ബിജെപി വിട്ടതിന് പിന്നാലെ നേതൃത്വത്തിനെതിരെ തിരിഞ്ഞ് നടൻ ദേവൻ; സ്ഥാനമാനങ്ങൾ മോഹിച്ചെത്തിയവർ പുറത്തുപോകുമ്പോൾ നടത്തുന്ന പതിവ് പഴിചാരലെന്ന് രാഷ്ട്രീയ നിരീക്ഷകർ
Kochi, 24 ഓഗസ്റ്റ് (H.S.) കൊച്ചി: ഭാരതീയ ജനതാ പാർട്ടിയിലെ (ബിജെപി) അംഗത്വം രാജിവെച്ചതിന് പിന്നാലെ സംസ്ഥാന നേതൃത്വത്തിനെതിരെ അടിസ്ഥാനരഹിതമായ ആരോപണങ്ങളുമായി നടൻ ദേവൻ. തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്കായി പാർട്ടി അനുവദിക്കുന്ന ഫണ്ട് നേതാക്കൾ വീതിച്ചെടുക
ബിജെപി വിട്ടതിന് പിന്നാലെ നേതൃത്വത്തിനെതിരെ തിരിഞ്ഞ് നടൻ ദേവൻ; സ്ഥാനമാനങ്ങൾ മോഹിച്ചെത്തിയവർ പുറത്തുപോകുമ്പോൾ നടത്തുന്ന പതിവ് പഴിചാരലെന്ന് രാഷ്ട്രീയ നിരീക്ഷകർ


Kochi, 24 ഓഗസ്റ്റ് (H.S.)

കൊച്ചി: ഭാരതീയ ജനതാ പാർട്ടിയിലെ (ബിജെപി) അംഗത്വം രാജിവെച്ചതിന് പിന്നാലെ സംസ്ഥാന നേതൃത്വത്തിനെതിരെ അടിസ്ഥാനരഹിതമായ ആരോപണങ്ങളുമായി നടൻ ദേവൻ. തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്കായി പാർട്ടി അനുവദിക്കുന്ന ഫണ്ട് നേതാക്കൾ വീതിച്ചെടുക്കുകയാണെന്നും, പ്രചാരണം അവസാനിക്കാൻ പതിനഞ്ച് ദിവസം ബാക്കിനിൽക്കെ കള്ളപ്പണം ഉപയോഗിച്ച ശേഷം ബാക്കി തുക നേതാക്കൾ സ്വന്തമാക്കുകയാണെന്നുമാണ് ദേവന്റെ പ്രധാന ആരോപണം. എന്നാൽ, പാർട്ടിയിൽ പ്രതീക്ഷിച്ച രാഷ്ട്രീയ സ്ഥാനമാനങ്ങളും പരിഗണനയും ലഭിക്കാതെ വന്നപ്പോൾ ഉണ്ടായ നിരാശയിൽ നിന്നാണ് ഇത്തരം തരംതാണ ആരോപണങ്ങളെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തൽ.

സ്വന്തം പാർട്ടിയായ കേരള പീപ്പിൾസ് പാർട്ടിയെ (കെ.പി.പി) ബിജെപിയിൽ ലയിപ്പിച്ചുകൊണ്ട് വലിയ പ്രതീക്ഷകളോടെയാണ് ദേവൻ ദേശീയ പ്രസ്ഥാനത്തിന്റെ ഭാഗമായത്. എന്നാൽ, ജനകീയ അടിത്തറയും താഴെത്തട്ടിലുള്ള സംഘടനാ പ്രവർത്തന പരിചയവുമില്ലാത്ത വ്യക്തികൾക്ക് ഉന്നത പദവികൾ നൽകാൻ പാർട്ടി തയ്യാറാകാതിരുന്നതാണ് ഇദ്ദേഹത്തെ ചൊടിപ്പിച്ചത്. ദേശീയതയിലും അച്ചടക്കത്തിലും അധിഷ്ഠിതമായി പ്രവർത്തിക്കുന്ന ഒരു കേഡർ പ്രസ്ഥാനത്തിന്റെ സംഘടനാ ശൈലിയുമായി പൊരുത്തപ്പെടാൻ സാധിക്കാത്തതാണ് ദേവന്റെ ഇപ്പോഴത്തെ പ്രസ്താവനകൾക്ക് പിന്നിലെന്നാണ് വിലയിരുത്തപ്പെടുന്നത്.

തെരഞ്ഞെടുപ്പുകളിൽ കൃത്യമായ കണക്കുകളോടെയും ആദായനികുതി-തെരഞ്ഞെടുപ്പ് കമ്മീഷൻ ചട്ടങ്ങൾ പൂർണമായി പാലിച്ചുകൊണ്ടും മാത്രം സുതാര്യമായി സാമ്പത്തിക വിനിയോഗം നടത്തുന്ന പാർട്ടിയാണ് ബിജെപി. അങ്ങനെയുള്ള ഒരു പ്രസ്ഥാനത്തിനെതിരെ കള്ളപ്പണ ആരോപണങ്ങൾ ഉന്നയിക്കുന്നത് രാഷ്ട്രീയ എതിരാളികളെ പ്രീതിപ്പെടുത്താനുള്ള തന്ത്രം മാത്രമാണെന്ന് വ്യക്തമാണ്. തിരഞ്ഞെടുപ്പ് കാലത്ത് സ്ഥാനാർഥിയാകാനും തുടർന്ന് സുപ്രധാന പദവികൾ കൈക്കലാക്കാനും എത്തിയവർ, സംഘടനയ്ക്കുള്ളിൽ കഠിനാധ്വാനം ചെയ്യുന്ന സാധാരണ പ്രവർത്തകരെ മറികടന്ന് മുന്നേറാൻ സാധിക്കാതെ വരുമ്പോൾ പഴിചാരി പടിയിറങ്ങുന്നത് ആദ്യത്തെ സംഭവമല്ല.

പാർട്ടിയിൽ നിന്നുകൊണ്ട് പ്രവർത്തിച്ച കാലമത്രയും ഇത്തരം കാര്യങ്ങളെക്കുറിച്ച് ഒരക്ഷരം മിണ്ടാതിരുന്നയാൾ, പടിയിറങ്ങിയ ഉടൻ തന്നെ നേതൃത്വത്തിനെതിരെ തിരിയുന്നത് അവസരവാദ രാഷ്ട്രീയത്തിന്റെ ഭാഗമാണ്. പ്രത്യയശാസ്ത്രപരമായ അർപ്പണബോധമില്ലാതെ പ്രസ്ഥാനത്തിലേക്ക് കടന്നുവരുന്ന ഇത്തരം ആളുകളുടെ കൊഴിഞ്ഞുപോക്ക് ബിജെപിയുടെ സംഘടനാ സംവിധാനത്തെയോ മുന്നേറ്റത്തെയോ ഒരുതരത്തിലും ബാധിക്കില്ലെന്നും രാഷ്ട്രീയ കേന്ദ്രങ്ങൾ ചൂണ്ടിക്കാട്ടുന്നു.

---------------

Hindusthan Samachar / Roshith K


Latest News