Enter your Email Address to subscribe to our newsletters

Thiruvananthapuram, 23 ഓഗസ്റ്റ് (H.S.)
തിരുവനന്തപുരം: പ്രതിപക്ഷ ഉപനേതാവ് പദവിയെച്ചൊല്ലിയുള്ള തർക്കത്തിൽ മുഖ്യമന്ത്രി പിണറായി വിജയന് സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പരസ്യമായി മറുപടി നൽകിയതിന് പിന്നാലെ, നിലപാട് കൂടുതൽ കടുപ്പിക്കാൻ സിപിഐ നേതൃത്വം തീരുമാനിച്ചു. മുന്നണിയിലെ പ്രധാന ഘടകകക്ഷിയെന്ന നിലയിൽ അർഹമായ പദവികൾക്കായി ഏതറ്റം വരെയും പോകാൻ പാർട്ടി നേതാക്കൾക്കിടയിൽ പൊതുധാരണയായി. മുഖ്യമന്ത്രിയുടെ കർക്കശമായ വാശിക്ക് മുന്നിൽ പാർട്ടി വഴങ്ങേണ്ടതില്ലെന്നാണ് മുതിർന്ന നേതാക്കളുടെ പൊതുവികാരം.
വിഷയത്തിൽ വിട്ടുവീഴ്ചയില്ലാത്ത സമീപനം സ്വീകരിക്കാൻ തീരുമാനിച്ചതോടെ, മുന്നണിയിലും നിയമസഭയിലും സ്വീകരിക്കേണ്ട തുടർനടപടികളെക്കുറിച്ച് സിപിഐയുടെ മുതിർന്ന നേതാക്കൾ തമ്മിൽ ആശയവിനിമയം നടത്തി. തങ്ങളുടെ ന്യായമായ ആവശ്യങ്ങൾ അംഗീകരിക്കപ്പെട്ടില്ലെങ്കിൽ കടുത്ത തീരുമാനങ്ങളിലേക്ക് കടക്കാനാണ് പാർട്ടി ആലോചിക്കുന്നത്. ഇതിന്റെ ഭാഗമായി നിയമസഭയിൽ പ്രത്യേക ബ്ലോക്കായി ഇരിക്കാൻ അനുമതി തേടുന്നത് ഉൾപ്പെടെയുള്ള നിർണായക നീക്കങ്ങൾ സിപിഐയുടെ പരിഗണനയിലുണ്ട്.
ഇതിനുപുറമെ, മുന്നണി യോഗങ്ങളിൽ നിന്ന് വിട്ടുനിന്ന് പ്രതിഷേധം രേഖപ്പെടുത്തുന്ന കാര്യവും പാർട്ടിയുടെ ആലോചനകളിലുണ്ട്. മുഖ്യമന്ത്രിയുടെ നിലപാടിന് വഴങ്ങി പദവി വേണ്ടെന്നുവെക്കുന്നത് പാർട്ടിയുടെ ആത്മാഭിമാനത്തെയും രാഷ്ട്രീയ നിലനിൽപ്പിനെയും ബാധിക്കുമെന്നാണ് നേതാക്കളുടെ വിലയിരുത്തൽ. സിപിഐഎമ്മിന്റെ ഏകപക്ഷീയമായ തീരുമാനങ്ങൾ മുന്നണി മര്യാദകൾക്ക് വിരുദ്ധമാണെന്നും പാർട്ടി വൃത്തങ്ങൾ ചൂണ്ടിക്കാട്ടുന്നു.
പ്രതിപക്ഷ ഉപനേതാവ് പദവിയെച്ചൊല്ലി ഇടതുമുന്നണിക്കുള്ളിൽ രൂപപ്പെട്ട അസ്വാരസ്യങ്ങൾ പുതിയ തലത്തിലേക്ക് നീങ്ങുകയാണ്. ഇരുപാർട്ടികളും തമ്മിലുള്ള ബന്ധത്തിൽ വലിയ വിള്ളലുകൾ സൃഷ്ടിക്കാൻ ഈ തർക്കം കാരണമായിട്ടുണ്ട്. വരും ദിവസങ്ങളിൽ ചേരുന്ന സിപിഐ നേതൃയോഗങ്ങളിൽ തുടർനീക്കങ്ങൾ സംബന്ധിച്ച് നിർണായക തീരുമാനങ്ങൾ ഉണ്ടാകും. പാർട്ടി നിലപാടിൽ മാറ്റമില്ലെന്ന് വ്യക്തമായതോടെ മുന്നണിയിലെ രാഷ്ട്രീയ സാഹചര്യം കൂടുതൽ സങ്കീർണ്ണമായിരിക്കുകയാണ്.
തർക്കത്തിന്റെ കാതൽ
പിണറായി വിജയന്റെ നിലപാട്: ഡെപ്യൂട്ടി പ്രതിപക്ഷ നേതാവ് സ്ഥാനം സിപിഎമ്മിന് മാത്രം അവകാശപ്പെട്ടതാണെന്ന് പറഞ്ഞ് പിണറായി വിജയൻ സിപിഐയുടെ ആവശ്യം തള്ളി. ഒഴിവ് നികത്തുന്നത് ഒരു സാധാരണ നടപടിക്രമം മാത്രമാണെന്നും, ഒരു സിപിഎം നേതാവിന്റെ പേര് വെച്ച് താൻ സ്പീക്കർക്ക് കത്ത് നൽകിയാൽ മതിയെന്നും അദ്ദേഹം വ്യക്തമാക്കി.
ബിനോയ് വിശ്വത്തിന്റെ പ്രതികരണം: പിണറായി വിജയന്റെ ഈ ഏകപക്ഷീയമായ പ്രഖ്യാപനം അദ്ദേഹത്തിന്റെ പദവിക്കും രാഷ്ട്രീയ പക്വതയ്ക്കും നിരക്കാത്തതാണെന്ന് ബിനോയ് വിശ്വം തിരിച്ചടിച്ചു. സിപിഐയുടെ ആത്മാഭിമാനത്തിന് വിലയിടാൻ ഒരു നേതാവിനും അവകാശമില്ലെന്നും, ഈ വിഷയം ഉഭയകക്ഷി ചർച്ചകളിലൂടെ പരിഹരിക്കേണ്ടതായിരുന്നുവെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.
സിപിഐയുടെ ആവശ്യം: എൽഡിഎഫിലെ രണ്ടാമത്തെ വലിയ കക്ഷിയെന്ന നിലയിൽ, മുന്നണിയുടെ ഐക്യം നിലനിർത്താനും പുതിയ ഊർജ്ജം നൽകാനും ഇത്തരം പാർലമെന്ററി പദവികളിൽ മാറ്റം ആവശ്യമാണെന്ന് സിപിഐ വാദിക്കുന്നു. സിപിഎമ്മിന്റെ ഏകപക്ഷീയമായ മേധാവിത്വം അംഗീകരിക്കാൻ കഴിയില്ലെന്നാണ് അവരുടെ നിലപാട്.
---------------
Hindusthan Samachar / Roshith K