Enter your Email Address to subscribe to our newsletters

Thiruvanathapuram, 24 ഓഗസ്റ്റ് (H.S.)
ബോര്‍ഡ്- കോര്പ്പറേഷന് നിയമനം നീളുന്നതില്‍ യുഡിഎഫ് ഘടകകക്ഷികളുടെ അമര്‍ഷത്തിനിടെ പദവികള്‍ വീതം വെയ്ക്കുന്നതില്‍ മാനദണ്ഡം നിശ്ചയിക്കാന്‍ കോണ്‍ഗ്രസ്. കെപിസിസി മുതല്‍ ഡിസിസി ഭാരവാഹികള്‍ വരെയുള്ളവര്‍ക്ക് സ്ഥാനങ്ങള്‍ നല്‍കിയാല്‍ മതിയെന്ന തരത്തിലാണ് ചര്‍ച്ചകള്‍ പുരോഗമിക്കുന്നത്. ഒരു തവണ നിയമസഭാംഗമായവര്‍ മുതല്‍ എംപി പെന്‍ഷന്‍ വാങ്ങുന്നവര്‍, മറ്റ് പദവികള്‍ അലങ്കരിച്ചവര്‍ എന്നിവര്‍ക്ക് സ്ഥാനം നല്‍കേണ്ടതില്ലെന്നാണ് പൊതുവില്‍ നേതാക്കളുടെ അഭിപ്രായം. മത്സരിക്കാന്‍ അവസരം ലഭിക്കാത്തവരെ മറ്റു പദവികളിലേക്ക് പരിഗണിക്കണിക്കണമെന്ന തീരുമാനം മുമ്പ് തന്നെ എടുത്തിരുന്നു. ഇക്കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ച് തോറ്റവര്‍ക്ക് പ്രത്യേക പരിഗണന നല്‍കേണ്ടന്നും തീരുമാനമെടുത്തേക്കും. അതുകൊണ്ടുതന്നെ ഒട്ടേറെ പുതുമുഖങ്ങള്‍ ബോര്‍ഡ് -കോര്‍പ്പറേഷന്‍ തലപ്പത്തേക്ക് എത്തിയേക്കും.
നിയമസഭാ തെരെഞ്ഞടുപ്പ് വിജയത്തിന് ശേഷം ഇക്കഴിഞ്ഞ ജൂലൈ 30നാണ് ആദ്യ യുഡിഎഫ് യോഗം ചേര്‍ന്നത്. പത്ത് ദിവസത്തിനുള്ളില്‍ മുന്നണിക്കുള്ളില്‍ ചര്‍ച്ചകള്‍ പൂര്‍ത്തിയാക്കി സ്ഥാനങ്ങള്‍ വീതം വെയ്ക്കാനായിരുന്നു തീരുമാനം. എന്നാല്‍ അതിന് ശേഷം സംസ്ഥാനത്തുണ്ടായ പ്രളയ സമാന സാഹചര്യങ്ങളും ഓണത്തിരക്കും കാരണം ചര്‍ച്ചകള്‍ തുടങ്ങാനായില്ല. ഓണത്തിന് ശേഷം വളരെ വേഗത്തില്‍ ചര്‍ച്ചകള്‍ പൂര്‍ത്തിയാക്കി ബോര്‍ഡ് - കോര്പ്പറേഷന് നിയമനം നടത്താനാണ് നീക്കം.
യുഡിഎഫ് ഭരണത്തിലേറി മൂന്ന് മാസം പിന്നിടുമ്പോഴും കെപിസിസി പുന:സംഘടന കീറാമുട്ടിയായി തുടരുകയാണ്. എംപിമാരും എംഎല്‍എമാരും അടക്കമുള്ള നേതാക്കള്‍ സ്ഥാനത്തിനായി അവകാശവാദം ഉന്നയിച്ച് രംഗത്തുണ്ട്. എംപിമാരായ കൊടിക്കുന്നില്‍ സുരേഷ്, ബെന്നിബെഹനാന്‍, രാജ്മോഹന്‍ ഉണ്ണിത്താന്‍, ആന്റോ ആന്റണി, ഷാഫി പറമ്പില്‍ എന്നിവരും മാത്യു കഴല്‍നാടന്‍ എംഎല്‍എയും സ്ഥാനത്തെത്താന്‍ പരിശ്രമിക്കുകയാണ്. മന്ത്രിയായ ശേഷം സണ്ണി ജോസഫിന്റെ കെപിസിസിയെ ചലിപ്പിക്കുന്നതിനുള്ള പരിമിതിയില്‍ വലിയ അമര്‍ഷമാണ് ഉയര്‍ന്നിട്ടുള്ളത്. സ്ഥാനമാറ്റത്തിന് സന്നദ്ധനായിട്ടും പുതിയ അധ്യക്ഷനെ കണ്ടെത്തുന്നതില്‍ എഐസിസി വേണ്ടത്ര താല്‍പര്യം പ്രകടിപ്പിക്കുന്നില്ലെന്നാണ് പുറത്ത് വരുന്ന വിവരം. സംസ്ഥാനത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി ദീപദാസ് മുന്‍ഷിയും ഇതിന് വേണ്ടി മുന്‍കൈ എടുക്കുന്നില്ല. മുന്നണിയെ നയിക്കുന്ന പാര്‍ട്ടിയായ കോണ്‍ഗ്രസിന്റെ മുഖ്യമന്ത്രി വി ഡി സതീശന് പാര്‍ട്ടിയെന്ന നിലയില്‍ കോണ്‍ഗ്രസ് വേണ്ടത്ര പിന്തുണ നല്‍കുന്നില്ലെന്നതും ചര്‍ച്ചാ വിഷയമാണ്.
തെരഞ്ഞെടുപ്പിന് ശേഷം സംഘടന നിര്‍ജീവമായതില്‍ കടുത്ത അമര്‍ഷമാണ് നേതാക്കള്‍ പ്രകടിപ്പിക്കുന്നത്. സര്‍ക്കാരിനെതിരെ സിപിഎമ്മും ബിജെപിയും നടത്തുന്ന രാഷ്ട്രീയ നീക്കങ്ങളെ അതേ നാണയത്തില്‍ ്രപതിരോധിക്കാന്‍ സംഘടന സംവിധാനം സജീവമായി നിര്‍ത്തണമെന്ന കാര്യം പാര്‍ട്ടി അഖിലേന്ത്യാ നേതൃത്വം മനസിലാക്കണമെന്നാണ് പാര്‍ട്ടിക്കുള്ളിലെ വികാരം. എന്നാല്‍ നിലവിലെ പ്രസിഡന്റ് സണ്ണി ജോസഫിനോട് സജീവമാകാനാണ് എഐസിസിയുടെ നിര്‍ദ്ദേശം. അഴിമതിക്കെതിരേയുള്ള യുവജനമുന്നേറ്റത്തിന് പിന്തുണ നല്‍കാന്‍ 'ഛാത്രോം കി കുഞ്ച്' എന്ന പ്രചാരണ പരിപാടി എഐസിസി ആവിഷ്‌കരിച്ചിട്ടുണ്ട്. അയോധ്യ സംഭാവനക്കൊള്ള സംബന്ധിച്ച സംസ്ഥാനത്തെ പ്രചാരണവും തീരുമാനിക്കും. ഇതിനായി കെപിസിസി ഭാരവാഹി യോഗം ഓണത്തിന് ശേഷം വിളിച്ച് ചേര്‍ക്കും.
---------------
Hindusthan Samachar / Sreejith S