Enter your Email Address to subscribe to our newsletters

Thiruvananthapuram , 23 ഓഗസ്റ്റ് (H.S)
ഓണം വാരാഘോഷത്തിന്റെ ഭാഗമായി കനകക്കുന്നിൽ സംഘടിപ്പിച്ച ഫുഡ് ഫെസ്റ്റിവലിനോടനുബന്ധിച്ച് നടത്തിയ പായസ മത്സരം രുചി വൈവിധ്യം കൊണ്ട് ശ്രദ്ധനേടി. വാഴപ്പിണ്ടി പായസം തയ്യാറാക്കിയ കുടുംബശ്രീ യൂണിറ്റ് ഒന്നാം സ്ഥാനം കരസ്ഥമാക്കി. കോട്ടയം, കോഴിക്കോട്, പാലക്കാട് ജില്ലകളിൽ നിന്നുള്ള ജലജ ഷാജു, ഷാഹിദ , ഫാത്തിമ സുഹ്റ എന്നിവരുടെ ടീമാണ് വാഴപ്പിണ്ടി പായസം തയ്യാറാക്കിയത്. വിവിധ മേളകളിൽ വൈവിധ്യമാർന്ന ഭക്ഷ്യവിഭവങ്ങളുമായി ഈ സംഘം പങ്കെടുത്തിട്ടുണ്ട്.
മലബാർ ട്രഡീഷണൽ ഏത്തപ്പഴം പായസം,
ഇളനീർ പായസം, ചക്കക്കുരു പ്രഥമൻ എന്നിവയൊരുക്കിയ കാസർകോടു സ്വദേശി ഷിഫ ഫാത്തിമ രണ്ടാംസ്ഥാനം കരസ്ഥമാക്കി. പാചകത്തിൽ തഴക്കവും പഴക്കവും വന്ന അമ്മമാരോടും കുടുംബശ്രീ പ്രവർത്തകരോടും ഒപ്പം മത്സരിച്ച് കടലപ്പായസം ഉണ്ടാക്കി,
തൈക്കാട് ഫുഡ്
ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ടിലെ വിദ്യാർത്ഥി
വിനീത് എ. എം മൂന്നാം സ്ഥാനം നേടി.
സൂര്യകാന്തി വേദിയിൽ നടന്ന ചടങ്ങിൽ ഫുഡ് ഫെസ്റ്റിവലിൻ്റെ ഉദ്ഘാടനം ഡോ. ശശി തരൂർ എം.പി. നിർവഹിച്ചു. ലോകത്തെവിടെയാണെങ്കിലും ഓണമെന്നാൽ ഓണസദ്യയാണ്. മാവേലി ആഗ്രഹിച്ചതു തന്നെയാണ് നമ്മുടെ സർക്കാരും നല്കുന്നത്. എല്ലാവരെയും ഒരുപോലെ കാണുകയും എല്ലാവർക്കും സമൃദ്ധിയുമാണ് ഓണത്തിൻ്റെ സന്ദേശമെന്നും എം.പി പറഞ്ഞു.
ടൂറിസം, സാംസ്കാരികം, സിനിമാ വകുപ്പ് മന്ത്രി പി.സി. വിഷ്ണുനാഥ് പായസമത്സരത്തിൽ ഒന്നും രണ്ടും മൂന്നും സ്ഥാനം നേടിയവർക്ക് യഥാക്രമം 15000, 10000, 7500 രൂപയുടെ ക്യാഷ് അവാർഡും ഉപഹാരവും സമ്മാനിച്ചു. ഓണത്തിൻ്റെ പ്രധാനപ്പെട്ട ഐറ്റമാണ് ഓണസദ്യയെന്നും കേരളത്തിൻ്റെ ഓരോ മേഖലകളിലുമുള്ള വ്യത്യസ്ത വിഭവങ്ങൾ ഒരുമിച്ച് അനുഭവിക്കാനുള്ള അവസരമാണ് ഫുഡ് ഫെസ്റ്റിവലിൽ ഒരുക്കിയിരിക്കുന്നതെന്നും മന്ത്രി പറഞ്ഞു. ആരോഗ്യം, ദേവസ്വം വകുപ്പ് മന്ത്രി കെ. മുരളീധരനും പായസ മത്സരം കാണാനെത്തി.
ചടങ്ങിൽ ജി.സ്റ്റീഫൻ എംഎൽഎ അധ്യക്ഷത വഹിച്ചു. എം എൽ എമാരായ എം.വിൻസൻ്റ്, എം.ആർ ബൈജു , ഫുഡ് ഫെസ്റ്റിവൽ കൺവീനർ രാജേന്ദ്രൻ , ടൂറിസം ഡയറക്ടർ എം. അഞ്ജന, അഡീഷണൽ ഡയറക്ടർ ശ്രീധന്യ സുരേഷ്, ജനപ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു. കേരളത്തിൻ്റെ തനത് വിഭവങ്ങൾ, ട്രഡീഷണൽ വിഭവങ്ങൾ, ആദിവാസി വിഭാഗം പ്രത്യേക ഭക്ഷണങ്ങൾ എന്നിവയെല്ലാം ഉൾക്കൊള്ളിച്ചുള്ള 15 സ്റ്റാളുകളാണ് ഫുഡ് ഫെസ്റ്റിവലിൽ ഒരുക്കിയിട്ടുള്ളത്.
മാമ്പഴം - പേരയ്ക്ക പായസം, മധുരക്കിഴങ്ങ് പായസം, ഈന്തപ്പഴം ക്യാരറ്റ് പായസം, ബദാംപായസം , വാഴപ്പിണ്ടി പായസം, പൈനാപ്പിൾ പായസം, ബീറ്റ്റൂട്ട് പായസം, അലോവേര പായസം, ചൗവ്വരി പായസം , കേരള സ്റ്റെൽ അടപ്രഥമൻ, കടലപ്പായസം, സേമിയ പായസം തുടങ്ങി വിവിധ തരം പായസങ്ങളും മത്സരാർത്ഥികൾ തയ്യാറാക്കിയിരുന്നു. 13 മത്സരാർത്ഥികളാണ് മത്സരത്തിൽ പങ്കെടുത്തത്.
തൈക്കാട് ഫുഡ്
ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നും വിനീതിനെ കൂടാതെ രൂപേഷ് , ചിന്നു , നിഖിൽ, അജിത് എന്നീ വിദ്യാർത്ഥികളും പായസ മത്സരത്തിൽ പങ്കെടുത്തു. മന്ത്രിമാരും വിശിഷ്ടാതിഥികളും പായസ മധുരം രുചിച്ചാണ് മടങ്ങിയത്.
മാസ്കോട്ട് ഹോട്ടലിലെ ചീഫ് എക്സിക്യൂട്ടീവ് ഷെഫ് അരുൺ എസ് .എച്ച്, കെ ടി ഡി സി ചൈത്രം ഹോട്ടലിലെ ചീഫ് ഷെഫ് ബാബുരാജ്. എസ് എന്നിവരാണ് മത്സരം വിലയിരുത്തിയത്.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR