Enter your Email Address to subscribe to our newsletters

Kochi, 24 ഓഗസ്റ്റ് (H.S.)
കൊച്ചി: ഫുട്ബോൾ ഇതിഹാസം ലയണൽ മെസിയെയും ലോക ചാമ്പ്യന്മാരായ അർജന്റീന ടീമിനെയും കേരളത്തിലെത്തിക്കുമെന്ന വമ്പൻ വാഗ്ദാനത്തിന്റെ മറവിൽ നടന്ന സാമ്പത്തിക ഇടപാടുകളിൽ വൻ ദുരൂഹത. പരിപാടിയുടെ സ്പോൺസറുടെ ബാങ്ക് അക്കൗണ്ടിലേക്ക് രണ്ട് പ്രമുഖ ധനകാര്യ സ്ഥാപനങ്ങളിൽ നിന്നായി 206 കോടിയോളം രൂപ എത്തിയതായി ജി.എസ്.ടി പ്രത്യേക അന്വേഷണ സംഘം കണ്ടെത്തി. വിദേശത്തേക്ക് കള്ളപ്പണം കടത്താനുള്ള ഇടനില അക്കൗണ്ടായി (മ്യൂൾ അക്കൗണ്ട്) സ്പോൺസറുടെ അക്കൗണ്ട് ദുരുപയോഗം ചെയ്യുകയായിരുന്നുവെന്ന സംശയം ഇതോടെ ശക്തമായി.
പരിപാടിയുടെ നടത്തിപ്പിനായി സ്വന്തം കൈയിൽ നിന്നാണ് പണം ചെലവഴിച്ചതെന്നായിരുന്നു സ്പോൺസർ ഇതുവരെ അവകാശപ്പെട്ടിരുന്നത്. എന്നാൽ, ഈ വാദങ്ങളെല്ലാം പൂർണ്ണമായും തള്ളിക്കളയുന്ന രേഖകളാണ് കേന്ദ്ര ജി.എസ്.ടി ഇന്റലിജൻസ് വിഭാഗം പരിശോധനയിൽ പിടിച്ചെടുത്തത്. ഒരു ധനകാര്യ സ്ഥാപനത്തിൽ നിന്ന് 130 കോടി രൂപയും മറ്റൊരു സ്ഥാപനത്തിൽ നിന്ന് 76 കോടി രൂപയുമാണ് സ്പോൺസറുടെ അക്കൗണ്ടിലേക്ക് നിക്ഷേപിക്കപ്പെട്ടത്.
ഈ ഭീമമായ തുക വായ്പയായി സ്വീകരിച്ചതാണെന്ന് സമർഥിക്കാൻ ആവശ്യമായ ഔദ്യോഗിക രേഖകളോ കരാറുകളോ ആദായനികുതി വിവരങ്ങളോ ഹാജരാക്കാൻ സ്പോൺസർക്ക് കഴിഞ്ഞിട്ടില്ല. ഇത്രയും വലിയൊരു തുക ഏത് ഈടിന്റെ അടിസ്ഥാനത്തിലാണ് സ്വകാര്യ ധനകാര്യ സ്ഥാപനങ്ങൾ നൽകിയതെന്നതിലും വ്യക്തതയില്ല.
ലഭിച്ച തുക ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ വിവിധ വ്യാജ അക്കൗണ്ടുകളിലേക്കും തുടർന്ന് വിദേശ ഏജൻസികളുടെ മറവിലും വഴിതിരിച്ചുവിട്ടതായാണ് പ്രാഥമിക അന്വേഷണത്തിൽ തെളിയുന്നത്. മെസിയെയും ടീമിനെയും കേരളത്തിൽ കളിപ്പിക്കാൻ അർജന്റീന ഫുട്ബോൾ അസോസിയേഷനുമായി (AFA) ഒപ്പിട്ട കരാറിന്റെ മറവിൽ അന്താരാഷ്ട്ര ഹവാല, കള്ളപ്പണം വെളുപ്പിക്കൽ ഇടപാടുകൾ നടന്നിട്ടുണ്ടോയെന്നാണ് ഏജൻസികൾ പ്രധാനമായും പരിശോധിക്കുന്നത്.
സംഭവത്തിൽ വിദേശനാണ്യ വിനിമയ ചട്ടങ്ങളുടെ ലംഘനം (FEMA) നടന്നിട്ടുണ്ടോ എന്നറിയാൻ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) ഉൾപ്പെടെയുള്ള കേന്ദ്ര ഏജൻസികളും പ്രാഥമിക വിവരങ്ങൾ ശേഖരിച്ചു തുടങ്ങി. ഫുട്ബോൾ പ്രേമികളുടെയും സംസ്ഥാന കായിക വകുപ്പിന്റെയും വികാരങ്ങളെ മുൻനിർത്തി ആസൂത്രണം ചെയ്ത വലിയൊരു സാമ്പത്തിക തട്ടിപ്പിന്റെ ചുരുളുകളാണ് വരും ദിവസങ്ങളിൽ അഴിയാൻ പോകുന്നത്. വരും ദിവസങ്ങളിൽ സ്പോൺസറെയും ധനകാര്യ സ്ഥാപനങ്ങളുടെ പ്രതിനിധികളെയും കൂടുതൽ ചോദ്യം ചെയ്യലിനായി വിളിപ്പിക്കും.
---------------
Hindusthan Samachar / Roshith K