ഹോർമുസ് കടലിടുക്ക് പുതിയ 'യുഎസ് പ്രദേശം'; ഇറാനുമായുള്ള തർക്കത്തിനിടെ ഭൂപടം പങ്കുവെച്ച് ഡൊണാൾഡ് ട്രംപ്
Washington , 23 ഓഗസ്റ്റ് (H.S.) വാഷിംഗ്ടൺ: പശ്ചിമേഷ്യയിൽ യുഎസും ഇറാനും തമ്മിലുള്ള സംഘർഷം രൂക്ഷമായി തുടരുന്നതിനിടെ, തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്കിനെ (Strait of Hormuz) അമേരിക്കൻ പ്രദേശമായി വിശേഷിപ്പിച്ച് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് രംഗത്ത്.
ഹോർമുസ് കടലിടുക്ക് പുതിയ 'യുഎസ് പ്രദേശം'; ഇറാനുമായുള്ള തർക്കത്തിനിടെ ഭൂപടം പങ്കുവെച്ച് ഡൊണാൾഡ് ട്രംപ്


Washington , 23 ഓഗസ്റ്റ് (H.S.)

വാഷിംഗ്ടൺ: പശ്ചിമേഷ്യയിൽ യുഎസും ഇറാനും തമ്മിലുള്ള സംഘർഷം രൂക്ഷമായി തുടരുന്നതിനിടെ, തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്കിനെ (Strait of Hormuz) അമേരിക്കൻ പ്രദേശമായി വിശേഷിപ്പിച്ച് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് രംഗത്ത്. ഹോർമുസ് കടലിടുക്കിന്റെ ചിത്രം വീണ്ടും സോഷ്യൽ മീഡിയയിൽ പങ്കുവെച്ചുകൊണ്ടാണ് ട്രംപ് ഈ അവകാശവാദം ഉന്നയിച്ചത്.

തന്റെ സ്വന്തം സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ 'ട്രൂത്ത് സോഷ്യലിൽ' (Truth Social) ഭൂപടം പങ്കുവെച്ചുകൊണ്ട് പുതിയ യു.എസ് പ്രദേശം. ഹോർമുസ് കടലിടുക്ക് (New U.S. Territory. Strait of Hormuz) എന്ന് ട്രംപ് കുറിച്ചു. നേരത്തെ ഓഗസ്റ്റ് 14-ന് ലോങ് ഐലൻഡിൽ നടന്ന ഒരു പരിപാടിയിൽ സംസാരിക്കവെ, ഹോർമുസ് ഉടൻ തന്നെ അമേരിക്കൻ പ്രദേശമായി പ്രഖ്യാപിക്കുമെന്ന് ട്രംപ് വ്യക്തമാക്കിയിരുന്നു. തുടർന്ന് ഓഗസ്റ്റ് 18-നും സമാനമായ ഭൂപടം ട്രംപ് സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചിരുന്നു.

ആഗോള എണ്ണ വ്യാപാരവും പ്രതിസന്ധിയും

ലോകത്തെ അഞ്ചിലൊന്ന് ക്രൂഡ് ഓയിൽ വിതരണം കടന്നുപോകുന്ന ഏറ്റവും പ്രധാനപ്പെട്ട സമുദ്രപാതയാണ് ഹോർമുസ് കടലിടുക്ക്. നിലവിലെ പ്രതിസന്ധികൾ കാരണം ഈ വഴിയിലെ തടസ്സങ്ങൾ ആഗോള വിതരണ ശൃംഖലയെ സാരമായി ബാധിച്ചിരിക്കുകയാണ്. ഈ സമുദ്രപാത അമേരിക്കയുടെ പൂർണ്ണ നിയന്ത്രണത്തിൽ വരണമെന്നും ഇറാൻ വഴി തുറന്നു നൽകണമെന്നുമാണ് ട്രംപ് ഭരണകൂടം ആവശ്യപ്പെടുന്നത്. എന്നാൽ ഹോർമുസിന്റെ നിയന്ത്രണം തങ്ങളുടെ പക്കൽ തന്നെ തുടരുമെന്ന ഉറച്ച നിലപാടിലാണ് ഇറാൻ.

ഇറാന്റെയും ഒമാന്റെയും നിലപാടുകൾ

ട്രംപിന്റെ അവകാശവാദങ്ങളെ അതിരൂക്ഷമായ ഭാഷയിലാണ് ഇറാൻ വിമർശിച്ചത്. ഹോർമുസ് കടലിടുക്ക് തുറക്കാനുള്ള അമേരിക്കയുടെ കഴിവില്ലായ്മയും അത് സ്വന്തമാക്കാനുള്ള അവകാശവാദവും തമ്മിലുള്ള ദൂരം വാഷിംഗ്ടണും ഹോർമുസും തമ്മിലുള്ള 7,000 മൈൽ ദൂരത്തേക്കാൾ വലുതാണ്. പേർഷ്യൻ ഗൾഫിലെ പോസ്റ്റ്-അമേരിക്കൻ ക്രമത്തിലേക്ക് സ്വാഗതം, എന്ന് ഇറാന്റെ സുപ്രീം നാഷണൽ സെക്യൂരിറ്റി കൗൺസിൽ സെക്രട്ടറി മൊഹ്സെൻ റെസായ് 'എക്സിൽ' (X) കുറിച്ചു.

ഹോർമുസ് വഴിയുള്ള കപ്പൽ ഗതാഗതത്തിന് സുരക്ഷിതമായ പാതയൊരുക്കാൻ ഇറാൻ ഒമാനുമായി ധാരണയിലെത്തിയിട്ടുണ്ട്. എന്നാൽ അമേരിക്ക ഏർപ്പെടുത്തിയ ഉപരോധങ്ങളും നാവിക ഉപരോധവും പിൻവലിച്ചാൽ മാത്രമേ പൂർണ്ണ സുരക്ഷ പുനഃസ്ഥാപിക്കാൻ കഴിയൂ എന്ന് ഇറാന്റെ വിദേശകാര്യ മന്ത്രാലയ വക്താവ് ഇസ്മായിൽ ബഗായ് വ്യക്തമാക്കി.

ഇറാനുമായി ഒമാൻ നടത്തുന്ന നീക്കങ്ങൾക്കെതിരെ കടുത്ത മുന്നറിയിപ്പുമായി ട്രംപും രംഗത്തെത്തി. തങ്ങളുടെ വഴിയടക്കാൻ ഒമാൻ ശ്രമിച്ചാൽ ശക്തമായ സൈനിക നടപടി നേരിടേണ്ടി വരുമെന്ന് ട്രംപ് ഭീഷണിപ്പെടുത്തി. ട്രംപിന്റെ പ്രസ്താവനകളോടെ മേഖലയിലെ നയതന്ത്ര-സൈനിക സമവാക്യങ്ങൾ കൂടുതൽ സങ്കീർണ്ണമായ അവസ്ഥയിലേക്ക് നീങ്ങുകയാണ്.

---------------

Hindusthan Samachar / Roshith K


Latest News