Enter your Email Address to subscribe to our newsletters

Thiruvanathapuram, 24 ഓഗസ്റ്റ് (H.S.)
സിപിഎം നേതൃത്വത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി മുന്‍ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്റെ മകന്‍ വി.എ. അരുണ്‍കുമാര്‍. വ്യക്തിതാല്‍പ്പര്യമല്ല, മനുഷ്യരുടെ വിശ്വാസത്തിലാണ് പ്രസ്ഥാനത്തിന്റെ നിലനില്‍പ്പെന്നും ജാഗ്രത പാലിക്കണമെന്നും അരുണ്‍കുമാര്‍ ഫേസ്ബുക്കില്‍ കുറിച്ചു.
ഇപ്പോഴത്തെ വിവാദങ്ങളും പ്രചാരണങ്ങളും താഴെത്തട്ടിലുള്ള സാധാരണ പ്രവര്‍ത്തകരില്‍ ആശങ്കകള്‍ സൃഷ്ടിക്കുന്നുണ്ടാകാം. ഇത്തരം സന്ദര്‍ഭങ്ങളില്‍ ജനങ്ങളോട് കാര്യങ്ങള്‍ തുറന്നുപറയാനും, രാഷ്ട്രീയമായി പ്രതിരോധിക്കാനും നേതൃത്വം മുന്നിട്ടിറങ്ങുന്നത് സ്വാഭാവിക ജനാധിപത്യ പ്രക്രിയയാണെന്നും അരുണ്‍കുമാര്‍ അഭിപ്രായപ്പെട്ടു.
ഏതൊരു പ്രതിസന്ധിഘട്ടത്തിലും നാം ഓര്‍ക്കേണ്ട ഒരു അടിസ്ഥാന സത്യമുണ്ട്: ഈ പ്രസ്ഥാനം പടുത്തുയര്‍ത്തപ്പെട്ടത് ഏതെങ്കിലും വ്യക്തികളുടെ താല്‍പ്പര്യങ്ങളിലല്ല, മറിച്ച് തലമുറകളായി ചോരയും വിയര്‍പ്പും നല്‍കിയ പാവപ്പെട്ട മനുഷ്യരുടെ വിശ്വാസത്തിലാണ്. കുപ്രചാരണങ്ങളെ രാഷ്ട്രീയമായി ചെറുക്കുമ്പോള്‍ തന്നെ, സാധാരണക്കാരുടെ കണ്ണില്‍ പ്രസ്ഥാനത്തിന്റെ വിശ്വാസ്യതയ്ക്ക് ഒരു പോറല്‍ പോലും ഏല്‍ക്കാതിരിക്കാനുള്ള ജാഗ്രത ഓരോ ഘട്ടത്തിലും ഉണ്ടാകണം. അപ്പോഴാണ് ഇടതുപക്ഷ പ്രസ്ഥാനം കൂടുതല്‍ കരുത്താര്‍ജ്ജിക്കുന്നത്. ആശയപരമായ വ്യക്തതയോടെ, സാധാരണക്കാരുടെ പ്രശ്നങ്ങള്‍ക്കൊപ്പം നിന്ന് മുന്നോട്ടുപോകാന്‍ നമുക്ക് കഴിയണം. പ്രതിസന്ധികളെയും വിവാദങ്ങളെയും അതിജീവിച്ച്, കൂടുതല്‍ ജനകീയമായി പ്രസ്ഥാനം മുന്നോട്ടു പോകുക തന്നെ ചെയ്യുമെന്നും അരുണ്‍കുമാര്‍ അഭിപ്രായപ്പെട്ടു.
ഐഎച്ച്ആര്‍ഡി ഡയറക്ടര്‍ സ്ഥാനത്തുനിന്ന് വി.എ. അരുണ്‍കുമാറിനെ കഴിഞ്ഞ മാസം മാറ്റിയിരുന്നു. ഉന്നതവിദ്യാഭ്യാസ വകുപ്പാണ് ഉത്തരവിറക്കിയത്. ഐഎച്ച്ആര്‍ഡിയുടെ കീഴിലുള്ള പൂഞ്ഞാര്‍ എന്‍ജിനീയറിങ് കോളേജ് പ്രിന്‍സിപ്പല്‍ എം.വി. രാജേഷിനെയാണ് പുതിയ ഡയറക്ടറാക്കിയത്. മൂന്നുവര്‍ഷം മുന്‍പാണ് അരുണ്‍കുമാറിന് ഡയറക്ടര്‍ ഇന്‍ ചാര്‍ജ് ചുമതല നല്‍കിയത്. ചുമതലയില്‍നിന്ന് മാറ്റിയതിന് തൊട്ടുപിന്നാലെ പ്രതികരണവുമായി വി.എ. അരുണ്‍കുമാര്‍ രംഗത്തെത്തിയിരുന്നു.
കഴിഞ്ഞ 32 വര്‍ഷക്കാലത്തെ നീണ്ട സര്‍വീസില്‍ പ്രിന്‍സിപ്പല്‍, അഡിഷണല്‍ ഡയറക്ടര്‍ തുടങ്ങി വിവിധ തസ്തികകളില്‍ ആത്മാര്‍ത്ഥമായി ജോലി ചെയ്തിട്ടും, അര്‍ഹതപ്പെട്ട സ്ഥിരം ഡയറക്ടര്‍ പ്രൊമോഷന്‍ നല്‍കാന്‍ ഒരു സര്‍ക്കാരും തയ്യാറായിരുന്നില്ല. ഡയറക്ടര്‍ നിയമനം പൂര്‍ണ്ണമായും സര്‍ക്കാറുകളുടെ രാഷ്ട്രീയ തീരുമാനങ്ങള്‍ക്ക് വിട്ടുകൊടുക്കുന്ന സാങ്കേതിക പഴുതുകളാണ് ഇവിടെയും ആവര്‍ത്തിക്കപ്പെട്ടതെന്നും അരുണ്‍കുമാര്‍ പരാതിപ്പെട്ടിരുന്നു.
നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷം നേരിട്ട പരാജയത്തിലും അരുണ്‍കുമാര്‍ വിമര്‍ശനം ഉന്നയിച്ചിരുന്നു. ജനഹിതം എപ്പോഴും ശരിയുടെ പക്ഷത്തായിരിക്കുമെന്നും പ്രസ്ഥാനങ്ങള്‍ അവയുടെ വേരുകളിലേക്കും പഴയ കരുത്തിലേക്കും മടങ്ങേണ്ട സമയം അതിക്രമിച്ചിരിക്കുന്നുവെന്നും അരുണ്‍കുമാര്‍ അഭിപ്രായപ്പെട്ടിരുന്നു. അരുണ്‍ കുമാറിനെ നിയമസഭാ തെരഞ്ഞെടുപ്പില്‍ സിപിഎം മത്സരിപ്പിക്കുമെന്ന് അഭ്യൂഹമുണ്ടായിരുന്നു. കായംകുളത്തോ വി.എസ്. ഒടുവില്‍ പ്രതിനിധാനം ചെയ്ത മലമ്പുഴയിലോ മത്സരിപ്പിക്കുമെന്നായിരുന്നു അഭ്യൂഹമുണ്ടായിരുന്നത്.
---------------
Hindusthan Samachar / Sreejith S