കൊടുവള്ളിയിൽ 12കാരനെ ക്രൂരമായി പീഡിപ്പിച്ച സംഭവം: കേസ് ഒതുക്കിത്തീർക്കാൻ പണവും പാരിതോഷികവും വാഗ്ദാനം ചെയ്ത് പ്രതിഭാഗം; പ്രതികൾ സംസ്ഥാനം വിട്ടതായി സൂചന
Kozhikode, 24 ഓഗസ്റ്റ് (H.S.) കോഴിക്കോട്: കൊടുവള്ളിയിൽ വാച്ച് മോഷണം ആരോപിച്ച് പന്ത്രണ്ടുകാരനെ അതിക്രൂരമായി കെട്ടിയിട്ട് പീഡിപ്പിച്ച കേസ് ഒതുക്കിത്തീർക്കാൻ പ്രതിഭാഗത്തിന്റെ ഭാഗത്തുനിന്ന് വൻ സമ്മർദ്ദം. കേസ് പിൻവലിച്ചാൽ വൻതുക പണമായും ആകർഷകമായ സമ്മാനങ
കൊടുവള്ളിയിൽ 12കാരനെ ക്രൂരമായി പീഡിപ്പിച്ച സംഭവം: കേസ് ഒതുക്കിത്തീർക്കാൻ പണവും പാരിതോഷികവും വാഗ്ദാനം ചെയ്ത് പ്രതിഭാഗം; പ്രതികൾ സംസ്ഥാനം വിട്ടതായി സൂചന


Kozhikode, 24 ഓഗസ്റ്റ് (H.S.)

കോഴിക്കോട്: കൊടുവള്ളിയിൽ വാച്ച് മോഷണം ആരോപിച്ച് പന്ത്രണ്ടുകാരനെ അതിക്രൂരമായി കെട്ടിയിട്ട് പീഡിപ്പിച്ച കേസ് ഒതുക്കിത്തീർക്കാൻ പ്രതിഭാഗത്തിന്റെ ഭാഗത്തുനിന്ന് വൻ സമ്മർദ്ദം. കേസ് പിൻവലിച്ചാൽ വൻതുക പണമായും ആകർഷകമായ സമ്മാനങ്ങളായും നൽകാമെന്ന് ഒളിവിൽ കഴിയുന്ന പ്രതികളുടെ അടുത്ത ബന്ധുക്കൾ കുട്ടിയുടെ പിതാവിനെ അറിയിച്ചതായാണ് വിവരം. അതേസമയം, കേസിൽ പ്രതികളായ മൂന്നുപേരും സംസ്ഥാനം വിട്ടതായി അന്വേഷണ സംഘത്തിന് സൂചന ലഭിച്ചിട്ടുണ്ട്.

ദിവസങ്ങൾക്ക് മുമ്പാണ് മനസ്സാക്ഷിയെ ഞെട്ടിച്ച ഈ ക്രൂരകൃത്യം അരങ്ങേറിയത്. വീട്ടിലെ വാച്ച് മോഷ്ടിച്ചു എന്നാരോപിച്ച് കുട്ടിയുടെ പിതൃസഹോദരനും ഭാര്യയും ഇവരുടെ മകനും ചേർന്നാണ് കുട്ടിയെ അതിക്രൂരമായ മർദനത്തിനിരയാക്കിയത്. കൈകാലുകൾ ബന്ധിച്ച് അവശനാക്കിയ ശേഷം ക്രൂരമായി മർദിക്കുകയും നഖങ്ങൾക്കിടയിലേക്ക് ഈർക്കിൽ തുളച്ചു കയറ്റുകയും ചെയ്തു. ഇതിനുപുറമെ കുട്ടിയുടെ കണ്ണുകളിലും സ്വകാര്യഭാഗങ്ങളിലും ശരീരത്തിലെ ആഴത്തിലുള്ള മുറിവുകളിലും മുളകുപൊടി തേച്ച് അതീവ പൈശാചികമായ രീതിയിലാണ് പീഡനം നടത്തിയത്.

കുട്ടിയുടെ ആരോഗ്യനില വഷളായതോടെ വിവരം പുറത്തറിയുകയും പിതാവ് പോലീസിൽ പരാതി നൽകുകയുമായിരുന്നു. സംഭവം വിവാദമായതോടെ കൊടുവള്ളി പോലീസ് ജുവനൈൽ ജസ്റ്റിസ് ആക്ട് ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തി പ്രതികൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്തു. പോലീസ് അന്വേഷണം ഊർജിതമാക്കിയതോടെയാണ് പ്രതികൾ നാടുവിട്ടത്. കർണാടക ഉൾപ്പെടെയുള്ള അയൽസംസ്ഥാനങ്ങളിലേക്ക് ഇവർ കടന്നതായാണ് ലഭിക്കുന്ന വിവരം.

പ്രതികൾക്കെതിരെ ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം നടപടി കർശനമായതോടെയാണ് ബന്ധുക്കൾ ഒത്തുതീർപ്പ് ശ്രമങ്ങളുമായി രംഗത്തെത്തിയത്. കുട്ടിയെ സ്വാധീനിച്ച് പോലീസിനും മജിസ്ട്രേറ്റിനും നൽകിയ മൊഴി തിരുത്തിക്കാൻ പിതാവിന് മേൽ നിരന്തരമായ ഭീഷണിയും അനുനയ നീക്കങ്ങളും നടക്കുന്നുണ്ട്. കേസിൽ നിന്ന് പിന്മാറിയാൽ ആവശ്യപ്പെടുന്ന തുക നൽകാമെന്നും കുട്ടിയുടെ ഭാവി ആവശ്യങ്ങൾ ഏറ്റെടുക്കാമെന്നുമാണ് ഇടനിലക്കാർ വഴിയുള്ള വാഗ്ദാനം.

എന്നാൽ, കുട്ടി അനുഭവിച്ച ശാരീരിക-മാനസിക പീഡനങ്ങൾ ചൂണ്ടിക്കാട്ടി യാതൊരുവിധ ഒത്തുതീർപ്പിനും തയ്യാറല്ലെന്ന ഉറച്ച നിലപാടിലാണ് കുട്ടിയുടെ കുടുംബം. പ്രതികൾക്ക് കടുത്ത ശിക്ഷ ഉറപ്പാക്കണമെന്ന് നാട്ടുകാരും സാമൂഹിക പ്രവർത്തകരും ആവശ്യപ്പെടുന്നു. ഒളിവിൽ കഴിയുന്ന പ്രതികൾക്കായി പോലീസ് പ്രത്യേക സംഘം രൂപീകരിച്ച് തിരച്ചിൽ ഊർജിതമാക്കിയിട്ടുണ്ട്. കുട്ടിയുടെ കുടുംബത്തിന് ഭീഷണിയുള്ള സാഹചര്യത്തിൽ അവർക്ക് ആവശ്യമായ സംരക്ഷണം നൽകുമെന്നും അന്വേഷണ സംഘം വ്യക്തമാക്കി.

---------------

Hindusthan Samachar / Roshith K


Latest News