പാലക്കാട് ഡിവിഷൻ വിഭജനം: തീരുമാനത്തിൽ നിന്ന് പിന്നോട്ടില്ലെന്ന് കേന്ദ്രം; കേരളത്തിന്റെ എതിർപ്പിനെ നേരിടാൻ സേലം ആയുധമാക്കും
Newdelhi , 24 ഓഗസ്റ്റ് (H.S.) ന്യൂഡൽഹി: റെയിൽവേയുടെ ദക്ഷിണ മേഖലയിലെ നിർണായകമായ പാലക്കാട് ഡിവിഷൻ വിഭജിച്ച് മംഗളൂരുവിനെ സൗത്ത് വെസ്റ്റേൺ റെയിൽവേയുടെ മൈസൂരു ഡിവിഷനിലേക്ക് മാറ്റിയ നടപടിയിൽ നിന്ന് പിന്നോട്ടില്ലെന്ന കർശന നിലപാടിൽ കേന്ദ്ര സർക്കാർ. ഇതുമായ
പാലക്കാട് ഡിവിഷൻ വിഭജനം: തീരുമാനത്തിൽ നിന്ന് പിന്നോട്ടില്ലെന്ന് കേന്ദ്രം; കേരളത്തിന്റെ എതിർപ്പിനെ നേരിടാൻ സേലം ആയുധമാക്കും


Newdelhi , 24 ഓഗസ്റ്റ് (H.S.)

ന്യൂഡൽഹി: റെയിൽവേയുടെ ദക്ഷിണ മേഖലയിലെ നിർണായകമായ പാലക്കാട് ഡിവിഷൻ വിഭജിച്ച് മംഗളൂരുവിനെ സൗത്ത് വെസ്റ്റേൺ റെയിൽവേയുടെ മൈസൂരു ഡിവിഷനിലേക്ക് മാറ്റിയ നടപടിയിൽ നിന്ന് പിന്നോട്ടില്ലെന്ന കർശന നിലപാടിൽ കേന്ദ്ര സർക്കാർ. ഇതുമായി ബന്ധപ്പെട്ട ഔദ്യോഗിക ഗസറ്റ് വിജ്ഞാപനം അടക്കമുള്ള നിയമപരമായ നടപടിക്രമങ്ങൾ പൂർത്തിയായ സാഹചര്യത്തിൽ ഉത്തരവ് പിൻവലിക്കുന്ന പ്രശ്നമേ ഉദിക്കുന്നില്ലെന്നാണ് റെയിൽവേ മന്ത്രാലയത്തിന്റെ നിലപാട്. കേരളത്തിൽ നിന്ന് ശക്തമായ രാഷ്ട്രീയ, ജനകീയ പ്രതിഷേധങ്ങൾ ഉയരുന്നുണ്ടെങ്കിലും അവയെ രാഷ്ട്രീയമായിത്തന്നെ പ്രതിരോധിക്കാനാണ് കേന്ദ്ര സർക്കാരിന്റെയും ഭരണപക്ഷത്തിന്റെയും നീക്കം.

പാലക്കാട് ഡിവിഷന്റെ നിലനിൽപ്പിനെയും വരുമാനത്തെയും ബാധിക്കുന്നതാണ് പുതിയ വിഭജനമെന്ന് ചൂണ്ടിക്കാട്ടി കേരളത്തിലെ ഭരണ-പ്രതിപക്ഷ പാർട്ടികൾ ഇതിനകം തന്നെ രംഗത്തെത്തിയിട്ടുണ്ട്. എന്നാൽ, ഈ എതിർപ്പുകളെ പ്രതിരോധിക്കാൻ യുപിഎ സർക്കാരിന്റെ കാലത്തുണ്ടായ സേലം ഡിവിഷൻ രൂപീകരണം രാഷ്ട്രീയ ആയുധമാക്കാനാണ് കേന്ദ്ര നീക്കം. 2007-ൽ കോൺഗ്രസ് നേതൃത്വത്തിലുള്ള യുപിഎ ഭരണകാലത്ത് തമിഴ്നാടിന്റെ താല്പര്യപ്രകാരം സേലം ഡിവിഷൻ രൂപീകരിച്ചപ്പോൾ പാലക്കാട് ഡിവിഷന്റെ മൂന്നിലൊന്ന് ഭാഗവും വലിയൊരു വരുമാന സ്രോതസ്സും നഷ്ടപ്പെട്ടിരുന്നു. അന്ന് കേന്ദ്ര ഭരണം നിയന്ത്രിച്ചിരുന്ന കോൺഗ്രസിനും യുഡിഎഫിനും കേരളത്തിന്റെ താല്പര്യങ്ങൾ സംരക്ഷിക്കാൻ സാധിച്ചില്ലെന്ന ചരിത്രം ഉയർത്തിക്കാട്ടി കേരളത്തിലെ ഇപ്പോഴത്തെ പ്രതിഷേധങ്ങളുടെ മുനയൊടിക്കാനാണ് കേന്ദ്രം ലക്ഷ്യമിടുന്നത്.

കർണാടകയുടെ ദീർഘകാല ആവശ്യമാണ് പുതിയ തീരുമാനത്തിലൂടെ യാഥാർത്ഥ്യമായിരിക്കുന്നത്. അതുകൊണ്ടുതന്നെ, കന്നഡ വികാരം കണക്കിലെടുത്ത് ദേശീയ തലത്തിൽ കോൺഗ്രസോ മറ്റ് പ്രതിപക്ഷ പാർട്ടികളോ ഈ വിഷയത്തിൽ ശക്തമായ എതിർപ്പുമായി മുന്നോട്ടുവരില്ലെന്നാണ് കേന്ദ്ര സർക്കാരിന്റെ മറ്റൊരു സുപ്രധാന വിലയിരുത്തൽ. കർണാടകയിലെ ജനകീയ താല്പര്യങ്ങളെ പരസ്യമായി തള്ളിപ്പറയാൻ കോൺഗ്രസിന്റെ ദേശീയ നേതൃത്വത്തിനോ സംസ്ഥാന ഘടകത്തിനോ കഴിയില്ലെന്ന രാഷ്ട്രീയ സാഹചര്യം കേന്ദ്രത്തിന് കൂടുതൽ ആത്മവിശ്വാസം നൽകുന്നുണ്ട്.

മംഗളൂരു മേഖലയിലെ പനമ്പൂർ അടക്കമുള്ള പ്രധാന ചരക്കുനീക്ക കേന്ദ്രങ്ങളും റെയിൽവേ സ്റ്റേഷനുകളും മൈസൂരു ഡിവിഷന്റെ ഭാഗമാകുന്നതോടെ പാലക്കാട് ഡിവിഷന്റെ പ്രധാന വരുമാന സ്രോതസ്സുകളിൽ ഗണ്യമായ ഇടിവുണ്ടാകുമെന്നാണ് കേരളത്തിന്റെ പ്രധാന ആശങ്ക. എന്നാൽ, റെയിൽവേ ഭരണനിർവഹണ സൗകര്യവും മേഖലയിലെ വികസന സാധ്യതകളും മുൻനിർത്തി മാത്രമാണ് അതിർത്തി പുനർനിർണയം നടത്തിയതെന്നാണ് കേന്ദ്ര സർക്കാരിന്റെ ഔദ്യോഗിക വിശദീകരണം. ഉത്തരവ് ഉടൻ പ്രാബല്യത്തിൽ വരുമെന്നിരിക്കെ, കേരളത്തിൽ നിന്നുള്ള എംപിമാരുടെയും സംഘടനകളുടെയും തുടർസമരങ്ങൾ വിഷയത്തിൽ എത്രത്തോളം നിർണായകമാകുമെന്നതാണ് വരുംദിവസങ്ങളിൽ ഉറ്റുനോക്കപ്പെടുന്നത്.

---------------

Hindusthan Samachar / Roshith K


Latest News