Enter your Email Address to subscribe to our newsletters

Bengaluru, 23 ഓഗസ്റ്റ് (H.S.)
ബെംഗളൂരു: കർണാടകയിലെ മഹർഷി വാൽമീകി പട്ടികവർഗ്ഗ വികസന കോർപ്പറേഷനിലെ കോടിക്കണക്കിന് രൂപയുടെ സാമ്പത്തിക തട്ടിപ്പിൽ ഭരണകക്ഷിയായ കോൺഗ്രസ് സർക്കാരിനെതിരെ പ്രക്ഷോഭം ശക്തമാക്കി പ്രതിപക്ഷം. സംഭവത്തിൽ സർക്കാരിന്റെ ഉത്തരവാദിത്തം ആവശ്യപ്പെട്ട് ബിജെപിയും ജനതാദളും (എസ്) സംയുക്തമായി തിങ്കളാഴ്ച ബെംഗളൂരുവിലെ വിധാൻ സൗധ വളയുമെന്ന് കർണാടക നിയമസഭയിലെ പ്രതിപക്ഷ നേതാവ് ആർ. അശോക അറിയിച്ചു. ബെംഗളൂരുവിൽ വിളിച്ചുചേർത്ത വാർത്താസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
വാൽമീകി കോർപ്പറേഷന്റെ അക്കൗണ്ടിൽ നിന്ന് 187 കോടി രൂപ വകമാറ്റി കർണാടകയിലെയും തെലങ്കാനയിലെയും കോൺഗ്രസിന്റെ തിരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്കായി ഉപയോഗിച്ചുവെന്നാണ് പ്രതിപക്ഷത്തിന്റെ പ്രധാന ആരോപണം. ദളിത്-പിന്നാക്ക ജനവിഭാഗങ്ങളുടെ ക്ഷേമത്തിനായി നീക്കിവെച്ച തുക സർക്കാർ ഖജനാവിൽ നിന്ന് കൊള്ളയടിക്കുകയായിരുന്നുവെന്ന് ആർ. അശോക ആരോപിച്ചു. ഇതിന് വ്യക്തമായ രേഖകൾ പുറത്തുവിട്ടിട്ടും സത്യം മറച്ചുവെക്കാനാണ് ഭരണകക്ഷി ശ്രമിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
കഴിഞ്ഞ ഒരാഴ്ചയായി സംസ്ഥാനത്തെ വിവിധ ജില്ലാ കേന്ദ്രങ്ങളിൽ പ്രതിപക്ഷ പാർട്ടികൾ രാപ്പകൽ സമരം നടത്തിവരികയാണ്. ഇതിന്റെ തുടർച്ചയായാണ് ബെംഗളൂരു ഫ്രീഡം പാർക്കിൽ നിന്ന് രാവിലെ ഒൻപത് മണിക്ക് ആരംഭിക്കുന്ന കൂറ്റൻ മാർച്ച് വിധാൻ സൗധയിലേക്ക് നീങ്ങുന്നത്. ബിജെപി സംസ്ഥാന അധ്യക്ഷൻ ബി.വൈ. വിജയേന്ദ്ര, കേന്ദ്രമന്ത്രിയും ജെഡി(എസ്) നേതാവുമായ എച്ച്.ഡി. കുമാരസ്വാമി ഉൾപ്പെടെയുള്ള എൻഡിഎ നേതാക്കൾ പ്രക്ഷോഭത്തിൽ അണിനിരക്കും. വിഷയത്തിൽ സർക്കാരിൽ നിന്ന് വ്യക്തമായ മറുപടി ലഭിക്കുന്നതുവരെ പ്രതിഷേധം ഒരാഴ്ച കൂടി ശക്തമായി തുടരാനാണ് മുന്നണിയുടെ തീരുമാനം.
കേസിൽ മുൻ മന്ത്രി ബി. നാഗേന്ദ്രയ്ക്ക് സിബിഐയും പ്രത്യേക അന്വേഷണ സംഘവും (എസ്ഐടി) നൽകിയെന്ന് പറയപ്പെടുന്ന ക്ലീൻ ചിറ്റിനെയും പ്രതിപക്ഷ നേതാവ് തള്ളിപ്പറഞ്ഞു. സംസ്ഥാന ഫോറൻസിക് സയൻസ് ലബോറട്ടറിയുടെ (എഫ്എസ്എൽ) റിപ്പോർട്ടിൽ മുൻ മന്ത്രിയും അറസ്റ്റിലായ പ്രധാന പ്രതി നെക്കുണ്ടി നാഗരാജും തമ്മിലുള്ള ഫോൺ സംഭാഷണങ്ങളും വാട്സാപ്പ് സന്ദേശങ്ങളും വ്യക്തമായി രേഖപ്പെടുത്തിയിട്ടുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. പണം എങ്ങോട്ടൊക്കെ അയക്കണം, എത്ര രൂപ ആർക്കൊക്കെ കൈമാറണം എന്നതുമായി ബന്ധപ്പെട്ട നിർണായക വിവരങ്ങൾ ഈ തെളിവുകളിലുണ്ടെന്നും അശോക വ്യക്തമാക്കി.
കോൺഗ്രസ് നേതാക്കൾ ഭരണഘടന ഉയർത്തിപ്പിടിച്ചുകൊണ്ട് നടത്തുന്ന പ്രചാരണങ്ങൾ കാപട്യമാണെന്നും ദളിത് വിഭാഗങ്ങൾക്ക് അർഹമായ അവകാശങ്ങളും ആനുകൂല്യങ്ങളുമാണ് ഇവിടെ നിഷേധിക്കപ്പെട്ടിരിക്കുന്നതെന്നും പ്രതിപക്ഷം തുറന്നടിച്ചു. ഭരണസമിതിയിലെ ഒരാളെ സംരക്ഷിക്കാൻ വേണ്ടി ഒരു സമുദായത്തിന് മുഴുവൻ ലഭിക്കേണ്ട ഫണ്ട് തട്ടിയെടുക്കുന്നത് അംഗീകരിക്കാനാവില്ലെന്നും അഴിമതിക്കെതിരായ പോരാട്ടം ശക്തമായി തുടരുമെന്നും പ്രതിപക്ഷ നേതൃത്വം വ്യക്തമാക്കി. വരും ദിവസങ്ങളിൽ വിഷയം നിയമസഭയ്ക്കകത്തും പുറത്തും കനത്ത രാഷ്ട്രീയ പോരിന് വഴിവെക്കും.
---------------
Hindusthan Samachar / Roshith K