Enter your Email Address to subscribe to our newsletters

Pappinishery , 24 ഓഗസ്റ്റ് (H.S.)
പാപ്പിനിശ്ശേരി: ദേശീയപാതയിൽ കല്യാശ്ശേരി കീച്ചേരിക്കുന്നിൽ നിയന്ത്രണം വിട്ട സ്വകാര്യ ബസ് റോഡിലേക്ക് മറിഞ്ഞ് നിരവധി യാത്രക്കാർക്ക് പരിക്ക്. തിങ്കളാഴ്ച രാവിലെ പതിനൊന്നരയോടെയാണ് നാടിനെ നടുക്കിയ അപകടം ഉണ്ടായത്. തളിപ്പറമ്പ് ഭാഗത്തുനിന്ന് കണ്ണൂരിലേക്ക് അതിവേഗത്തിൽ വരികയായിരുന്ന സ്വകാര്യ ബസാണ് കീച്ചേരിക്കുന്നിലെ ഇറക്കത്തിൽ വെച്ച് നിയന്ത്രണം തെറ്റി റോഡിലേക്ക് മറിഞ്ഞത്.
അപകടസമയത്ത് ബസിൽ നിറയെ യാത്രക്കാരുണ്ടായിരുന്നു. കീച്ചേരിക്കുന്നിലെ വളവും ഇറക്കവും ചേർന്ന ഭാഗത്ത് എത്തിയപ്പോൾ പെട്ടെന്ന് ബസിന്റെ നിയന്ത്രണം നഷ്ടപ്പെടുകയും വലിയ ശബ്ദത്തോടെ റോഡിന് കുറുകെ മറിയുകയുമായിരുന്നു. ഇടിയുടെ ആഘാതത്തിൽ ബസിന്റെ ചില്ലുകൾ തകരുകയും യാത്രക്കാർ പരസ്പരം മുകളിലേക്ക് വീഴുകയും ചെയ്തതോടെ വലിയ നിലവിളിയാണ് ഉയർന്നത്.
അപകടം നടന്നയുടൻ തന്നെ സമീപവാസികളും വ്യാപാരികളും മറ്റ് വാഹനയാത്രക്കാരും രക്ഷാപ്രവർത്തനത്തിനായി ഓടിയെത്തി. തുടർന്ന് പോലീസും അഗ്നിരക്ഷാ സേനയും (ഫയർഫോഴ്സ്) സ്ഥലത്തെത്തി നാട്ടുകാരുടെ സഹായത്തോടെ ബസിന്റെ ചില്ലുകൾ തകർത്ത് അകത്തു കുടുങ്ങിയ മുഴുവൻ യാത്രക്കാരെയും അതിവേഗം പുറത്തെടുത്തു.
പരിക്കേറ്റവരെ സമീപത്തെ ആംബുലൻസുകളിലും മറ്റ് സ്വകാര്യ വാഹനങ്ങളിലുമായി ഉടൻ തന്നെ വിവിധ ആശുപത്രികളിലേക്ക് മാറ്റി. പരിക്കേറ്റ യാത്രക്കാരെ കണ്ണൂർ ജില്ലാ ആശുപത്രി, പാപ്പിനിശ്ശേരി സി.എച്ച്.സി, തളിപ്പറമ്പ് താലൂക്ക് ആശുപത്രി, പരിയാരത്തെ കണ്ണൂർ ഗവൺമെന്റ് മെഡിക്കൽ കോളേജ് ആശുപത്രി എന്നിവിടങ്ങളിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. പ്രാഥമിക പരിശോധനയിൽ ആരുടെയും പരിക്ക് അതീവ ഗുരുതരമല്ലെന്നാണ് ആശുപത്രി അധികൃതരിൽ നിന്നും പോലീസിൽ നിന്നും ലഭിക്കുന്ന വിവരം. പലർക്കും കൈകാലുകൾക്കും തലയ്ക്കും നിസാര പരിക്കുകളും മുറിവുകളുമുണ്ട്.
അപകടത്തെ തുടർന്ന് കണ്ണൂർ–തളിപ്പറമ്പ് ദേശീയപാതയിൽ ഒരു മണിക്കൂറിലധികം ഗതാഗതം പൂർണമായി തടസ്സപ്പെട്ടു. തുടർന്ന് ക്രെയിൻ ഉപയോഗിച്ച് ബസ് റോഡിൽ നിന്ന് നീക്കം ചെയ്ത ശേഷമാണ് ഗതാഗതം പുനഃസ്ഥാപിച്ചത്. അമിതവേഗതയാണോ അതോ ബസിന്റെ സാങ്കേതിക തകരാറാണോ അപകടത്തിന് കാരണമായതെന്ന് കണ്ടെത്താൻ പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
---------------
Hindusthan Samachar / Roshith K