Enter your Email Address to subscribe to our newsletters

Kozhikode, 24 ഓഗസ്റ്റ് (H.S.)
കോഴിക്കോട്: പാലത്തായി പീഡനക്കേസിൽ ബിജെപി നേതാവും അധ്യാപകനുമായ പത്മരാജന്റെ ശിക്ഷ ഹൈക്കോടതി മരവിപ്പിച്ച നടപടിയിൽ സംസ്ഥാന സർക്കാരിനും പ്രോസിക്യൂഷനുമെതിരെ അതിരൂക്ഷമായ ആരോപണങ്ങളുമായി സമസ്ത രംഗത്ത്. കേസിൽ പ്രതിക്ക് ജാമ്യം ലഭിക്കാനും ശിക്ഷ മരവിപ്പിക്കാനും ഇടയായത് പ്രോസിക്യൂഷന്റെ ഗുരുതരമായ അലംഭാവവും സർക്കാരിന്റെ ഒത്തുകളിയുമാണെന്ന് സമസ്തയുടെ മുഖപത്രമായ 'സുപ്രഭാതം' മുഖപ്രസംഗത്തിലൂടെ ആഞ്ഞടിച്ചു. ഹൈക്കോടതിയിൽ നിന്നേറ്റ ഈ കനത്ത തിരിച്ചടി സർക്കാരും പ്രോസിക്യൂഷനും ചോദിച്ചുവാങ്ങിയ പരാജയമാണെന്നാണ് മുഖപ്രസംഗത്തിലെ പ്രധാന വിമർശനം.
കേസിന്റെ തുടക്കം മുതൽ നിയമപരമായ തെളിവുകളുടെയും വസ്തുതകളുടെയും അടിസ്ഥാനത്തിൽ കേസ് മുന്നോട്ട് കൊണ്ടുപോകുന്നതിനുപകരം രാഷ്ട്രീയ താല്പര്യങ്ങൾക്കനുസരിച്ച് കാര്യങ്ങൾ വളച്ചൊടിക്കുകയായിരുന്നുവെന്നാണ് ലേഖനത്തിൽ സമസ്ത ചൂണ്ടിക്കാണിക്കുന്നത്. പോക്സോ വകുപ്പുകൾ ഒഴിവാക്കാനും അന്വേഷണത്തിൽ വെള്ളം ചേർക്കാനും ഭരണകൂടം ശ്രമിച്ചുവെന്നും പ്രോസിക്യൂഷൻ കോടതിയിൽ കൃത്യമായ വാദങ്ങൾ നിരത്തുന്നതിൽ മനഃപൂർവം പരാജയപ്പെട്ടുവെന്നും മുഖപ്രസംഗം ആരോപിക്കുന്നു.
കേസിൽ അതിജീവിതയ്ക്ക് നീതി ഉറപ്പാക്കുന്നതിൽ കേരളത്തിലെ ഇരുമുന്നണികളും ഒരുപോലെ പ്രതിക്കൂട്ടിലാണെന്നാണ് സമസ്തയുടെ നിലപാട്. എൽ.ഡി.എഫും യു.ഡി.എഫും ബിജെപി നേതാവിന് അനുകൂലമായ നിലപാടാണ് പല ഘട്ടങ്ങളിലും സ്വീകരിച്ചതെന്നും, രാഷ്ട്രീയ ധാരണകളുടെ ഭാഗമായി കേസിനെ ദുർബലപ്പെടുത്താൻ ഭരണ-പ്രതിപക്ഷങ്ങൾ തുനിഞ്ഞുവെന്നും എഡിറ്റോറിയൽ കുറ്റപ്പെടുത്തുന്നു. ഒരു പെൺകുട്ടിയുടെ ജീവിതം മുൻനിർത്തിയുള്ള നിയമപോരാട്ടത്തെ രാഷ്ട്രീയ വിലപേശലുകൾക്കായി ഇരുമുന്നണികളും ഉപയോഗിച്ചുവെന്ന ആരോപണമാണ് ഇതോടെ ഉയർന്നിരിക്കുന്നത്.
സംസ്ഥാനത്തെ ക്രമസമാധാന പാലനത്തിനും നീതിനിർവഹണത്തിനും നേതൃത്വം നൽകേണ്ട സംസ്ഥാന പോലീസ് മേധാവി (ഡി.ജി.പി) വിഷയത്തിൽ യാതൊരുവിധ ഫലപ്രദമായ ഇടപെടലും നടത്തിയില്ലെന്നത് അതീവ ഗൗരവകരമാണെന്നും മുഖപ്രസംഗം ചൂണ്ടിക്കാട്ടുന്നു. ഒരു രാഷ്ട്രീയ പ്രസ്ഥാനത്തിന്റെ പ്രവർത്തകനെതിരെ ശക്തമായ തെളിവുകൾ ഹാജരാക്കി മുന്നോട്ട് പോകേണ്ട പ്രോസിക്യൂഷൻ സംവിധാനം തന്നെ കോടതിയിൽ അടിപതറിയത് സർക്കാരിന്റെ ആഭ്യന്തര വകുപ്പിന്റെ പൂർണ പരാജയത്തെയാണ് തുറന്നുകാട്ടുന്നത്.
അതിജീവിതയോട് കാട്ടിയ കൊടും അനീതിയാണിതെന്നും, കേസിലെ നിയമപരമായ പോരായ്മകൾ പരിഹരിക്കാൻ സർക്കാർ അടിയന്തരമായി ഇടപെട്ടില്ലെങ്കിൽ ശക്തമായ ജനകീയ പ്രതിഷേധങ്ങൾക്ക് നേതൃത്വം നൽകുമെന്നും സമസ്ത നേതൃത്വം വ്യക്തമാക്കുന്നു. രാഷ്ട്രീയ നേട്ടങ്ങൾക്കായി നീതിന്യായ വ്യവസ്ഥയെയും അന്വേഷണ സംവിധാനങ്ങളെയും ദുരുപയോഗം ചെയ്യുന്ന ഭരണകൂട നടപടിക്കെതിരെ വലിയ രാഷ്ട്രീയ ചർച്ചകൾക്കാണ് മുഖപ്രസംഗം തുടക്കമിട്ടിരിക്കുന്നത്.
---------------
Hindusthan Samachar / Roshith K