തസ്തിക നിലനിർത്താൻ കുട്ടികളുടെ എണ്ണം പെരുപ്പിച്ചു കാട്ടി; കണ്ണൂരിലെ സ്കൂളുകൾക്കെതിരെ വിജിലൻസ് കേസിന് അനുമതി തേടി
Kannur, 24 ഓഗസ്റ്റ് (H.S.) കണ്ണൂർ: അധ്യാപകരുടേതുൾപ്പെടെയുള്ള തസ്തികകൾ നിലനിർത്തുന്നതിനായി സ്കൂളുകളിൽ വിദ്യാർഥികളുടെ എണ്ണം പെരുപ്പിച്ചു കാണിച്ച് വൻ ക്രമക്കേട് നടത്തിയതായി വിജിലൻസ് കണ്ടെത്തൽ. കണ്ണൂർ ജില്ലയിലെ ഇരുപതോളം എയ്ഡഡ് സ്കൂളുകളിലാണ് ഗുരുതരമായ
തസ്തിക നിലനിർത്താൻ കുട്ടികളുടെ എണ്ണം പെരുപ്പിച്ചു കാട്ടി; കണ്ണൂരിലെ സ്കൂളുകൾക്കെതിരെ വിജിലൻസ് കേസിന് അനുമതി തേടി


Kannur, 24 ഓഗസ്റ്റ് (H.S.)

കണ്ണൂർ: അധ്യാപകരുടേതുൾപ്പെടെയുള്ള തസ്തികകൾ നിലനിർത്തുന്നതിനായി സ്കൂളുകളിൽ വിദ്യാർഥികളുടെ എണ്ണം പെരുപ്പിച്ചു കാണിച്ച് വൻ ക്രമക്കേട് നടത്തിയതായി വിജിലൻസ് കണ്ടെത്തൽ. കണ്ണൂർ ജില്ലയിലെ ഇരുപതോളം എയ്ഡഡ് സ്കൂളുകളിലാണ് ഗുരുതരമായ തട്ടിപ്പ് നടന്നത്. സംഭവത്തിൽ ഉൾപ്പെട്ട സ്കൂളുകൾക്കെതിരെ അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കാൻ അനുമതി തേടി വിജിലൻസ് സർക്കാരിന് സമഗ്രമായ റിപ്പോർട്ട് സമർപ്പിച്ചു.

വിദ്യാർഥി ക്ഷാമം മൂലം അധ്യാപക തസ്തികകൾ നഷ്ടപ്പെടാതിരിക്കാൻ കൃത്രിമ രേഖകൾ ചമച്ചാണ് തട്ടിപ്പ് അരങ്ങേറിയത്. സ്കൂളുകളിലെ ഹാജർ പട്ടിക, അഡ്മിഷൻ രജിസ്റ്റർ, ഉച്ചഭക്ഷണ രജിസ്റ്റർ എന്നിവയിലാണ് വ്യാപകമായ തിരിമറി നടത്തിയത്. സ്കൂളിൽ ഒരിക്കൽപോലും കാലുകുത്താത്ത വിദ്യാർഥികളുടെ പേരുവിവരങ്ങൾ ചേർത്ത് വ്യാജ അഡ്മിഷൻ ഉണ്ടാക്കുകയും അവർക്ക് ദിവസേന ഹാജർ രേഖപ്പെടുത്തുകയും ചെയ്തതായി അന്വേഷണ സംഘം കണ്ടെത്തി.

യഥാർഥത്തിൽ മറ്റ് ജില്ലകളിലും മറ്റ് സ്കൂളുകളിലും പഠിക്കുന്ന കുട്ടികളുടെ പേരുകൾ കടമെടുത്താണ് പലയിടത്തും ഈ തട്ടിപ്പ് നടത്തിയത്. കാസർകോട് ജില്ലയിലെ സ്കൂളുകളിലും കേന്ദ്രീയ വിദ്യാലയങ്ങളിലും പഠിക്കുന്ന കുട്ടികൾ കണ്ണൂരിലെ സ്കൂളുകളിൽ പഠിക്കുന്നതായാണ് വ്യാജമായി രേഖപ്പെടുത്തിയത്. തലശ്ശേരി ഭാഗത്തെ ഒരു സ്കൂളിൽ ഒരൊറ്റ ക്ലാസിൽ മാത്രം 19 കുട്ടികളെ അധികമായി കാണിച്ചതായും അഞ്ചരക്കണ്ടിയിലെ സ്കൂളിൽ തൊട്ടടുത്ത വിദ്യാലയത്തിലെ കുട്ടികളുടെ വിവരങ്ങൾ ഉപയോഗിച്ചതായും വ്യക്തമായിട്ടുണ്ട്.

വിദ്യാർഥികളുടെ എണ്ണം പെരുപ്പിച്ചു കാണിച്ചതിലൂടെ സർക്കാരിന് വൻ സാമ്പത്തിക നഷ്ടമാണ് ഉണ്ടായിട്ടുള്ളത്. അധ്യാപകരുടെ ശമ്പളത്തിന് പുറമെ സൗജന്യ യൂണിഫോം, പാഠപുസ്തകങ്ങൾ, ഉച്ചഭക്ഷണ പദ്ധതി എന്നിവയ്ക്കായി അനുവദിക്കുന്ന വലിയൊരു തുക ഇത്തരത്തിൽ അനധികൃതമായി വിനിയോഗിച്ചതായും പ്രാഥമിക പരിശോധനയിൽ വ്യക്തമായി.

കണ്ണൂർ വിജിലൻസ് യൂണിറ്റിന്റെ നേതൃത്വത്തിൽ മാസങ്ങളോളം നടത്തിയ രഹസ്യ അന്വേഷണത്തിനൊടുവിലാണ് ഈ വലിയ ക്രമക്കേട് പുറത്തുകൊണ്ടുവന്നത്. സർക്കാർ അനുമതി ലഭിക്കുന്നതോടെ ആദ്യഘട്ടത്തിൽ സ്കൂളുകളിലെ പ്രധാനാധ്യാപകർ, ക്ലാസ് ടീച്ചർമാർ എന്നിവരെ പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്തി എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യും. സ്കൂളുകളിൽ വർഷം തോറും പരിശോധന നടത്തി തസ്തിക നിർണയം നടത്തേണ്ട വിദ്യാഭ്യാസ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥർക്ക് ഈ തിരിമറിയിൽ പങ്കുണ്ടോ എന്ന കാര്യവും വരും ദിവസങ്ങളിൽ വിശദമായി പരിശോധിക്കും. വിദ്യാലയങ്ങളുടെ മറവിൽ നടന്ന ഈ തട്ടിപ്പ് സംസ്ഥാനത്തെ വിദ്യാഭ്യാസ മേഖലയിൽ വലിയ ചർച്ചകൾക്കാണ് വഴിതുറന്നിരിക്കുന്നത്.

---------------

Hindusthan Samachar / Roshith K


Latest News