്
കേന്ദ്ര കാലാവസ്ഥാ വകുപ്പിൻ്റ ഏറ്റവും പുതിയ മുന്നറിയിപ്പ് പ്രകാരം വരും ദിവസങ്ങളിൽ കേരളത്തിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. വടക്കൻ-മധ്യ കേരളത്തിലെ വിവിധ ജില്ലകളിൽ ജാഗ്രതയുടെ ഭാഗമായി യെല്ലോ അലർട്ടുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെയുള്ള കനത്ത മഴ ലഭിക്കുമെന്നാണ് പ്രവചനം.
വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു
23/08/2026 : കോഴിക്കോട്, വയനാട്, കണ്ണൂർ, കാസര്കോട്
24/08/2026 : പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ
25/08/2026 : കോട്ടയം, ഇടുക്കി, എറണാകുളം
തുടർച്ചയായ പ്രകൃതിദുരന്തങ്ങളുടെ പശ്ചാത്തലത്തിൽ മലയാളിക്ക് ഈ ഓണം പ്രത്യാശയുടെയും അതിജീവനത്തിൻ്റെ ർയും പ്രതീകമാണ്. ഉത്രാടപ്പാച്ചിലിനും തിരുവോണ നാളിലെ പൂക്കളങ്ങൾക്കും വിരുന്നുകൾക്കും മഴ പൂർണമായി തടസ്സമാകില്ലെങ്കിലും, അപ്രതീക്ഷിതമായി എത്തുന്ന വില്ലനാകാൻ മഴയ്ക്ക് സാധിക്കും.
എങ്കിലും പ്രതിസന്ധികളെ പുഞ്ചിരിയോടെ നേരിട്ടു ശീലിച്ച മലയാളി, അധികൃതർ നൽകുന്ന സുരക്ഷാ മാനദണ്ഡങ്ങൾ കൃത്യമായി പാലിച്ച്, സുരക്ഷിതമായി ഈ ഓണക്കാലം ആഘോഷിക്കാം.
കള്ളക്കടൽ ജാഗ്രത നിർദേശം
കള്ളക്കടൽ പ്രതിഭാസത്തിൻ്റെ ഭാഗമായി തിരുവനന്തപുരം (കാപ്പിൽ മുതൽ പൊഴിയൂർ വരെ), കൊല്ലം (ആലപ്പാട്ട് മുതൽ ഇടവ വരെ), ആലപ്പുഴ (ചെല്ലാനം മുതൽ അഴീക്കൽ ജെട്ടി വരെ), എറണാകുളം (മുനമ്പം FH മുതൽ മറുവക്കാട് വരെ), തൃശൂർ (ആറ്റുപുറം മുതൽ കൊടുങ്ങല്ലൂർ വരെ), മലപ്പുറം (കടലുണ്ടി നഗരം മുതൽ പാലപ്പെട്ടി വരെ), കോഴിക്കോട് (ചോമ്പാല FH മുതൽ രാമനാട്ടുകര വരെ), കണ്ണൂർ (വളപട്ടണം മുതൽ ന്യൂ മാഹി വരെ) ജില്ലകളിലെ തീരങ്ങളിൽ ഇന്ന് (ഓഗസ്റ്റ് 23) പകൽ 8.30 വരെ 1.0 മുതൽ 1.4 മീറ്റർ വരെ ഉയർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്ര വിവര വിശകലന കേന്ദ്രം അറിയിച്ചു.
കള്ളക്കടൽ പ്രതിഭാസത്തിൻ്റെ ഭാഗമായി കന്യാകുമാരി തീരത്ത് പകൽ 5.30 വരെ 1.4 മുതൽ 1.5 മീറ്റർ വരെ ഉയർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്ര വിവര വിശകലന കേന്ദ്രം അറിയിച്ചു. അതുകൊണ്ട് തീരപ്രദേശങ്ങളില് താമസിക്കുന്നവര് ജാഗ്രതാ മുന്നറിയിപ്പ് പാലിക്കുക.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR