Enter your Email Address to subscribe to our newsletters

Kasaragod , 23 ഓഗസ്റ്റ് (H.S.)
പാലക്കാട് റെയിൽവേ ഡിവിഷൻ വിഭജന വിഷയത്തിൽ കേന്ദ്രത്തിൻ്റെ നീക്കത്തിനെതിരെ നിരാഹാര സമരം നടത്തുമെന്ന് എംപി രാജ്മോഹൻ ഉണ്ണിത്താൻ. മംഗളൂരു ഉൾപ്പെടെയുള്ള സ്റ്റേഷനുകൾ മൈസൂരു ഡിവിഷനിലേക്ക് മാറ്റാനുള്ള കേന്ദ്രത്തിൻ്റെ നീക്കത്തിനെതിരെ തിരുവോണ ദിവസം രാവിലെ ഒൻപതുമണി മുതൽ വൈകിട്ട് ആറ് മണിവരെ സമരം നടത്തുമെന്ന് എംപിമാരായ രാജ്മോഹൻ ഉണ്ണിത്താനും വി കെ ശ്രീകണ്ഠനും അറിയിച്ചു. പാലക്കാട് ഡിവിഷനിൽ നിന്ന് മംഗളൂരുവിനെ മൈസൂരു ഡിവിഷനിലേക്ക് മാറ്റാനുള്ള റെയിൽവേ ബോർഡിൻ്റെ സമീപകാല തീരുമാനം കേരളത്തിൽ വ്യാപകമായ പ്രതിഷേധങ്ങൾക്ക് കാരണമായതിന് പിന്നാലെയാണ് നീക്കം.
കർണാടക അതിർത്തിയോട് ചേർന്നുള്ള തൻ്റെ മണ്ഡലത്തിലെ ജനങ്ങളെയാണ് ഈ തീരുമാനം ഏറ്റവും കൂടുതൽ ബാധിക്കുകയെന്നും ഈ നീക്കത്തെ ശക്തമായി എതിർക്കുമെന്നും രാജ്മോഹൻ ഉണ്ണിത്താൻ മാധ്യമപ്രവർത്തകരോട് പറഞ്ഞു. ഈ തീരുമാനം ഒരിക്കലും അംഗീകരിക്കാൻ കഴിയില്ലെന്നും റെയിൽവേ മന്ത്രിക്ക് മെയിൽ അയച്ചിട്ടുണ്ടെന്നും ഉണ്ണിത്താൻ കൂട്ടിച്ചേർത്തു. കേരളത്തിൽ നിന്നുള്ള എംപിമാർ ഈ പ്രതിഷേധത്തിൽ പങ്കെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.
കാണം വിറ്റും ഓണം ഉണ്ണണം എന്നാണ് പരമ്പരാഗതമായ ഓണ സന്ദേശം. ആയതിനാൽ ബിജെപി സർക്കാർ കേരളത്തോട് കാണിക്കുന്ന അവഗണനയ്ക്കെതിരെ തിരുവോണ ദിവസം തന്നെ രാവിലെ ഒൻപതുമണി മുതൽ വൈകുന്നേരം ആറ് മണി വരെ പാലക്കാട് ഡിവിഷണൽ കൊമേർഷ്യൽ സൂപ്രണ്ട് ഓഫിസിന് മുന്നിൽ നിരാഹാര സമരം നടത്താനാണ് തീരുമാനിച്ചിരിക്കുന്നത്. ഇത് പ്രതിഷേധത്തിൻ്റെ ആദ്യ ഘട്ടമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ആദ്യ ഘട്ടത്തിലെ പ്രതിഷേധം ഫലം കണ്ടില്ലെങ്കിൽ കേരളത്തിലെ എല്ലാ എംപിമാരും ഡൽഹിയിലേയ്ക്ക് മാർച്ച് ചെയ്യാനും തീരുമാനിച്ചിട്ടുണ്ട്. പ്രതിഷേധത്തിൻ്റെ രണ്ടാം ഘട്ടം പിന്നീട് തീരുമാനിക്കുമെന്നും എംപി സൂചിപ്പിച്ചു.
റെയിൽവേ മന്ത്രിക്ക് വിമർശനം
അതേസമയം, റെയിൽവേ മന്ത്രിക്ക് ഈ നീക്കത്തെക്കുറിച്ച് അറിയില്ലായിരുന്നുവെന്നാണ് അവകാശപ്പെടുന്നതെന്നും രാജ്മോഹൻ ഉണ്ണിത്താൻ പറഞ്ഞു. ചെന്നൈ റെയിൽവേയ്ക്കും ജിഎമ്മിനും ഇക്കാര്യം അറിയില്ലായിരുന്നു. പിന്നെ ആരാണ് ഈ ഉത്തരവ് പുറപ്പെടുവിച്ചതും തീരുമാനം എടുത്തതും. ഡിവിഷൻ വിഭജനം അറിഞ്ഞില്ലെന്നാണ് കേന്ദ്ര മന്ത്രി പറയുന്നത്. മന്ത്രി അറിഞ്ഞില്ലെങ്കിൽ അദ്ദേഹം ഈ പണിക്ക് കൊള്ളാത്തവനാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കേന്ദ്ര റെയിൽവേ മന്ത്രി ഈ നീക്കത്തെക്കുറിച്ച് അറിയില്ലെന്ന് അവകാശപ്പെട്ടുകൊണ്ട് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.
ഒരു പ്രധാന ഡിവിഷൻ്റെ പ്രത്യേകിച്ച് ദക്ഷിണേന്ത്യയിൽ ഏറ്റവും കൂടുതൽ വരുമാനം ഉണ്ടാക്കുന്ന ഡിവിഷനുകളിൽ ഒന്നിൻ്റെ വിഭജനത്തെക്കുറിച്ച് തനിക്ക് അറിയില്ലെന്ന് ഒരു കേന്ദ്ര റെയിൽവേ മന്ത്രി പറഞ്ഞാൽ അത് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കലാണ്. പാലക്കാട് റെയിൽവേ ഡിവിഷനിൽ നിന്ന് മംഗളൂരുവിനെ നീക്കം ചെയ്താൽ, ട്രെയിൻ പുറപ്പെടാത്തതും ട്രെയിൻ സർവീസ് ഇല്ലാത്തതുമായ ഇന്ത്യയിലെ ഏക ഡിവിഷനായി പാലക്കാട് മാറും. ഈ നീക്കത്തിനെതിരെ മുഖ്യമന്ത്രി വി ഡി സതീശൻ കേന്ദ്ര സർക്കാരിന് കത്തെഴുതിയിട്ടുണ്ട്. അതേസമയം, യുഡിഎഫിലെയും എൽഡിഎഫിലെയും മറ്റ് നേതാക്കളും ഇതിനെതിരെ രംഗത്തെത്തിയിട്ടുണ്ടെന്നും ഉണ്ണിത്താന് വ്യക്തമാക്കി.
കേരളത്തിൽ നിന്നുള്ള എംപിമാരുടെ ചോദ്യങ്ങൾക്കും ആരോപണങ്ങൾക്കും റെയിൽവേ ഇതുവരെ മറുപടി നൽകിയിട്ടില്ല. കേരളത്തിലെ ജനങ്ങൾ ഈ നീക്കം അംഗീകരിക്കാൻ പോകുന്നില്ല. അനീതിയാണ് കേരളത്തോട് കാണിക്കുന്നത്. ബിജെപി സർക്കാർ എല്ലാ മേഖലകളിലും കേരളത്തോട് അനീതിയും അവഗണനയും കാണിച്ചുകൊണ്ടിരിക്കുന്നു. ഈ അവഗണന ഒരിക്കലും അംഗീകരിക്കാൻ കഴിയില്ല എന്നും അദ്ദേഹം വ്യക്തമാക്കി.
വിഭജനം വരുമാനത്തെ നഷ്ടപ്പെടുത്തുന്നു
2007 ൽ സേലം ഡിവിഷൻ രൂപീകരിച്ചത് പാലക്കാട് ഡിവിഷൻ്റെ വരുമാന അടിത്തറയെ ഇതിനകം തന്നെ ബാധിച്ചു. പിന്നീട് പാലക്കാട് ഡിവിഷൻ മംഗളൂരു തുറമുഖം വഴി ലഭിക്കുന്ന വരുമാനത്തെ വളരെയധികം ആശ്രയിച്ചിരുന്നു. ആ തുറമുഖത്ത് നിന്ന് പെട്രോളിയം, കൽക്കരി, രാസവളങ്ങൾ എന്നിവയുടെ നീക്കത്തിൽ നിന്ന് വരുമാനം ലഭിക്കുന്നു. എന്നാൽ ഏകദേശം 600 കോടി രൂപ വരുന്ന ആ വരുമാനത്തെയാണ് ഈ തീരുമാനത്തിലൂടെ നഷ്ടപ്പെടുത്താൻ പോകുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
കൂടാതെ, കേരളത്തിൻ്റെ വടക്കൻ ജില്ലകളെ സംബന്ധിച്ച തീരുമാനങ്ങൾ എടുക്കുന്നത് കൂടുതൽ ബുദ്ധിമുട്ടാക്കുമെന്നും റെയിൽവേയുടെ നടപടികൾ രണ്ട് ഡിവിഷനുകളുമായി ഏകോപിപ്പിക്കേണ്ടിവരുമെന്നും ഉണ്ണിത്താൻ പറഞ്ഞു. ഇപ്പോൾ കണ്ണൂരിൽ അവസാനിക്കുന്ന നിരവധി ട്രെയിനുകൾ കാസർകോട്, മംഗളൂരു എന്നിവിടങ്ങളിലേക്ക് നീട്ടാൻ അഭ്യർഥിച്ചിട്ടുണ്ട്. ഈ വിപുലീകരണത്തിനായി പാലക്കാട് ഡിവിഷനെയും ചെന്നൈയിലെ റെയിൽവേ ഓഫിസിനെയും ബന്ധപ്പെട്ടു. ഇപ്പോൾ രണ്ട് റെയിൽവേ ഡിവിഷനുകളിൽ നിന്ന് അനുമതി തേടേണ്ടതുണ്ട്. കാസർകോട്ടുള്ള കുമ്പള റെയിൽവേ സ്റ്റേഷൻ ഒരു സാറ്റലൈറ്റ് സ്റ്റേഷനായി വികസിപ്പിക്കണമെന്ന് താൻ ആവശ്യപ്പെട്ടിരുന്നുവെന്നും പാലക്കാട് ഡിവിഷൻ്റെ വരുമാന അടിത്തറ നഷ്ടപ്പെട്ടാൽ അത്തരം പദ്ധതികൾ എങ്ങനെ മുന്നോട്ട് കൊണ്ടുപോകാൻ കഴിയുമെന്നും അദ്ദേഹം ചോദിച്ചു.
മംഗളൂരുവിനെ മൈസൂരു ഡിവിഷൻ്റെ ഭാഗമാക്കാനുള്ള കേന്ദ്ര സർക്കാരിൻ്റെ തീരുമാനം രാഷ്ട്രീയ പ്രേരിതവും രഹസ്യമായി മൂടിവച്ചതുമാണെന്ന് ഉണ്ണിത്താൻ ആരോപിച്ചു. കർണാടകയിലെ ബിജെപിയുടെ നിർദ്ദേശപ്രകാരമാണ് തീരുമാനമെടുത്തതെന്നാണ് മനസിലാക്കാൻ സാധിക്കുന്നതെന്നും കർണാടകയിലെ തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടാണ് ഈ രാഷ്ട്രീയ നീക്കമെന്നും രാജ്മോഹൻ ഉണ്ണിത്താൻ വ്യക്തമാക്കി.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR