Enter your Email Address to subscribe to our newsletters

Kerala, 24 ഓഗസ്റ്റ് (H.S.)
കണ്ണൂർ: യഥാർഥ ഇടതുപക്ഷത്തിന്റെ വേഷം ധരിച്ച് വലതുപക്ഷ രാഷ്ട്രീയത്തെ സഹായിക്കുകയും ഇടതുപക്ഷത്തെ അക്രമിക്കുകയും ചെയ്യുന്നവരെ തിരിച്ചറിയണമെന്നും ഇത്തരക്കാർക്കെതിരെ അതീവ ജാഗ്രത പുലർത്തണമെന്നും പിണറായി വിജയൻ. പുരോഗമന ആശയങ്ങളുടെയും ഇടതുപക്ഷ നിലപാടുകളുടെയും മൂടുപടമിട്ട് സമൂഹത്തിൽ ആശയക്കുഴപ്പമുണ്ടാക്കാൻ ശ്രമിക്കുന്നവരുടെ അപകടകരമായ ഇരട്ടത്താപ്പ് ജനം തിരിച്ചറിയണമെന്നും അദ്ദേഹം വ്യക്തമാക്കി. കണ്ണൂരിൽ സംഘടിപ്പിച്ച രാഷ്ട്രീയ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇടതുപക്ഷത്തെ വിമർശിക്കാനും ആക്രമിക്കാനും വേണ്ടി മാത്രം സ്വയം ഇടതുപക്ഷക്കാരായി ചമയുന്ന ചിലർ രാഷ്ട്രീയ മണ്ഡലത്തിൽ സജീവമായിട്ടുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഇവരുടെ യഥാർത്ഥ ലക്ഷ്യം ഇടതുപക്ഷ രാഷ്ട്രീയത്തെ ദുർബലപ്പെടുത്തുകയും വലതുപക്ഷ പ്രതിലോമ ആശയങ്ങൾക്ക് കളമൊരുക്കുകയുമാണ്. ഭരണരംഗത്തും രാഷ്ട്രീയത്തിലും ഇടതുപക്ഷം കൈവരിക്കുന്ന മുന്നേറ്റങ്ങളെ അട്ടിമറിക്കാൻ ഇത്തരം വേഷധാരികൾ ബോധപൂർവമായ ശ്രമങ്ങൾ നടത്തുന്നുണ്ടെന്നും ഇത്തരം രാഷ്ട്രീയ കാപട്യങ്ങളെ തുറന്നുകാട്ടേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.
തുടർഭരണവുമായി ബന്ധപ്പെട്ട് ഉയർന്നുവന്ന ചില രാഷ്ട്രീയ ചർച്ചകളെയും അദ്ദേഹം പ്രസംഗത്തിൽ നിശിതമായി വിമർശിച്ചു. ജനാധിപത്യ പ്രക്രിയയിൽ ജനങ്ങൾ നൽകുന്ന പിന്തുണയുടെ അടിസ്ഥാനത്തിലാണ് സർക്കാരുകൾ അധികാരത്തിൽ തുടരുന്നത്. എന്നാൽ, ഇടതുപക്ഷത്തിന് തുടർഭരണം ലഭിക്കുന്നത് മാത്രമാണ് ജനാധിപത്യത്തിന് അപകടം എന്ന് ചില പ്രത്യേക കേന്ദ്രങ്ങൾ നിരന്തരം പ്രചരിപ്പിക്കുന്നു. ഇത്തരം തെറ്റായ പ്രചാരണങ്ങളെ അന്ധമായി വിശ്വസിക്കുന്നവരോട് 'ഹാ കഷ്ടം' എന്ന് മാത്രമേ സഹതാപത്തോടെ പറയാൻ കഴിയുകയുള്ളൂവെന്നും അദ്ദേഹം പരിഹസിച്ചു.
ജനക്ഷേമ പ്രവർത്തനങ്ങളിലൂടെയും ജനപക്ഷ വികസന നയങ്ങളിലൂടെയും നാടിന്റെ പുരോഗതി ഉറപ്പാക്കുന്ന ജനകീയ ബദലുകളെയാണ് വലതുപക്ഷ ശക്തികൾ എക്കാലത്തും ഭയപ്പെടുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. ഇടതുപക്ഷത്തിന്റെ രാഷ്ട്രീയ അടിത്തറയെ തകർക്കാൻ ലക്ഷ്യമിട്ട് വലതുപക്ഷവും അവരുടെ ഒത്താശക്കാരായ ചില നിക്ഷിപ്ത താല്പര്യക്കാരും നടത്തുന്ന വ്യാജപ്രചാരണങ്ങൾ ജനാധിപത്യ കേരളം തള്ളിക്കളയും. നാടിന്റെ വികസന മുന്നേറ്റങ്ങളെ തടസ്സപ്പെടുത്താൻ ശ്രമിക്കുന്ന ഇത്തരം ശക്തികളെ രാഷ്ട്രീയമായും ആശയപരമായും നേരിടാൻ എല്ലാ ജനാധിപത്യ-മതേതര വിശ്വാസികളും ഒറ്റക്കെട്ടായി മുന്നോട്ടുവരണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.
---------------
Hindusthan Samachar / Roshith K