Enter your Email Address to subscribe to our newsletters

Thiruvananthapuram , 24 ഓഗസ്റ്റ് (H.S.)
തിരുവനന്തപുരം: തലസ്ഥാനത്തെ മ്യൂസിയം പോലീസ് സ്റ്റേഷനിൽ ഓണാഘോഷത്തിനിടെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലെ പ്രതികൾ റീൽസ് ചിത്രീകരിച്ച സംഭവത്തിൽ പോലീസുകാർക്കെതിരെ അച്ചടക്ക നടപടി. സംഭവത്തിൽ പ്രാഥമിക അന്വേഷണത്തിന്റെ അടിസ്ഥാനത്തിൽ സ്റ്റേഷനിലെ ആറ് ഉദ്യോഗസ്ഥരെ എആർ ക്യാമ്പിലേക്ക് സ്ഥലംമാറ്റി. ഗുരുതരമായ സുരക്ഷാ വീഴ്ചയും വകുപ്പുതല അച്ചടക്കലംഘനവും ചൂണ്ടിക്കാട്ടി സിറ്റി പോലീസ് കമ്മീഷണർ ഉന്നത പോലീസ് അധികാരികൾക്ക് സമർപ്പിച്ച റിപ്പോർട്ടിന് പിന്നാലെയാണ് അടിയന്തര നടപടി.
സ്റ്റേഷൻ ഹൗസ് ഓഫീസർക്ക് (എസ്എച്ച്ഒ) എതിരെയുള്ള തുടർനടപടികൾ വിശദമായ അന്വേഷണ റിപ്പോർട്ടിന് ശേഷം സ്വീകരിക്കും. ഇത് സംബന്ധിച്ച അന്തിമ തീരുമാനം റേഞ്ച് ഐജി കൈക്കൊള്ളുമെന്നാണ് വിവരം. സ്റ്റേഷൻ ചുമതലയുള്ള ഉദ്യോഗസ്ഥരുടെ അറിവോടും അനുമതിയോടും കൂടിയാണോ കാര്യങ്ങൾ നടന്നത് എന്നതിൽ വകുപ്പുതല അന്വേഷണം ശക്തമാക്കിയിട്ടുണ്ട്.
പോലീസിന്റെ ഒത്താശയോടെയെന്ന് കമ്മീഷണറുടെ റിപ്പോർട്ട്
പോലീസ് സേനയ്ക്ക് കടുത്ത നാണക്കേടുണ്ടാക്കിയ സംഭവത്തിൽ ഉദ്യോഗസ്ഥർക്ക് ഗുരുതര വീഴ്ച സംഭവിച്ചതായി സിറ്റി പോലീസ് കമ്മീഷണറുടെ അന്വേഷണ റിപ്പോർട്ട് വ്യക്തമാക്കുന്നു. ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലെ പ്രതിയായ ഐ.പി. ബിനു അടക്കമുള്ളവർ സ്റ്റേഷനിലെത്തി ഓണാഘോഷത്തിൽ പങ്കെടുത്തതും റീൽസ് ചിത്രീകരിച്ചതും പോലീസിന്റെ പൂർണ്ണ അനുമതിയോടെയാണെന്നാണ് കണ്ടെത്തൽ.
കേസിലെ പ്രതികൾ ഒരേ നിറത്തിലുള്ള വസ്ത്രങ്ങൾ ധരിച്ചാണ് സ്റ്റേഷനിലെ പരിപാടികളിൽ പങ്കെടുക്കാനെത്തിയത് എന്നത് ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമാണോ എന്ന് സംശയമുണർത്തുന്നുണ്ട്.
ഇതിന് പിന്നിൽ എന്തെങ്കിലും തരത്തിലുള്ള ഗൂഢാലോചന നടന്നിട്ടുണ്ടോ എന്ന കാര്യവും പ്രത്യേകമായി അന്വേഷിക്കും. പോലീസ് സ്റ്റേഷൻ പോലുള്ള അതീവ സുരക്ഷ ആവശ്യമുള്ള ഇടങ്ങളിൽ ക്രിമിനൽ കേസിലെ പ്രതികൾക്ക് ഇത്തരം സൗകര്യങ്ങൾ ഒരുക്കിക്കൊടുത്തത് സേനയുടെ സൽപ്പേരിന് വലിയ കളങ്കമുണ്ടാക്കിയെന്നാണ് വിലയിരുത്തൽ.
ഉന്നതതല അന്വേഷണം പുരോഗമിക്കുന്നു
പൊതുജനങ്ങൾക്കിടയിൽ പോലീസിന്റെ വിശ്വാസ്യത തകർക്കുന്ന തരത്തിലാണ് കാര്യങ്ങൾ നടന്നതെന്ന് വിലയിരുത്തിയാണ് അടിയന്തരമായി ആറ് പേരെ എആർ ക്യാമ്പിലേക്ക് മാറ്റിയത്. അന്വേഷണത്തിന്റെ ഭാഗമായി സ്റ്റേഷനിലെ സിസിടിവി ദൃശ്യങ്ങളും ഉദ്യോഗസ്ഥരുടെ ഫോൺ രേഖകളും പരിശോധിക്കും. സംഭവത്തിൽ ഉൾപ്പെട്ട മുഴുവൻ ഉദ്യോഗസ്ഥർക്കെതിരെയും കർശന വകുപ്പുതല അച്ചടക്ക നടപടികൾ ഉണ്ടായേക്കുമെന്നാണ് സൂചന. ഒരു കേസിലെ പ്രതികൾക്ക് സ്റ്റേഷനുള്ളിൽ വിഐപി പരിഗണന നൽകിയതിനെതിരെ വിവിധ കോണുകളിൽ നിന്നും ശക്തമായ വിമർശനവും ഉയരുന്നുണ്ട്.
---------------
Hindusthan Samachar / Roshith K