റബ്ബർ ഗവേഷണ രംഗത്ത് കോട്ടയത്തിന് വീണ്ടുമൊരു ദേശീയ പുരസ്കാര തിളക്കം
Kottayam , 23 ഓഗസ്റ്റ് (H.S.) റബ്ബർ ഗവേഷണ രംഗത്ത് കോട്ടയത്തിന് വീണ്ടുമൊരു ദേശീയ പുരസ്കാര തിളക്കം. രാജ്യത്ത് വികസിപ്പിച്ചെടുക്കുന്ന പുതിയ റബ്ബർ ക്ലോണുകളുടെ വ്യതിരിക്തതയും ഗുണനിലവാരവും ഡിഎൻഎ തലത്തിൽ പരിശോധിച്ച് ഉറപ്പുവരുത്തുന്നതിനുള്ള ഇന്ത്യയിലെ ഏക
NATIONAL NODAL CENTER  RII


Kottayam , 23 ഓഗസ്റ്റ് (H.S.)

റബ്ബർ ഗവേഷണ രംഗത്ത് കോട്ടയത്തിന് വീണ്ടുമൊരു ദേശീയ പുരസ്കാര തിളക്കം. രാജ്യത്ത് വികസിപ്പിച്ചെടുക്കുന്ന പുതിയ റബ്ബർ ക്ലോണുകളുടെ വ്യതിരിക്തതയും ഗുണനിലവാരവും ഡിഎൻഎ തലത്തിൽ പരിശോധിച്ച് ഉറപ്പുവരുത്തുന്നതിനുള്ള ഇന്ത്യയിലെ ഏക അംഗീകൃത നോഡൽ കേന്ദ്രമായി കോട്ടയത്തെ റബ്ബർ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയെ (RRII) തെരഞ്ഞെടുത്തു.

ഈ ചരിത്രപരമായ നേട്ടത്തിൻ്റെ ഔദ്യോഗിക പ്രഖ്യാപനവും സമർപ്പണച്ചടങ്ങും ഓഗസ്റ്റ് 24 തിങ്കളാഴ്ച റബ്ബർ ഗവേഷണ കേന്ദ്രത്തിൽ വെച്ച് നടക്കുമെന്ന് റബ്ബർ ബോർഡ് ചെയർമാൻ എൻ. ഹരി അറിയിച്ചു. ബോർഡിലെ മുതിർന്ന ഉദ്യോഗസ്ഥരും ആർആർഐഐയിലെ ശാസ്ത്രജ്ഞരും ഉദ്യോഗസ്ഥരും ചടങ്ങിൽ പങ്കെടുക്കും.

കേന്ദ്ര കൃഷി മന്ത്രാലയത്തിന് കീഴിലുള്ള 'പ്രൊട്ടക്ഷൻ ഓഫ് പ്ലാൻ്റ് വെറൈറ്റീസ് ആൻഡ് ഫാർമേഴ്സ് റൈറ്റ്സ് അതോറിറ്റി' ആണ് കോട്ടയത്തെ ഈ പുതിയ പദവിയിലേക്ക് ഉയർത്തിയത്. ഇനി മുതൽ രാജ്യത്തിൻ്റെ ഏത് ഭാഗത്ത് പുതിയ റബ്ബർ ഇനങ്ങൾ വികസിപ്പിച്ചെടുത്താലും, അതിൻ്റെ പേറ്റൻ്റും ഗുണനിലവാരവും നിശ്ചയിക്കുന്നതിൽ കോട്ടയത്തെ ഈ സ്ഥാപനത്തിന്റെ പരിശോധനാ ഫലം നിർണ്ണായകമാകും. റബ്ബർ കർഷകർക്കും ആഭ്യന്തര റബ്ബർ ഉത്പാദന മേഖലയ്ക്കും വലിയ കുതിപ്പേകുന്നതാണ് ഈ പുതിയ അംഗീകാരം.

സസ്യ ഇനങ്ങളുടെയും കർഷകരുടെയും അവകാശ സംരക്ഷണ നിയമം, 2001 പ്രകാരം പുതിയ റബ്ബർ ക്ലോണുകളുടെ രജിസ്ട്രേഷനു മുമ്പ് അവയുടെ വ്യതിരിക്തത, ഏകത, സ്ഥിരത എന്നിവ നിർണയിക്കുന്ന ഡിയുഎസ് (DUS) പരിശോധന നിർബന്ധമാണ്. ഇതിനായി ആർആർഐഐ തയ്യാറാക്കിയ പരിശോധനാ മാർഗനിർദേശങ്ങൾക്ക് നിയമപരമായ അംഗീകാരം ലഭിച്ചിട്ടുണ്ട്. ഇതുസംബന്ധിച്ച വിജ്ഞാപനം ഉടൻ ഇന്ത്യാ ഗസറ്റിൽ പ്രസിദ്ധീകരിക്കും.

ഡിയുഎസ് പരിശോധനയ്ക്കായി ആർആർഐഐയിൽ ഇതിനകം 50-ലധികം തദ്ദേശീയവും വിദേശീയവുമായ റബ്ബർ ക്ലോണുകൾ ഉൾപ്പെടുന്ന റഫറൻസ് ശേഖരം സജ്ജീകരിച്ചിട്ടുണ്ട്. രാജ്യത്ത് വികസിപ്പിക്കുന്ന പുതിയ ക്ലോണുകളുടെ രജിസ്ട്രേഷൻ നടപടികളിൽ ഈ ശേഖരം പ്രധാന റഫറൻസായി ഉപയോഗിക്കും. മികച്ച ലാബുകളും റബ്ബർ ക്ലോണുകളുടെ ഡിഎൻഎ പ്രൊഫൈലിങ് അടക്കമുള്ള ഉയർന്ന സാങ്കേതിക പരിശോധനകൾ നടത്താനുള്ള ശാസ്ത്രീയ പശ്ചാത്തലവും ഈ ഇൻസ്റ്റിറ്റ്യൂട്ടിനുണ്ട്.

ഇന്ത്യയിലെ ജനപ്രിയ റബ്ബർ ഇനങ്ങളായ RRII 105, 400 സീരീസ് തുടങ്ങിയവ വിജയകരമായി വികസിപ്പിച്ചെടുത്ത ചരിത്രവും മികച്ച ശാസ്ത്രജ്ഞരുടെ സേവനവും ഈ സ്ഥാപനത്തിനുണ്ട്. റബ്ബർ കർഷകരുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനും വ്യാജ വിത്തുകൾ തടയുന്നതിനും കേന്ദ്ര സർക്കാർ നടപ്പിലാക്കുന്ന നിയമത്തിൻ്റെ ഭാഗമായാണ് ഈ വലിയ പദവി കോട്ടയത്തെ സ്ഥാപനത്തിന് തേടിയെത്തിയത്.

സസ്യ ഇനങ്ങളുടെയും കർഷകരുടെയും അവകാശങ്ങൾ സംരക്ഷിക്കുന്നതിനും പുതിയ സസ്യ ഇനങ്ങളുടെ വികസനം പ്രോത്സാഹിപ്പിക്കുന്നതിനു ഉള്ള കേന്ദ്ര സർക്കാർ നിയമം പ്രാബല്യമാക്കുന്നതിൻ്റെ ഭാഗമായി ലഭിച്ച ഈ അംഗീകാരം ഇന്ത്യയിലെ റബ്ബർ ഗവേഷണ മേഖലയ്ക്കും ആർആർഐഐയ്ക്കും ചരിത്രനേട്ടമാണെന്ന് റബ്ബർ ബോർഡ് ചെയർമാൻ എൻ. ഹരി അറിയിച്ചു.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News