Enter your Email Address to subscribe to our newsletters

New delhi ,4 ഓഗസ്റ്റ് (H.S.)
ന്യൂഡൽഹി:* 2027ലെ കേന്ദ്ര സെൻസസ് നടപടികളുടെ ഭാഗമായി ആധാർ, വോട്ടർ ഐഡി, പാസ്‌പോർട്ട്, മൊബൈൽ നമ്പർ, ബാങ്ക് അക്കൗണ്ടുകളുടെ എണ്ണം ഉൾപ്പെടെയുള്ള സ്വകാര്യ വിവരങ്ങൾ ശേഖരിക്കരുതെന്ന് സിപിഐ എം. സെൻസസിന്‍റെ രീതികളെക്കുറിച്ചും വിവരശേഖരണത്തെക്കുറിച്ചും ചര്‍ച്ച ചെയ്യുന്നതിന് അടിയന്തരമായി സർവകക്ഷി യോഗം വിളിക്കണമെന്ന്, രജിസ്ട്രാർ ജനറൽ ഒഫ് ഇന്ത്യയ്ക്കും സെൻസസ് കമ്മീഷണർക്കും നൽകിയ മെമ്മോറാണ്ടത്തിൽ സിപിഐ എം ജനറൽ സെക്രട്ടറി എം എ ബേബി ആവശ്യപ്പെട്ടു.
16 വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് രാജ്യത്ത് സെൻസസ് നടപടികൾ ആരംഭിക്കുന്നത്. സെൻസസ് വിവരങ്ങൾ വോട്ടർപട്ടിക, ആധാർ, ക്ഷേമപദ്ധതികൾ, പൗരത്വം എന്നിവയുമായി ബന്ധപ്പെട്ട മറ്റു സർക്കാർ ഡാറ്റാബേസുകളുമായി ബന്ധിപ്പിക്കരുതെന്നും ഇതിനായി കർശനമായ സുരക്ഷാ മാനദണ്ഡങ്ങൾ നിശ്ചയിക്കണമെന്നും മെമ്മോറാണ്ടത്തിൽ ചൂണ്ടിക്കാട്ടുന്നു.
*സിപിഐ എം മുന്നോട്ടുവെച്ച 7 പ്രധാന ആവശ്യങ്ങൾ:*
1. സെൻസസ് രീതിശാസ്ത്രത്തെക്കുറിച്ച് അടിയന്തരമായി സർവകക്ഷി ചർച്ച നടത്തുക.
2. മാതാപിതാക്കളുടെ മതം, ബാങ്ക് അക്കൗണ്ട് വിവരങ്ങൾ, ആധാർ ഉൾപ്പെടെയുള്ള തിരിച്ചറിയൽ നമ്പറുകൾ തുടങ്ങിയ വ്യക്തിഗത വിവരങ്ങൾ ശേഖരിക്കുന്നത് ഒഴിവാക്കുക.
3. ശാസ്ത്രീയവും സുതാര്യവുമായ ജാതിവർഗീകരണ-കോഡിങ് സംവിധാനം തയ്യാറാക്കുക.
4. സെൻസസ് വിവരങ്ങൾ തെരഞ്ഞെടുപ്പ്, ആധാർ, ക്ഷേമപദ്ധതി, പൗരത്വ ഡാറ്റാബേസുകളുമായി ബന്ധിപ്പിക്കാതിരിക്കാൻ കർശന സുരക്ഷ ഉറപ്പാക്കുക.
5. പൗരത്വം നിർണയിക്കാനോ വോട്ടർപട്ടികയിൽനിന്ന് ഒഴിവാക്കാനോ സെൻസസ് വിവരങ്ങൾ ഉപയോഗിക്കില്ലെന്ന് ഉറപ്പുനൽകുക.
6. മണ്ഡല പുനർനിർണയവും ഫെഡറലിസവുമായി ബന്ധപ്പെട്ട സെൻസസിന്റെ പ്രത്യാഘാതങ്ങളെക്കുറിച്ച് സുതാര്യമായ പൊതുചർച്ച സംഘടിപ്പിക്കുക.
7. 2016ലെ ഭിന്നശേഷിക്കാരുടെ അവകാശ നിയമപ്രകാരം (RPwD Act) അംഗീകരിച്ച 21 ഭിന്നശേഷികളും സെൻസസിൽ പ്രത്യേകം കണക്കാക്കുക.
---------------
Hindusthan Samachar / Sreejith S