ട്രെയിനില് സ്ത്രീകളോട് മോശമായി പെരുമാറിയ വനം വകുപ്പ് ഉദ്യോഗസ്ഥനെതിരെ കേസ്
Kasargode, 24 ഓഗസ്റ്റ് (H.S.) ട്രെയിനില്‍ സ്ത്രീ യാത്രക്കാരോട് മോശമായി പെരുമാറിയതിന് ഫോറസ്റ്റ് ഉദ്യോഗസ്ഥനെതിരെ കേസ്. സ്ത്രീകള്‍ക്ക് നേരെ അശ്ലീല ആംഗ്യങ്ങള്‍ കാണിച്ചതിനാണ് കാസര്‍കോട് ഫോറസ്റ്റ് ഓഫീസര്‍ക്കെതിരെ കേസെടുത്തു. ചെറുപുഴ ജോസ് ഗിരി സ്വദേശിയ
Kerala police representative image


Kasargode, 24 ഓഗസ്റ്റ് (H.S.)

ട്രെയിനില്‍ സ്ത്രീ യാത്രക്കാരോട് മോശമായി പെരുമാറിയതിന് ഫോറസ്റ്റ് ഉദ്യോഗസ്ഥനെതിരെ കേസ്. സ്ത്രീകള്‍ക്ക് നേരെ അശ്ലീല ആംഗ്യങ്ങള്‍ കാണിച്ചതിനാണ് കാസര്‍കോട് ഫോറസ്റ്റ് ഓഫീസര്‍ക്കെതിരെ കേസെടുത്തു. ചെറുപുഴ ജോസ് ഗിരി സ്വദേശിയായ മാത്യുവിനെതിരെയാണ് റെയില്‍വേ പൊലീസ് കേസെടുത്തത്. മാത്യുവിനെ ഉടന്‍ ചോദ്യം ചെയ്യുമെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

ശനിയാഴ്ച വൈകിട്ട് തിരുവനന്തപുരത്ത് നിന്ന് കാസര്‍കോട്ടേക്ക് പോകുന്ന ഓഖ എക്സ്പ്രസിലാണു കേസിനാസ്പദമായ സംഭവം. ജനറല്‍ കംപാര്‍ട്‌മെന്റില്‍ സ്ത്രീകളെ ശല്യംചെയ്യുന്നതായി കണ്‍ട്രോള്‍ റൂമില്‍ പരാതി ലഭിച്ചതിനെത്തുടര്‍ന്ന് പൊലീസെത്തി ഇയാളെ ട്രെയിനില്‍നിന്ന് ഇറക്കി കേസെടുക്കുകയായിരുന്നു. ഓഗസ്റ്റ് 22 നാണ് കാസര്‍കോട് റെയില്‍വേ പൊലീസ് ഇയാള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തത്.

പൊലീസ് പറയുന്നതനുസരിച്ച് മാത്യു തിരുവനന്തപുരത്ത് നിന്ന് കാസര്‍കോട്ടേക്ക് പോകുന്ന ഓഖ എക്സ്പ്രസില്‍ ഓഗസ്റ്റ് 22 ന് യാത്ര ചെയ്തു. വളരെ തിരക്കേറിയ ട്രെയിനിലെ ജനറല്‍ കമ്പാര്‍ട്ടുമെന്റിലാണ് ഇയാള്‍ യാത്ര ചെയ്തത്. യാത്രമധ്യ ട്രെയിനില്‍ സ്ത്രീ യാത്രക്കാരോട് മോശമായി പെരുമാറുകയും അശ്ലീല ആംഗ്യങ്ങള്‍ കാണിക്കുകയും ചെയ്തു. തുടര്‍ന്ന് സ്ത്രീ യാത്രക്കാര്‍ കാസര്‍കോട് റെയില്‍വേ പൊലീസിനെ വിവരം അറിയിച്ചു.

പരാതി ലഭിച്ചതിനെ തുടര്‍ന്ന് കാസര്‍കോട് പൊലീസ് സ്ഥലത്തെത്തി പ്രാഥമിക വിവരങ്ങള്‍ ശേഖരിക്കുകയും കേസ് രജിസ്റ്റര്‍ ചെയ്യുകയും ചെയ്തു. പിന്നാലെ റെയില്‍വേ പൊലീസുമായി പരാതിയുടെ വിശദാംശങ്ങള്‍ ശേഖരിച്ചു. തുടര്‍ന്ന് പുലര്‍ച്ചെ കാസര്‍കോട് റെയില്‍വേ സ്റ്റേഷനില്‍ എത്തിയപ്പോള്‍ മാത്യുവിനെ പിടികൂടി. പിന്നാലെയാണ് മാത്യു കാസര്‍കോട് ഡിവിഷണല്‍ ഫോറസ്റ്റ് ഓഫിസര്‍ (ഡിഎഫ്ഒ) ആണെന്ന് തിരിച്ചറിയുന്നത്.

സ്ത്രീ യാത്രക്കാരോട് മോശമായി പെരുമാറിയെന്നും അശ്ലീല ആംഗ്യങ്ങള്‍ കാണിച്ചെന്നും എഫഐആറില്‍ ആരോപിക്കപെടുന്നു. കേരള പൊലീസ് ആക്ടിലെ പൊതുസ്ഥലത്ത് സ്ത്രീകളുടെ അന്തസിനെ അപമാനിക്കുന്ന തരത്തില്‍ ലൈംഗിക ആംഗ്യങ്ങള്‍ കാണിച്ചതിനോ പ്രവൃത്തികള്‍ ചെയ്തതിനോ ചുമത്തപ്പെടുന്ന സെക്ഷന്‍ 119 (എ) പ്രകാരമാണ് മാത്യൂവിനെതിരെ കേസെടുത്തത്.

സംഭവത്തില്‍ ഉദ്യോഗസ്ഥനെ അറസ്റ്റ് ചെയ്യുന്നത് അടക്കമുള്ള തുടര്‍നടപടികളിലേക്ക് പൊലീസ് കടക്കുമെന്നാണ് ലഭിക്കുന്ന വിവരം. എന്നാല്‍ കാസര്‍കോടില്‍ നിന്ന് അറസ്റ്റ് ചെയ്ത ഇയാളെ നോട്ടീസ് നല്‍കിയതിനെ തുടര്‍ന്ന് വിട്ടയച്ചു. അന്വേഷണം ആരംഭിച്ചതായും സാക്ഷികളുടെ മൊഴികള്‍ രേഖപ്പെടുത്തുന്നതായും കാസര്‍കോട് റെയില്‍വേ പൊലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. അന്വേഷണത്തിന്റെ ഭാഗമായി മാത്യുവിനെ ഉടന്‍ ചോദ്യം ചെയ്യുമെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു.

---------------

Hindusthan Samachar / Sreejith S


Latest News