Enter your Email Address to subscribe to our newsletters

Kasargode, 24 ഓഗസ്റ്റ് (H.S.)
ചരക്ക് കപ്പലിന് നേരെയുണ്ടായ റഷ്യന്‍ ഡ്രോണ്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ട മലയാളി നാവികന്‍ അഖില്‍ ജോയന്റെ മൃതദേഹം ജന്മനാട്ടില് എത്തിച്ചു. ബെംഗളുരു വരെ വിമാനത്തില്‍ എത്തിച്ച മൃതദേഹം റോഡ് മാര്‍ഗമാണ് ഇന്ന് ഉച്ചയോടെ വെള്ളരിക്കുണ്ടിലെ വീട്ടില്‍ എത്തിച്ചത്. ആക്രമണം നടന്ന് ഒരുമാസത്തിനു ശേഷമാണ് അഖിലിന്റെ മൃതദേഹം ജന്മനാട്ടില്‍ എത്തിച്ചത്.
തുടര്‍ന്ന് സംസ്‌കാര ശുശ്രൂഷ നടന്നു. രാജ്മോഹന്‍ ഉണ്ണിത്താന്‍ എം പി, കാസര്‍കോട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാബു എബ്രഹാം എന്നിവര്‍ പങ്കെടുത്തു. ജൂലൈ 19 നാണ് കാസര്‍കോട് വെള്ളരിക്കുണ്ട് സ്വദേശിയായ അഖില്‍ കൊല്ലപ്പെടുന്നത്. യുക്രെയ്നില്‍ ഒഡേസ തീരത്ത് ചരക്ക് കപ്പലിന് നേരെയുണ്ടായ റഷ്യന്‍ ആക്രമണത്തിലാണ് കപ്പലിലുണ്ടായിരുന്ന നാലു ഇന്ത്യക്കാര്‍ ഉള്‍പ്പടെ 10 പേര്‍ കൊല്ലപ്പെട്ടത്. ഇതില്‍ മലയാളിയായി അഖില്‍ മാത്രമാണ് ഉണ്ടായിരുന്നത്. ഗോള്‍ഡന്‍ ലിയോ എന്ന കപ്പലാണ് ആക്രമിക്കപ്പെട്ടത്.
ഇന്ത്യന്‍, സിറിയന്‍ നാവികരാണ് കപ്പലില്‍ ഉണ്ടായിരുന്നത്. ഭക്ഷ്യധാന്യങ്ങള്‍ നിറച്ച കപ്പലാണ് ആക്രമിക്കപ്പെട്ടത്. 8 പേരെ രക്ഷപ്പെടുത്തിയതായി യുക്രെയ്ന്‍ നാവിക സേന അറിയിച്ചിരുന്നു. ആകെ 17 പേരാണ് കപ്പലിലുണ്ടായിരുന്നത്. യുക്രെയ്ന്‍ സ്വദേശിയായ പൈലറ്റും കൊല്ലപ്പെട്ടു. വെള്ളരിക്കുണ്ടിലെ ജോയന്‍ - സാലി ദമ്പതികളുടെ ഏകമകനാണ് അഖില്‍. വിവാഹം നിശ്ചയിച്ചിരിക്കെയാണ് അഖിലിന്റെ മരണവാര്‍ത്ത കുടുംബത്തെ തേടിയെത്തിയത്. അവധിക്ക് നാട്ടിലെത്തിയ ശേഷം ഒരു മാസം മുമ്പായിരുന്നു അഖില്‍ ജോലിയില്‍ പ്രവേശിച്ചത്. കഴിഞ്ഞ നാലു വര്‍ഷമായി മര്‍ച്ചന്റ് നേവിയിലാണ് അഖില്‍ ജോലി ചെയ്ത് വന്നത്.
അഖിലിന്റെ അച്ഛന്‍ ജോയന്‍ ചിറ്റാരിക്കാലിലെ വ്യാപാര സ്ഥാപനത്തിലെ ജീവനക്കാരനും അമ്മ സാലി പരപ്പ പോസ്റ്റ് ഓഫിസിലെ ആര്‍ഡി ഏജന്റുമാണ്. ഇവരുടെ വരുമാനം കൊണ്ടായിരുന്നു കുടുംബം പുലര്‍ത്തിയിരുന്നത്. 4 വര്‍ഷം മുന്‍പ് മര്‍ച്ചന്റ് നേവിയില്‍ ജോലിയില്‍ പ്രവേശിച്ചതോടെയാണ് അഖിലിന്റെ കുടുംബം സാമ്പത്തികമായി മെച്ചപ്പെട്ടത്. ജോലി ലഭിച്ചശേഷം ഒരുവര്‍ഷം മുന്‍പ് വെള്ളരിക്കുണ്ടില്‍ സ്വന്തമായി വീടുനിര്‍മിച്ചു.
രണ്ടുമാസത്തെ ലീവില്‍ നാട്ടിലെത്തിയ അഖില്‍ 40 ദിവസം മുന്‍പാണ് വീണ്ടും ജോലിസ്ഥലത്തേക്ക് പോയത്. ഇതിനിടയിലാണ് ഇടുക്കി കട്ടപ്പന സ്വദേശിയായ പെണ്‍കുട്ടിയുമായി വിവാഹം ഉറപ്പിച്ചത്. അടുത്ത ഏപ്രിലില്‍ നാട്ടിലെത്തുമ്പോള്‍ വിവാഹം നടത്താനായിരുന്നു തീരുമാനം. വിവാഹക്കാര്യം നാട്ടിലെത്തിയപ്പോള്‍ അടുത്ത സുഹൃത്തുക്കളുമായും അഖില്‍ പങ്കുവച്ചിരുന്നു. എന്നാല്‍ വിവാഹസ്വപ്നം ബാക്കിയാക്കിയാണ് അഖില്‍ മടങ്ങുന്നത്.
വെള്ളരിക്കുണ്ട് സെന്റെ ജൂഡ്സ് ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ്ടു പഠനത്തിനുശേഷം ചെന്നൈയില്‍ മറൈന്‍ എന്‍ജിനീയറിങ് പഠനവും ഉയര്‍ന്ന മാര്‍ക്കോടെ പൂര്‍ത്തിയാക്കിയ ശേഷമാണ് അഖില്‍ 19-ാം വയസില്‍ മര്‍ച്ചന്റ് നേവിയില്‍ ജോലിയില്‍ പ്രവേശിക്കുന്നത്. തുടര്‍ന്ന് കപ്പലില്‍ ചീഫ് ഓഫിസറായി ജോലി ചെയ്യുകയായിരുന്നു. 2014-15 വര്‍ഷം പ്ലസ്ടു പഠനത്തിനിടെ വടംവലി ദേശീയ ചാംപ്യന്‍ഷിപ്പില്‍ വിജയികളായ കേരള ടീമിലെ അംഗമായിരുന്നു അഖില്‍. ഒരുതവണ സംസ്ഥാന ചാംപ്യന്‍ഷിപ്പും നേടി. ഇതിനു പുറമേ റോപ് പുള്‍ അപ്പില്‍ 30 സെക്കന്‍ഡില്‍ 25 തവണ ചെയ്ത് വേള്‍ഡ് വൈഡ് ബുക്ക് ഓഫ് റെക്കോഡ്സിലും ഇടംപിടിച്ചു.
---------------
Hindusthan Samachar / Sreejith S