Enter your Email Address to subscribe to our newsletters

Pathanamthitta , 23 ഓഗസ്റ്റ് (H.S.)
കടപ്ര കാഞ്ഞിരം നില്ക്കുന്നതില് പൊന്നമ്മ തോമസിനെ മർദിച്ചും ശ്വാസംമുട്ടിച്ചും കൊലപ്പെടുത്തിയ കേസില് മകൻ ടിജോ തോമസ് (37), ഒപ്പം താമസിച്ചിരുന്ന കാമുകി കൊല്ലം കാവനാട് സ്വദേശിനി റിൻസി മോള് (37) എന്നിവരെ കോയിപ്രം പൊലീസ് അറസ്റ്റ് ചെയ്തു.
സ്വാഭാവിക മരണമെന്ന് കരുതി മൃതദേഹം ആശുപത്രി മോർച്ചറിയിലേക്ക് മാറ്റിയെങ്കിലും പൊലീസിന് ലഭിച്ച ഒരു അജ്ഞാത ഫോണ് സന്ദേശമാണ് കൊലപാതകത്തിന്റെ ചുരുളഴിക്കാൻ കാരണമായത്.
കഴിഞ്ഞ തിങ്കളാഴ്ച രാത്രിയാണ് കൊലപാതകം നടന്നത്. ഭാര്യയുമായി അകന്നു കഴിയുകയായിരുന്ന ടിജോ കഴിഞ്ഞ ആറുമാസമായി പെണ്സുഹൃത്തായ റിൻസിക്കൊപ്പമാണ് സ്വന്തം വീട്ടില് താമസിച്ചിരുന്നത്. സംഭവദിവസം രാത്രി ടിജോയും റിൻസിയും തമ്മില് വലിയ വഴക്കുണ്ടായി. ഇത് തടയാനും ഇരുവരെയും പിടിച്ചുമാറ്റാനും എത്തിയ പൊന്നമ്മയെ ടിജോ ക്രൂരമായി മർദിക്കുകയായിരുന്നു. നെഞ്ചില് ചവിട്ടുകയും തലയണ വെച്ച് ശ്വാസംമുട്ടിക്കുകയും ശരീരമാസകലം ഇടിക്കുകയും ചെയ്തു. മർദനത്തില് ഗുരുതരമായി പരിക്കേറ്റ പൊന്നമ്മ സംഭവസ്ഥലത്തുവെച്ചുതന്നെ മരിച്ചു.
മരണത്തിന് പിന്നാലെ ടിജോയും ബന്ധുക്കളും ചേർന്ന് പൊന്നമ്മയുടെ മൃതദേഹം കുമ്പനാട്ടെ ഫെലോഷിപ്പ് ആശുപത്രിയിലെ മോർച്ചറിയിലേക്ക് മാറ്റി. രാവിലെ വീട്ടിലെത്തിയ ബന്ധുക്കള്ക്ക് കാര്യങ്ങള് മനസിലായിരുന്നുവെങ്കിലും അവർ ഇത് പൊലീസില് അറിയിച്ചില്ല. പഞ്ചായത്ത് അംഗത്തിന്റെ കത്ത് നല്കിയാണ് മൃതദേഹം മോർച്ചറിയില് വെച്ചത്. എന്നാല് ചൊവ്വാഴ്ച കോയിപ്രം പൊലീസിന് ലഭിച്ച ഒരു അജ്ഞാത ഫോണ് സന്ദേശം കേസില് വഴിത്തിരിവായി. പൊലീസ് മോർച്ചറിയിലെത്തി നടത്തിയ ഇൻക്വസ്റ്റ് പരിശോധനയില് മൃതദേഹത്തില് പരിക്കുകള് കണ്ടെത്തി. തുടർന്ന് കോട്ടയം മെഡിക്കല് കോളജില് പൊലീസ് സർജൻ ഡോ. അശ്വതിയുടെ നേതൃത്വത്തില് നടത്തിയ പോസ്റ്റ്മോർട്ടത്തില് സംഭവം കൊലപാതകമാണെന്ന് തെളിഞ്ഞു. പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതോടെ പ്രതികള് കുറ്റം സമ്മതിക്കുകയായിരുന്നു.
സീരിയല് നടിയുടെ സഹായിയായി തിരുവനന്തപുരത്ത് ജോലി ചെയ്തിരുന്ന സമയത്താണ് സിനിമ-സീരിയല് നടിയായിരുന്ന റിൻസിയുമായി ടിജോ അടുക്കുന്നത്. തിരുവനന്തപുരം സ്വദേശിയായ ആദ്യ ഭർത്താവിനെയും, പിന്നീട് കാൻസർ ബാധിതനായ രണ്ടാമത്തെ പങ്കാളിയെയും ഉപേക്ഷിച്ചാണ് റിൻസി ടിജോയ്ക്കൊപ്പം എത്തിയത്. മേയ് മാസത്തില് ടിജോയും ഭാര്യ ബിൻസിയും മൂന്നാറില് വിനോദയാത്ര പോയിരുന്നു. പിന്നീട് പൂനെയില് ജോലി ചെയ്യുന്ന ബിൻസി അങ്ങോട്ടേക്ക് മടങ്ങിയതിന് ശേഷമാണ്, അമ്മയെ നോക്കാൻ ഹോംനഴ്സ് ആണെന്ന് പറഞ്ഞ് ടിജോ റിൻസിയെ വീട്ടിലേക്ക് കൊണ്ടുവന്നത്. ഇരുവരും സ്ഥിരമായി മദ്യപിക്കുന്നവരായിരുന്നു.
വിവാഹം കഴിഞ്ഞ് ഒമ്പത് വർഷത്തെ കാത്തിരിപ്പിന് ശേഷം ജനിച്ച മകനാണ് ടിജോ. അമിത ലാളന നല്കിയാണ് മാതാപിതാക്കള് ടിജോയെ വളർത്തിയത്. ടിജോയുടെയും ബിൻസിയുടെയും വിവാഹം കഴിഞ്ഞിട്ട് എട്ട് വർഷമായെങ്കിലും കുട്ടികളുണ്ടായില്ല. ഇതിന്റെ പേരില് പൊന്നമ്മ മകനോടും മരുമകളോടും വഴക്കിടുന്നത് പതിവായിരുന്നു. ഒരിക്കല് വെട്ടുകത്തിയുമായി ബിൻസിക്ക് നേരെ പാഞ്ഞടുത്ത പൊന്നമ്മയെ ടിജോ തടഞ്ഞതും അവർ ബിൻസിയുടെ ദേഹത്ത് ചൂടുവെള്ളം ഒഴിച്ചതും ബിൻസി ഫോണില് പകർത്തിയിരുന്നു.
ഇത്രയൊക്കെ പ്രശ്നങ്ങള് ഉണ്ടായിട്ടും, സുഹൃത്തിനൊപ്പം ചേർന്ന് സ്വന്തം അമ്മയെ ടിജോ കൊലപ്പെടുത്തി എന്ന് ഭാര്യ ബിൻസിക്ക് ഇപ്പോഴും പൂർണമായി വിശ്വസിക്കാൻ കഴിഞ്ഞിട്ടില്ല. ബിൻസിയുടെ പിതാവിന്റെ കാലൊടിഞ്ഞ സമയത്ത് കടപ്രയിലെ വീട്ടില് കൊണ്ടുവന്ന് ശുശ്രൂഷിക്കാൻ ടിജോ മുൻകൈ എടുത്തിരുന്നു. ഇതിനാല് തന്നെ ടിജോ ഇത്ര വലിയ ക്രൂരത ചെയ്യില്ലെന്നാണ് അവർ വിശ്വസിക്കുന്നത്. അറസ്റ്റിലായ ശേഷം പൊലീസ് സ്റ്റേഷനില് ഭർത്താവിനെ കാണാൻ എത്തിയ ബിൻസി, 'അമ്മെ അടക്കാനുള്ള ശവപ്പെട്ടി കുമ്പനാട്ടെ കടയില്നിന്ന് തന്നെ വാങ്ങണേ.. നിങ്ങള് ഇപ്പോള് ഒരു കൊലപാതകി ആണെന്ന് അറിയാമോ?' എന്ന് ചോദിച്ചപ്പോള് 'എനിക്കങ്ങനെ ചെയ്യാൻ പറ്റുമോ?' എന്നായിരുന്നു ടിജോയുടെ മറുചോദ്യം. കുട്ടികള് ഉണ്ടാകാനുള്ള ചികിത്സ തുടങ്ങാനിരിക്കെയാണ് ഈ കൊലപാതകം നടക്കുന്നത്.
അസ്വാഭാവിക മരണം സംഭവിച്ചാല് പൊലീസിനെ അറിയിക്കേണ്ട ഉത്തരവാദിത്തം ആശുപത്രിക്കുണ്ട്. എന്നാല് കുമ്പനാട്ടെ സ്വകാര്യ ആശുപത്രിയുടെ ഭാഗത്തുനിന്ന് അതുണ്ടായില്ല. പൊലീസ് അന്വേഷിക്കാൻ എത്തിയപ്പോഴും അനുകൂലമായ പ്രതികരണമല്ല ആശുപത്രി അധികൃതരില് നിന്ന് ലഭിച്ചത്. ആരുടെയെങ്കിലും ശിപാർശയിലാണോ മൃതദേഹം മോർച്ചറിയില് സൂക്ഷിക്കാൻ ഇവർ തയ്യാറായതെന്ന് പൊലീസ് വിശദമായി അന്വേഷിക്കുന്നുണ്ട്. കേസില് റിമാൻഡിലായ ടിജോയ്ക്കും റിൻസിക്കും എതിരെയുള്ള നിയമനടപടികള് പുരോഗമിക്കുകയാണ്.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR