ദേശീയ ശ്രദ്ധ നേടിയ 'ലക്ഷ്മി കുടുംബശ്രീ'യുടെ വിഭവങ്ങൾ സജീവം
Idukki , 23 ഓഗസ്റ്റ് (H.S.) തിരുവോണനാളിൽ മലയാളിക്ക് രുചികരമായ ഓണസദ്യയൊരുക്കാൻ രാപ്പകലില്ലാതെ അധ്വാനിക്കുകയാണ് ഇടുക്കി നെടുങ്കണ്ടത്തെ ''ലക്ഷ്മി കുടുംബശ്രീ'' യൂണിറ്റിലെ പെൺകൂട്ടായ്മ. നാടൻ വിഭവങ്ങളുടെ ഗുണമേന്മ കൊണ്ടും ശുചിത്വം കൊണ്ടും ഇതിനകം തന്നെ
IDUKKY NEDUMKANDAM ONAM SHOP


Idukki , 23 ഓഗസ്റ്റ് (H.S.)

തിരുവോണനാളിൽ മലയാളിക്ക് രുചികരമായ ഓണസദ്യയൊരുക്കാൻ രാപ്പകലില്ലാതെ അധ്വാനിക്കുകയാണ് ഇടുക്കി നെടുങ്കണ്ടത്തെ 'ലക്ഷ്മി കുടുംബശ്രീ' യൂണിറ്റിലെ പെൺകൂട്ടായ്മ. നാടൻ വിഭവങ്ങളുടെ ഗുണമേന്മ കൊണ്ടും ശുചിത്വം കൊണ്ടും ഇതിനകം തന്നെ രാജ്യത്തിൻ്റെ വിവിധ കോണുകളിൽ ശ്രദ്ധിക്കപ്പെട്ട ഈ സംരംഭം ഇത്തവണയും വിപണി കീഴടക്കാനുള്ള തയാറെടുപ്പുകൾ ആരംഭിച്ചു കഴിഞ്ഞു. അഞ്ച് വനിതകൾ ചേർന്ന് നടത്തുന്ന ഈ കുടിൽവ്യവസായം ഓണക്കാലത്ത് നിരവധി ആളുകൾക്ക് തൊഴിലവസരവും മികച്ച വരുമാനവുമാണ് സമ്മാനിക്കുന്നത്.

ഹൈറേഞ്ചിൻ്റെ നാടൻ രുചികൾ ഇന്ത്യയിലുടനീളം

കേരളത്തിൽ മാത്രമല്ല ലക്ഷ്മി കുടുംബശ്രീയുടെ രുചിപ്പെരുമ. അതിർത്തികൾ കടന്നും ഉത്തരേന്ത്യയുടേയും ദക്ഷിണേന്ത്യയുടെയും വിവിധ ഭാഗങ്ങളിലും ഈ രുചിപ്പെരുമ വ്യാപിച്ചിട്ടുണ്ട്. രാജ്യത്തിൻ്റെ വിവിധ ഭാഗങ്ങളിൽ കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ മേൽനോട്ടത്തിൽ സംഘടിപ്പിച്ചിട്ടുള്ള പ്രമുഖ ദേശീയ എക്സിബിഷനുകളിൽ കേരളത്തെ പ്രതിനിധീകരിച്ച് പങ്കെടുക്കാൻ ഇവർക്ക് അവസരം ലഭിച്ചിട്ടുണ്ട്. കഴിഞ്ഞ വർഷങ്ങളിൽ സംസ്ഥാന സർക്കാർ നൽകിയ സൗജന്യ ഓണക്കിറ്റുകളിലേക്ക് ആവശ്യമായ ഉപ്പേരിയും ശർക്കര വരട്ടിയും വൻതോതിൽ തയ്യാറാക്കി നൽകിയതും ഈ യൂണിറ്റിൽ നിന്നായിരുന്നു.

ഇത്തവണ ഓണക്കിറ്റ് വിതരണത്തിന് പുറമെ, പ്രാദേശികമായി ലഭിച്ച വൻ ഓർഡറുകൾ പൂർത്തിയാക്കുന്ന തിരക്കിലാണ് ഇവിടുത്തെ അംഗങ്ങൾ. പൂർണമായും വിഷരഹിതമായ നാടൻ രുചി ഒട്ടും ചോരാതെയുള്ള വിഭവങ്ങളാണ് ഇവിടുത്തെ പ്രധാന ആകർഷണം. ഹൈറേഞ്ചിലെ പ്രാദേശിക കർഷകരിൽ നിന്ന് നേരിട്ട് ശേഖരിക്കുന്ന ഏത്തയ്ക്ക, ചക്ക, മാങ്ങ തുടങ്ങിയ നാട്ടു വിഭവങ്ങൾ ഉപയോഗിച്ചാണ് ഉൽപ്പന്നങ്ങൾ നിർമ്മിക്കുന്നത്.

എല്ലാ വർഷവും ഓണവിഭവങ്ങൾ ഒരുക്കാറുണ്ടെന്നും പ്രദേശത്തെ കർഷകരിൽ നിന്നാണ് വിഭവങ്ങൾ വാങ്ങിയ ശേഷം ഉൽപ്പന്നങ്ങൾ തയ്യാറാക്കുന്നതെന്നും 'ലക്ഷ്മി കുടുംബശ്രീ' യൂണിറ്റിലെ അംഗമായ ശ്യാമള വിശ്വനാഥൻ പറഞ്ഞു. 'കഴിഞ്ഞ വർഷവും ഓണക്കാലത്ത് മികച്ച കച്ചവടമുണ്ടായിരുന്നു. ചക്ക, മാങ്ങ, തേങ്ങ, കാന്താരി, തുടങ്ങിയവ നേരിട്ട് കർഷകരിൽ നിന്നു വാങ്ങുന്നതാണ് പതിവ്. ശുദ്ധവും വിഷരഹിതവുമായ ഈ ഉൽപ്പന്നങ്ങൾക്ക് ആവശ്യക്കാരേറെയാണ്,' ശ്യാമള വിശ്വനാഥൻ പറഞ്ഞു.

പായസമേളയും വിപുലമായ ഉൽപ്പന്ന നിരയും

ഈ ഓണക്കാലത്ത് പത്തോളം പേർക്കാണ് 'ലക്ഷ്മി കുടുംബശ്രീ' സംരംഭത്തിലൂടെ പുതുതായി തൊഴിൽ ലഭിച്ചിരിക്കുന്നത്. പരമ്പരാഗത രീതിയിൽ തയ്യാറാക്കുന്ന ഉപ്പേരി, ശർക്കര വരട്ടി, ചക്ക വറുത്തത്, മുറുക്ക് എന്നിവയ്ക്ക് പുറമേ, വിവിധ തരത്തിലുള്ള അച്ചാറുകൾ, ശുദ്ധമായ ധാന്യപ്പൊടികൾ എന്നിവയും ഇവർ വിപണിയിൽ എത്തിക്കുന്നുണ്ട്.

കൂടാതെ ഇത്തവണത്തെ ഓണാഘോഷങ്ങൾക്ക് മാറ്റുകൂട്ടാൻ വിവിധതരം രുചികരമായ പായസങ്ങളും വിപണിയിലെത്തിക്കാൻ ഒരുങ്ങുകയാണ് 'ലക്ഷ്മി കുടുംബശ്രീ'. നാടൻ രുചികളുടെ തനിമ ചോരാതെ വിപണിയിലെത്തിക്കുന്ന ഈ പെൺകൂട്ടായ്മ, ഓണക്കാലത്ത് മികച്ച വരുമാനം നേടുന്നതോടൊപ്പം ഒരു നാടിൻ്റെ തന്നെ അഭിമാനമായി മാറുകയാണ്.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News