ഓണക്കാലത്തെ ലഹരി പാർട്ടികൾ ലക്ഷ്യമിട്ട് കൊച്ചിയിൽ വിൽപനയ്ക്കായി എത്തിച്ച മാരക മയക്കുമരുന്നായ എംഡിഎംഎയുമായി പെൺകുട്ടിയടക്കം നാലംഗ സംഘം എക്സൈസിൻ്റെ പിടിയിലായി
Ernakulam , 23 ഓഗസ്റ്റ് (H.S.) ഓണക്കാലത്തെ ലഹരി പാർട്ടികൾ ലക്ഷ്യമിട്ട് കൊച്ചിയിൽ വിൽപനയ്ക്കായി എത്തിച്ച മാരക മയക്കുമരുന്നായ എംഡിഎംഎയുമായി പെൺകുട്ടിയടക്കം നാലംഗ സംഘം എക്സൈസിൻ്റെ പിടിയിലായി. ഇവരിൽ നിന്നും ആകെ 281 ഗ്രാം എംഡിഎംഎയും 69,425 രൂപയും മഹീന്
Operation thooffan


Ernakulam , 23 ഓഗസ്റ്റ് (H.S.)

ഓണക്കാലത്തെ ലഹരി പാർട്ടികൾ ലക്ഷ്യമിട്ട് കൊച്ചിയിൽ വിൽപനയ്ക്കായി എത്തിച്ച മാരക മയക്കുമരുന്നായ എംഡിഎംഎയുമായി പെൺകുട്ടിയടക്കം നാലംഗ സംഘം എക്സൈസിൻ്റെ പിടിയിലായി. ഇവരിൽ നിന്നും ആകെ 281 ഗ്രാം എംഡിഎംഎയും 69,425 രൂപയും മഹീന്ദ്ര ഥാർ ജീപ്പും മൊബൈൽ ഫോണുകളും കസ്റ്റഡിയിലെടുത്തു. എറണാകുളം എക്സൈസ് ഇൻസ്പെക്ടർ അഭിരാജിൻ്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ സാഹസികമായി പിടികൂടിയത്.

ആദ്യ റെയ്ഡും അറസ്റ്റും

കലൂരിലെ സ്വകാര്യ ആഡംബര ഹോട്ടലിൽ മയക്കുമരുന്ന് വിൽപനയ്ക്കായി സൂക്ഷിച്ചിട്ടുണ്ടെന്ന രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിലായിരുന്നു എക്സൈസിൻ്റെ ആദ്യ പരിശോധന. ഹോട്ടൽ മുറിയിൽ നിന്ന് മൂന്ന് പാക്കറ്റുകളിലായി സൂക്ഷിച്ചിരുന്ന 49 ഗ്രാം എംഡിഎംഎ എക്സൈസ് പിടിച്ചെടുത്തു. സംഭവത്തിൽ പറവൂർ മന്നം സ്വദേശി സിദ്ദിഖ് (27), ഇയാളുടെ പെൺസുഹൃത്തായ പച്ചാളം സ്വദേശി ഫിനല മരിയ ഡി റോസാരിയോ (18) എന്നിവരെ അറസ്റ്റ് ചെയ്തു. ചോദ്യം ചെയ്യലിൽ, ഓണത്തോടനുബന്ധിച്ച് നടക്കുന്ന ലഹരി പാർട്ടികൾ കേന്ദ്രീകരിച്ച് വിൽപന നടത്താനാണ് മയക്കുമരുന്ന് എത്തിച്ചതെന്ന് ഇവർ സമ്മതിച്ചു.

വൈറ്റിലയിൽ സാഹസിക ചേസിംഗ്

റീട്ടെയിൽ വിൽപനക്കാരായ സിദ്ദിഖിനെയും ഫിനലയെയും ചോദ്യം ചെയ്തതോടെയാണ് പത്തനംതിട്ട തിരുവല്ല സ്വദേശിയായ വരുൺ ദേവ് എന്ന പ്രധാന ഹോൾസെയിൽ ഡീലറെക്കുറിച്ച് വിവരം ലഭിക്കുന്നത്. വരുൺ ദേവ് ഉച്ചയ്ക്ക് കൊച്ചിയിൽ മറ്റൊരു ഡീലിനായി എത്തുന്നുണ്ടെന്ന് മനസ്സിലാക്കിയ എക്സൈസ് സംഘം നിരീക്ഷണം ശക്തമാക്കി. കോട്ടയം ഭാഗത്തുനിന്നും വൈറ്റിലയിലേക്ക് വരികയായിരുന്ന മഹീന്ദ്ര ഥാർ ജീപ്പിനെ പിന്തുടർന്ന് എക്സൈസ് സംഘം കാത്തുനിന്നു.

വൈറ്റിലയിലെ രൂക്ഷമായ ട്രാഫിക് ബ്ലോക്ക് മുതലാക്കി എക്സൈസ് ടീം വാഹനം സാഹസികമായി വളഞ്ഞു. ആദ്യം വാതിൽ തുറക്കാൻ വിസമ്മതിച്ച പ്രതികളെ ബലം പ്രയോഗിച്ചാണ് എക്സൈസ് പുറത്തിറക്കിയത്. തുടർന്ന് ജീപ്പിൽ നടത്തിയ വിശദമായ പരിശോധനയിൽ സ്റ്റിയറിങ്ങിന് അടിയിൽ ഒളിപ്പിച്ച നിലയിൽ 232 ഗ്രാം എംഡിഎംഎ കൂടി കണ്ടെത്തുകയായിരുന്നു. വാഹനത്തിലുണ്ടായിരുന്ന പ്രധാന ഡീലർ തിരുവല്ല സ്വദേശി വരുൺ ദേവ് (35), കൂട്ടാളി വിപിൻ എസ്. കുമാർ (30) എന്നിവരെ എക്സൈസ് തടഞ്ഞുനിർത്തി അറസ്റ്റ് ചെയ്തു.

ഡൽഹി കേന്ദ്രീകരിച്ചുള്ള വൻ ശൃംഖല

ഡൽഹിയിൽ നിന്നും വൻതോതിൽ എംഡിഎംഎ അടക്കമുള്ള ലഹരിവസ്തുക്കൾ കേരളത്തിലേക്ക് എത്തിക്കുന്ന പ്രധാന കണ്ണിയാണ് അറസ്റ്റിലായ വരുൺ ദേവ് എന്ന് എക്സൈസ് വ്യക്തമാക്കി. പെൺകുട്ടികളെ കാരിയർമാരായി ഉപയോഗിച്ച് സംസ്ഥാനത്തിൻ്റെ വിവിധ ഭാഗങ്ങളിൽ മയക്കുമരുന്ന് എത്തിക്കുന്ന ശൃംഖലയുടെ വിവരങ്ങൾ എക്സൈസിന് ലഭിച്ചിട്ടുണ്ട്. സംഭവത്തിൽ വിശദമായ അന്വേഷണം തുടരുകയാണ്.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News